തിരുവനന്തപുരം:
മെട്രോമാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇ ശ്രീധരനാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് മുരളീധരൻ നിലപാട് തിരുത്തിയത്. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് മുരളീധരൻ്റെ പ്രതികരണം.
ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചതായി മാധ്യമ റിപ്പോർട്ടുകൾ കണ്ടു. പാർട്ടി അധ്യക്ഷനുമായി താൻ സംസാരിച്ചിരുന്നു. അദ്ദേഹം അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പറഞ്ഞു. ഇതിനെ ഒരു പ്രഖ്യാപനമായി കണക്കാക്കരുത്. സുരേന്ദ്രൻ പറഞ്ഞതായി മുരളീധരൻ അറിയിച്ചു.
ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് വി മുരളീധരൻ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് അദ്ദേഹം പിന്നീട് നീക്കം ചെയ്തു. തിരുവല്ലയിൽ വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നതിനിടെയാ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആണെന്ന് കെ സുരേന്ദ്രൻ പ്രഖ്യാപിച്ചത്.
മെട്രോമാൻ ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ. ശ്രീധരന്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.