Mon. Dec 23rd, 2024

കൊല്‍ക്കത്ത: 

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്  നേരെ നടന്ന ആക്രമണത്തില്‍ ഇടപെട്ട് ബിജെപി. സംഭവത്തില്‍ വിശദാമായ അന്വേഷണം നടത്തണമെന്ന് ബിജെപി എംപി ലോകേത് ചാറ്റര്‍ജി ആവശ്യപ്പെട്ടു. മമതയ്ക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ അന്വേഷണത്തില്‍ ഒരുതരത്തിലും രാഷ്ട്രീയം കളിക്കില്ലെന്നും ചാറ്റര്‍ജി പറഞ്ഞു.

‘ഇസഡ് + സുരക്ഷയുടെ നിരീക്ഷണത്തിലാണ് സംഭവം നടന്നത്? ഞങ്ങള്‍ ഉന്നതതല അന്വേഷണം അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കില്ല; ഇത് മനുഷ്യത്വത്തിന്റെ കാര്യമാണ്,’ ചാറ്റര്‍ജി പറഞ്ഞു.

മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. അതേസമയം ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിറൂലിയ ബസാറിലെ നാട്ടുകാരോട് സംസാരിച്ച ശേഷം കാറിലേക്ക് കയറുകയായിരുന്ന തന്നെ കുറച്ച് പേര്‍ വന്ന് തള്ളി. കാറിന്റെ വാതില്‍ കാലിന് വന്നിടിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മമത ബാനര്‍ജിയുടെ കാലിനേറ്റ പരിക്കുകള്‍ ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റതായി എസ്എസ്കെഎം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

‘ഇടതുകാലിൻ്റെ കണങ്കാലിനാണ് ഗുരുതര പരിക്ക്. വലതു തോളെല്ലിനും കഴുത്തിലും കൈപ്പത്തിയിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് നെഞ്ച് വേദനയുണ്ടായെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടെന്നും മമത പറഞ്ഞിരുന്നു. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മന്ത്രിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്’, എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടര്‍ എം ബന്ധ്യോപദ്ധ്യായ പറഞ്ഞു.

By Divya