കണ്ണൂർ:
ഇടതു മുന്നണിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധർമടം മണ്ഡലത്തിൽ നിന്നു തുടങ്ങും. ‘പടയൊരുക്കം’ എന്നാണു പ്രചാരണത്തിനു പേരിട്ടിരിക്കുന്നത്. ഇന്നു 3ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്നതോടെ എൽഡിഎഫിൻ്റെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമാകും.
മുഖ്യമന്ത്രിയെ ബാൻഡ് വാദ്യത്തിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ ധർമടം മണ്ഡലത്തിലെ പിണറായിയിലേക്ക് ആനയിക്കും. 5നു പിണറായി കൺവൻഷൻ സെന്ററിൽ സമ്മേളനം നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ‘പടയൊരുക്ക’ത്തിനുള്ള ആദ്യ സമ്മേളനമായിരിക്കും ഇത്.
10 മുതൽ 16 വരെ ധർമടം നിയോജക മണ്ഡലത്തിലെ 164 ബൂത്തുകളിലെ 46 കേന്ദ്രങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കും. ദിവസവും രാവിലെ 10 ന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 5.15ന് അവസാനിക്കും. 10നു രാവിലെ 10നു ചെമ്പിലോട് നിന്നാണ് ഒരാഴ്ച നീളുന്ന പ്രചാരണം ആരംഭിക്കുക. 11നു 4നു മമ്പറത്തു നടക്കുന്ന ധർമടം നിയോജക മണ്ഡലം എൽഡിഎഫ് കൺവൻഷനിൽ ഇപി ജയരാജൻ ഉൾപ്പെടെ സംസ്ഥാനത്തെ ഇടതു മുന്നണി നേതാക്കളും പങ്കെടുക്കും.