അഹമ്മദാബാദ്:
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറെ 75ാം വാർഷികാഘോഷത്തിന് തുടക്കം കുറിക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണഘടനാ ശിൽപി ഡോ ബിആർ അംബേദ്കറെ അവഹേളിക്കുന്ന നിലപാടിനെതിരെ തുറന്ന കത്തുമായി ദലിത് നേതാക്കൾ. 130ാം ജൻമവാർഷികത്തിന് മുന്നോടിയായി അംബേദ്കറെ ദേശീയ നേതാവായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
ഈ ആവശ്യമുന്നയിച്ച് അംബേദ്കർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ കാമ്പയിൻ നടത്തിയെങ്കിലും നിഷേധാത്മകമായിരുന്നു പ്രതികരണം. ദീനദയാൽ ഉപാധ്യായ,ശ്യാമ പ്രസാദ് മുഖർജി തുടങ്ങിയവർക്ക് പോലും ദേശീയ നേതാവ് എന്ന പരിഗണന നൽകവെ രാജ്യത്തെ ആദ്യ നീതിന്യായ മന്ത്രിയും ദലിത് സമൂഹത്തിൻറെ വിമോചകനുമായ അംബേദ്കറിന് അത് നിഷേധിക്കപ്പെടുന്നതിൻറെ കാരണം മോദി വ്യക്തമാക്കണമെന്ന് സമിതി കൺവീനൻ കിരിത് റാത്തോഡ് പറഞ്ഞു.
സ്കൂളുകളിൽ അംബേദ്കർ പ്രതിമകളും സർക്കാർ ഓഫീസുകളിൽ ചിത്രവും സ്ഥാപിക്കണമെന്ന ആവശ്യവും ഗുജറാത്ത് തള്ളിയിരുന്നു.