തിരുവനന്തപുരം:
നേമവും വട്ടിയൂര്‍ക്കാവും അടക്കമുള്ള ബിജെപിക്ക് വലിയ സാന്നിധ്യമുള്ള മണ്ഡലങ്ങളിൽ ശക്തനായ സ്ഥാനാര്‍ത്ഥികളെ ഇറക്കാനുള്ള ഹെെക്കമാന്‍ഡ് നീക്കത്തിന് തിരിച്ചടി. നേമത്ത് ഉമ്മന്‍ചാണ്ടിയോ കെ മുരളീധരനോ മത്സരിക്കണമെന്ന നിര്‍ദേശമാണ് ഹെെക്കമാന്‍ഡ് മുന്നോട്ട് വെച്ചത്.
വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തലയുടെ പേരായിരുന്നു ഹെെക്കമാന്‍ഡിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹെെക്കമാന്‍ഡ് നിര്‍ദേശം തള്ളി. പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു.
ഉമ്മൻ ചാണ്ടിയെയോ, കെ മുരളീധരനെയോ നേമത്ത് സ്ഥാനാർഥിയാക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും പാര്‍ട്ടി പറഞ്ഞാൽ നേമത്ത് മത്സരിക്കാമെന്നും മുരളീധരൻ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മുരളീധരന്‍ തന്നെയായിരിക്കും ചിലപ്പോള്‍ അവിടെ മത്സരിക്കാന്‍ സാധ്യത.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. ഗ്രൂപ്പ് നിർദ്ദേശങ്ങൾ എഐസിസി സർവ്വേ റിപ്പോർട്ട് ഉയർത്തി ഹൈക്കമാൻഡ് തടയുന്നുവെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ പരാതി. പതിവിൽ നിന്നും വ്യത്യസ്തമായി ഹെക്കമാൻഡിന്റെ ശക്തമായ ഇടപെടലുകളുണ്ടായത് ഗ്രൂപ്പുകൾക്ക് തിരിച്ചടിയായിട്ടുണ്ട്. ഇത് തന്നെയാണ് നേതാക്കളുടെ അതൃപ്തിക്ക് കാരണവും.
https://www.youtube.com/watch?v=EmhBlNN2rbM