Wed. Nov 6th, 2024
കൊച്ചി:

സർക്കാർ സ്ഥാപനങ്ങളിലും കമ്പനികൾ, കോർപറേഷനുകൾ ഉൾപ്പെടെ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും സുപ്രീം കോടതി വിധിക്കു വിരുദ്ധമായി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഉമാദേവി കേസിലെ സുപ്രീം കോടതി വിധിക്കു വിരുദ്ധമായി സ്ഥിരപ്പെടുത്തൽ പാടില്ലെന്ന് ചീഫ് സെക്രട്ടറി എല്ലാ സ്ഥാപനങ്ങൾക്കും മൂന്നാഴ്ചയ്ക്കകം നിർദേശം നൽകണമെന്നു കോടതി നിർദേശിച്ചു.

ഐഎച്ച്ആർഡിയിൽ സ്ഥിരപ്പെടുത്തൽ ആവശ്യപ്പെട്ടുള്ള അപ്പീലിൽ ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേർത്താണു ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു വിരുദ്ധമായി സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കോർപറേഷനുകൾ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങളടക്കം സ്വയം ഭരണ സ്ഥാപനങ്ങൾ, പ്രത്യേക പദ്ധതികൾക്കായി രൂപീകരിച്ച സ്പെഷൽ പർപ്പസ് വെഹിക്കിൾ കമ്പനികൾ, സർക്കാർ പ്രവർത്തനവുമായി ബന്ധപ്പെട്ട പൊതുപ്രാധാന്യമുള്ള സ്ഥാപനങ്ങൾ എന്നിവയിൽ താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ സാധ്യമല്ലെന്നു ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ് ഉത്തരവ്. ഇത്തരം സ്ഥാപനങ്ങൾക്ക് ഉടൻ നിർദേശം എത്തിക്കണം.

ഐഎച്ച്ആർഡിയിൽ വർഷങ്ങളായി ജോലി ചെയ്യുന്നതിനാൽ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോട്ടയം തെക്കേക്കര സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ജഡ്ജി ഹർജി തള്ളിയ സാഹചര്യത്തിലായിരുന്നു അപ്പീൽ. സമാന സാഹചര്യത്തിലുള്ള മറ്റു ചില ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി.

By Divya