Sat. Apr 20th, 2024
തിരുവനന്തപുരം:

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാര്‍ട്ടി വിട്ടതില്‍ വല്ലാത്ത ദുഃഖം തോന്നുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. താനുമായി ഇതേക്കുറിച്ച് പി സി ചാക്കോ ആശയവിനിമയം നടത്തിയിരുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. ഗ്രൂപ്പിസത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പി സി ചാക്കോയുടെ രാജി പ്രഖ്യാപനത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടില്ല. ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജിവച്ചത്.

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം ഒരു പട്ടിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ അദ്ദേഹം ചില പ്രതിനിധികളെ നിര്‍ദേശിച്ചിരുന്നു. ഒപ്പം, തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനുണ്ടായിരുന്നു. അഞ്ച് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചില്ല എന്നാണ് ആരോപണം.

By Divya