Sat. Nov 23rd, 2024
ന്യൂഡൽഹി:

വിവാദ കർഷക നിയമങ്ങൾക്കെതിരെയുള്ള സമരം തുടരുന്നതിനിടെ ഒരു കർഷക ആത്മഹത്യ കൂടി. രാജ്ബിർ (49) എന്നയാളെയാണു ഡൽഹി ഹരിയാന അതിർത്തിയിലെ തിക്രിയിൽ നിന്ന് 7 കിലോ മീറ്റർ അകലെ, മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  തന്റെ മരണത്തിനു കാരണം 3 കർഷക നിയമങ്ങളാണെന്നും ഇതു പിൻവലിച്ചു കേന്ദ്രം തന്റെ അന്ത്യാഭിലാഷം നിറവേറ്റുമെന്നു കരുതുന്നതായും എഴുതിയ കുറിപ്പും ഇയാളിൽ നിന്നു കണ്ടെടുത്തു.

ഹിസാർ സ്വദേശിയായ രാജ്ബിർ കർഷക സമരത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസവും സമാന സാഹചര്യത്തിൽ തിക്രിക്കടുത്ത് ഹരിയാനയിലെ തന്നെ ജിന്ദിൽ നിന്നുള്ള കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. നേരത്തെ, തിക്രിയിലെ സമരവേദിക്കരികിൽ ഒരാൾ വിഷം കുടിക്കുകയും ഡൽഹിയിലെ ആശുപത്രിയിൽ മരണമടയുകയും ചെയ്തു.

ഡിസംബറിൽ പഞ്ചാബിൽ നിന്നുള്ള അഭിഭാഷകൻ, സിഖ് മതപ്രഭാഷകൻ എന്നിവരും സമരവുമായി ബന്ധപ്പെട്ടു ജീവനൊടുക്കി. ഇവരടക്കം ഇതുവരെ 249 പേർ മരിച്ചിട്ടുണ്ടെന്നാണു സംയുക്ത കിസാൻ മോർച്ചയുടെ കണക്ക്.

By Divya