ന്യൂഡൽഹി:
ലോക വനിതാദിനത്തിൽ 50 ശതമാനം പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിച്ച് പാർലമെന്‍റ് ഉപരിസഭയായ രാജ്യസഭയിൽ വനിത എംപിമാർ. രാജ്യസഭയുടെ ശൂന്യവേളയിലാണ് വനിതാ പ്രാതിനിധ്യം നടപ്പാക്കണമെന്ന് വനിത എംപിമാർ ശക്തമായി ആവശ്യപ്പെട്ടത്. ശിവസേന എംപി പ്രിയങ്ക ചതുർവേദി, എൻ സി പി എംപി ഡോ ഫൗസിയ ഖാൻ, ബിജെപി എംപിയും ക്ലാസിക്കൽ ഡാൻസറുമായ സോനാൽ മാൻസിങ് എന്നീ വനിത എംപിമാരാണ് ഇക്കാര്യം ശക്തമായി ഉന്നയിച്ചത്.
“24 വർഷം മുമ്പ് പാർലമെന്‍റിൽ വനിതകൾക്ക് 33 ശതമാനം സംവരണം വേണമെന്ന ആവശ്യം ഞങ്ങൾ മുന്നോട്ടുവെച്ചു. പാർലമെന്‍റിലും നിയമസഭയിലും വനിതാ സംവരണം 50 ശതമാനമായി ഉയർത്തണമെന്നാണ് 24 വർഷത്തിനു ശേഷം വനിതാദിനത്തിൽ ആവശ്യപ്പെടുന്നതെന്ന്” ശിവസേന എംപി പ്രിയങ്ക ചതുർവേദി ചൂണ്ടിക്കാട്ടി.
ആറു ശതമാനത്തിൽ കൂടുതൽ സ്ത്രീകൾക്ക് നേതൃപദവികൾ ലഭിച്ചിട്ടില്ലെന്ന് പല ഓഡിറ്റുകളും ചൂണിക്കാട്ടുന്നുണ്ട്. നമ്മൾ ഇതേക്കുറിച്ച് ചിന്തിക്കണം. ലോക്സഭയിലെയും രാജ്യസഭയിലെയും നിയമനിർമാണം നടത്തിക്കൊണ്ട് 33 ശതമാനം വനിതാസംവരണം നടപ്പാക്കുന്നതിന് നമുക്ക് തുടക്കം കുറിക്കാൻ കഴിയും -എൻസിപി എംപി ഡോ ഫൗസിയ ഖാൻ വ്യക്തമാക്കി.