Wed. Jan 22nd, 2025
മലപ്പുറം:

പൊന്നാനിയില്‍ സിപിഐഎം ഉജ്ജ്വല വിജയം നേടുമെന്ന് സിപിഐഎം സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍. പ്രതിഷേധങ്ങളുണ്ടാവുക സ്വാഭാവികമാണ്. പലപ്പോഴും അത് ഉണ്ടാകാറുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടി സംഘടനാപരമായി ശക്തമാണെന്നും പി നന്ദകുമാര്‍ പറഞ്ഞു.

ഇടതുമുന്നണിക്ക് അടിത്തറയുള്ള പ്രദേശമാണ് പൊന്നാനി. വികസ പ്രവര്‍ത്തനങ്ങളുടെ തുടര്‍കണ്ണിയായി പ്രവര്‍ത്തിക്കും. ഇടതുമുന്നണിക്ക് ഉജ്ജ്വലമായ വിജയം ലഭിക്കും. കഴിഞ്ഞ 50 വര്‍ഷക്കാലമായി പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം സന്തോഷത്തോടെ സ്വീകരിക്കും.

ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഇന്നുമുതല്‍ വോട്ട് അഭ്യര്‍ത്ഥിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രാദേശിക എതിര്‍പ്പുകളെ മറികടന്നാണ് പി നന്ദകുമാറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയായി സിപിഐഎം പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളും നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തിരുന്നു.

By Divya