Thu. Apr 25th, 2024
ന്യൂഡൽഹി:

രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീകൾ കർഷക പ്രക്ഷോഭം നയിച്ചു. ഡൽഹിയുടെ അതിർത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ അണിനിരന്ന സ്ത്രീകൾ, കൃഷി നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചു.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു സ്ത്രീകൾ നിരാഹാരമിരുന്നു. വഴികൾ തടഞ്ഞു പ്രകടനം നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകളെ പ്രക്ഷോഭ കേന്ദ്രങ്ങളിലെത്തിക്കുമെന്നു സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.

ഇതിനിടെ, ഞായറാഴ്ച രാത്രി സിംഘുവിലേക്കു കാറിലെത്തിയ അജ്ഞാത സംഘം ആകാശത്തേക്കു വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിതെന്നു കർഷകർ ആരോപിച്ചു. പഞ്ചാബ് റജിസ്ട്രേഷനുള്ള കാറിലാണു സംഘമെത്തിയതെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭകേന്ദ്രങ്ങളിൽ കർഷകർ സുരക്ഷ ശക്തമാക്കി. പുറമേ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ യുവാക്കളുടെ സംഘത്തിനു രൂപം നൽകി.

By Divya