Sun. Nov 17th, 2024
കോട്ടയം:

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി എൻഎസ്എസ്. ശബരിമല പ്രശ്നം ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ അവസാനിക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മന്ത്രി പറഞ്ഞതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ യുവതിപ്രവേശനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയാണ് വേണ്ടതെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസിന്റെ വാർത്താ കുറിപ്പ്:

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയിൽ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട് 2007ലെ ഇടതുപക്ഷ ഗവൺമെന്റ് യുവതിപ്രവേശനത്തിന് അനുകൂലമായിട്ടാണ് 2007 നവംബര്ഡ‍ 13ന് കോടതി മുൻപാകെ സത്യവാങ്മൂലം നൽകിയത്. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റ്, വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും 2007ൽ അന്നത്തെ ഇടതു സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം Kerala Hindu Places of Public Worship (Authorisation of entry) Rule 1965 Rule 3(b)ക്ക് എതിരാണെന്നും, സംസ്ഥാന സർക്കാർ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി സുപ്രീംകോടതിയിൽ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും ആയതിനാൽ 2007ലെ സത്യവാങ്മൂലം പിൻവലിക്കാൻ അനുവദിക്കണമെന്നും കാണിച്ച് സുപ്രീംകോടതിയിൽ 2016 ഫെബ്രുവരി 4ന് പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയാണുണ്ടായത്.

തുടർന്ന് വീണ്ടും ഇടതുപക്ഷ സർക്കാർ അധികാകരത്തിൽ വന്നപ്പോൾ 2007ലെ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാണിച്ച് വീണ്ടും ഒരു സത്യവാങ്മൂലം സമർപ്പിച്ചു. അതിനെ തുടർന്നാണ് 2018 സെപ്റ്റംബർ 28ന് എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടായത്.

By Divya