Mon. Dec 23rd, 2024
ചൈന:

2018 ഏപ്രിൽ, ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, ദക്ഷിണ ചൈന കടലിൽ പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ ശക്തി വിലയിരുത്തി. 48 കപ്പൽ, ഡസൻ കണക്കിന് പോർവിമാനം, പതിനായിരത്തോളം നാവികർ എന്നിവയാണ് അന്ന് അഭ്യാസ പ്രകടനങ്ങളുമായി ഷീക്കു മുന്നിൽ അണിനിരന്നത്. മാവോ സെദൂങ്ങിനു ശേഷം രാജ്യത്തെ ഏറ്റവും മഹാനായ നേതാവായ ഷീയെ സംബന്ധിച്ചിടത്തോളം ആ ദിനം തികച്ചും പ്രതീക്ഷാനിർഭരമായിരുന്നു.

ലോകത്തെ ഏഴ് സമുദ്രങ്ങളിലുടനീളം ചൈനയുടെ മഹത്വവും ശക്തിയും ഉറപ്പിച്ച ദിനം. ‘‘ശക്തമായ ഒരു നാവികസേന രൂപീകരിക്കേണ്ട സാഹചര്യം മുൻപെന്നെത്തേതിലും ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്.’’ – ഷീ അന്ന് പറഞ്ഞതിങ്ങനെ. 2000 ൽ 110 പടക്കപ്പലുകൾ മാത്രമുണ്ടായിരുന്ന സാഹചര്യത്തിൽ നിന്ന് 2020 എത്തുമ്പോഴേക്കും ചൈനയുടെ പടക്കപ്പലുകളുടെ എണ്ണം 360 ലേക്കാണ് കുതിച്ചത്.

കടലിൽ അനിഷേധ്യ ശക്തിയായ യുഎസ് 2000 ൽ 318 കപ്പലുകളുമായി നിലകൊണ്ടത് 2020 ൽ ചില പടക്കപ്പലുകളുടെ ഡീക്കമ്മിഷൻ കൂടി കണക്കിലെടുക്കുമ്പോൾ 297 എന്ന നിലയിലായി. നാവിക ശേഷിയിൽ ചൈനയുടെ സമീപകാല കുതിപ്പ് മുന്നിൽക്കണ്ട് ഉടൻതന്നെ പടക്കപ്പലുകളുടെ എണ്ണം 355ലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് യുഎസ്.

2015 ൽ തന്നെ ചൈനയുടെ നാവികസേനയെ ലോകോത്തര ശക്തിയാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് ഷീ രൂപം കൊടുത്തിരുന്നു. കപ്പൽശാലകളിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്താൻ അദ്ദേഹം ഉത്തരവിട്ടു. ഷീയുടെ പദ്ധതി വിജയകരമായി എന്നതാണ് 2021ൽ നാവിക പടക്കോപ്പുകളുടെ എണ്ണത്തിൽ മുന്നിലെത്താൻ ചൈനയെ സഹായിച്ചത്.

By Divya