Thu. Jan 23rd, 2025
കൊൽക്കത്ത:

നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തൃണമൂൽ കോൺഗ്രസ് നല്‍കിയ പരാതിയ്ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആക്രമണം മമതയെ അപായപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകിയത്. തൃണമൂൽ നൽകിയ പരാതിയിൽ കൂടുതലും ദുസുചനകളെന്ന് കമ്മീഷൻ.

നിയമം ലംഘിച്ചല്ല ഡിജിപിയെ മാറ്റിയത്. മമതക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം അനിവാര്യമെന്നും കമ്മീഷൻ വ്യക്തമാക്കി. ഈ സംഭവവും ഡിജിപിയെ മാറ്റിയതും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ 1987- ബാച്ചിലെ ഐപിഎസ് ഓഫീസറായ പി നീരജ് നയന് പകരം ചുമതല നൽകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കൈമാറിയ ഉത്തരവിൽ നിർദേശിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചുമതലയും വീരേന്ദ്രയ്ക്ക് നൽകരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയത്. മമതയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മാറ്റിയ ഡിജിപി വീരേന്ദ്ര.

കഴിഞ്ഞ ഡിസംബറിൽ ബിജെപി കേന്ദ്ര അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായപ്പോൾ പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഗവർണർ ജഗ്‍ദീപ് ധൻകർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ വിളിച്ചുവരുത്തൽ. എന്നാൽ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയും ഡിജിപി വീരേന്ദ്രയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുമ്പാകെ ഹാജരായില്ല.

ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് മമതാ ബാനർജി ഉറച്ച നിലപാടെടുത്തിരുന്നു.

By Divya