Wed. Jan 22nd, 2025
fake news victim Suresh to complaint cyber crime

 

മാന്നാർ:

കുളിമുറിയിൽ ഒളിപ്പിച്ചുവെച്ച മദ്യക്കുപ്പി ഭാര്യ അറിയാതെ എടുക്കുന്നതിനിടയിൽ മാലിന്യക്കുഴലിൽ കൈകുടുങ്ങിയ ആളിനെ അഗ്നിശമനസേന രക്ഷപ്പെടുത്തുന്നു എന്ന നിലയിൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. വ്യാപകമായി തന്നെ വീഡിയോ വയറലാവുകയും നിരവധി കമന്റുകളും റിയാക്ഷനുകളും ഒക്കെ ലഭിക്കുകയും ചെയ്തു.

ഇതിന് ശേഷം അച്ഛനും അമ്മയും മകളും അടങ്ങുന്ന  മാന്നാർ കുരട്ടിശ്ശേരി സുരഭിയിൽ സുരേഷ് കുമാറിന്റെ കുടുംബത്തിന്  വീടിന്പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി.എന്നാൽ ആ വീഡിയോയ്ക്ക് പിന്നിലെ സത്യം മറ്റൊന്നാണ്.

കഴിഞ്ഞമാസം 26-ന് രാത്രിയിൽ വീട്ടിലെ കുളിമുറിയിൽ അഴുക്കുവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നു. പ്ലംബറെ വിളിച്ചിട്ടുവരാത്തതിനാൽ സ്വയം നന്നാക്കാനിറങ്ങി. പൈപ്പിലൂടെ കൈ കടത്തിയപ്പോൾ പൈപ്പിലെ അരിപ്പയുടെ സ്റ്റീൽവളയത്തിൽ കൈ കുടുങ്ങുകയും പുറത്തെടുക്കാൻ പറ്റാതെവരുകയുംചെയ്തു.

വിവരമറിഞ്ഞെത്തിയ അയൽക്കാർ മാവേലിക്കര അഗ്നിശമനസേനാ യൂണിറ്റിനെ വിവരം ധരിപ്പിച്ചു. ഇവരെത്തി കുളിമുറിയുടെ ടൈൽ ഇളക്കി സ്റ്റീൽവളയം മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇത് വീഡിയോസഹിതം അഗ്നിശമനസേനാവിഭാഗം അവരുടെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഇതിൽനിന്ന് വീഡിയോ എടുത്ത ആരോ ആണ് ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വിശദീകരണത്തോടെ പ്രചരിപ്പിച്ചത്.

https://www.youtube.com/watch?v=pRsDzBQ_kpw

By Athira Sreekumar

Digital Journalist at Woke Malayalam