കൊൽക്കത്ത:
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. മാർച്ച് 27 നും ഏപ്രിൽ 29നും ഇടയിലായി എട്ടുഘട്ടങ്ങളായാണ് സംസ്ഥാനത്ത്
തിരഞ്ഞെടുപ്പ് നടക്കുന്നത്. അൻപത് വനിതകൾ ഉൾപ്പെടെ 291 സ്ഥാനാർഥികളുടെ പട്ടികയാണ് മമത ഇന്ന് പുറത്തുവിട്ടത്.
നന്ദിഗ്രാമിൽ നിന്നും താൻ തിരഞ്ഞടുപ്പിന് അങ്കത്തിനിറങ്ങുമെന്ന കാര്യവും മമത പ്രഖ്യാപിച്ചിട്ടുണ്ട്. 2007 ൽ അന്നത്തെ ഇടതുസർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമത്തെത്തുടർന്ന് ശ്രദ്ധേയമായ നന്ദിഗ്രാം പശ്ചിമ ബംഗാളിലെ ഒരു ‘ഹൈ പ്രൊഫൈൽ’ മണ്ഡലമാണ്. തന്‍റെ പരമ്പരാഗത സീറ്റായ തെക്കൻ കൊൽക്കത്തയിലെ ഭബാനിപൂരിൽ സുഹൃത്തും സഹപ്രവർത്തകനുമായ സോവന്ദേബ് ഛതോപാധ്യായയ്ക്ക് കൈമാറിയെന്ന കാര്യവും മമത ബാനർജി വ്യക്തമാക്കി.
ഞാൻ ഒരു വാഗ്ദാനം ചെയ്താൽ അത് ഞാൻ പാലിക്കും എന്നാണ് നന്ദിഗ്രാമിൽ മത്സരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മമത വിശദീകരിക്കുന്നത്. മമതയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന ഇപ്പോൾ എതിരാളിയുമായ സുവേന്ദു അധികാരി 2016 ൽ മത്സരിച്ച് ജയിച്ച സീറ്റായ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന കാര്യം ഇക്കഴിഞ്ഞ ഡിസംബറിലാണ് തൃണമൂൽ അധ്യക്ഷ കൂടിയായ മമത അറിയിച്ചത്.
നന്ദിഗ്രാമിൽ വച്ചു തന്നെ നടന്ന റാലിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായതെന്നും ശ്രദ്ധേയമാണ്. അന്ന് നൽകിയ വാക്ക് പാലിച്ച് അതേ മണ്ഡലത്തിൽ തന്നെ മത്സരിക്കാനിറങ്ങുകയാണ് മമത.