Fri. Apr 19th, 2024
തിരുവനന്തപുരം:

സിറ്റിങ് എംഎൽഎമാരായ എഎൻ ഷംസീർ, ഒആർ കേളു, പി ഉണ്ണി, കെ ബാബു, കെഡി പ്രസേനൻ, യുആർ പ്രദീപ്, മുരളി പെരുനെല്ലി, കെജെ മാക്സി, സജി ചെറിയാൻ, കെയു ജനീഷ് കുമാർ, എം സ്വരാജ്, ആന്റണി ജോൺ, യു പ്രതിഭ, വീണാ ജോർജ്, എം മുകേഷ്, എം നൗഷാദ്, വി ജോയി, ഡികെ മുരളി, സികെ ഹരീന്ദ്രൻ, ഐബി സതീഷ്, കെ അൻസലൻ, വികെ പ്രശാന്ത് എന്നീ 23 പേർക്കു വീണ്ടും മത്സരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നൽകി. പികെ ശശിയുടെ കാര്യത്തിൽ ഇന്നു സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.

മന്ത്രി ബാലനു പകരം തരൂരിൽ കെ രാധാകൃഷ്ണന്റെ പേരും ചർച്ച ചെയ്തു. ഡോ: പികെ ജമീലയും പട്ടികയിലുണ്ട്. മന്ത്രി ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിൽ മന്ത്രി കെ.കെ. ശൈലജ മത്സരിക്കും. ജി സുധാകരനു പകരം അമ്പലപ്പുഴയിൽ എച്ച്. സലാമിനാണു സാധ്യത. ആലപ്പുഴയിൽ മന്ത്രി തോമസ് ഐസക്കിനു പകരം ജെ ചിത്തരഞ്ജൻ വന്നേക്കും. 5 തവണ മത്സരിച്ച രാജു ഏബ്രഹാമിനു പകരം റാന്നിയിൽ റോഷൻ റോയി മാത്യു സ്ഥാനാർഥിയാകും.

മന്ത്രിസഭയിലെ രണ്ടാമനായ കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനെ മത്സര രംഗത്തു നിന്ന് ഒഴിവാക്കിയതോടെ അദ്ദേഹം സംഘടനാ ചുമതലയിലേക്കു വരുമോ എന്ന സന്ദേഹം ശക്തമായി. എൽഡിഎഫ് കൺവീനർ, പാർട്ടി ആക്ടിങ് സെക്രട്ടറി എന്നീ 2 ചുമതലകളും തുടർന്നും എ വിജയരാഘവനെ തന്നെ ഏൽപിക്കുമോ എന്നതിനെ ആശ്രയിച്ചാകും ജയരാജന്റെ സാധ്യത.

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവിയിൽ മടങ്ങിയെത്താൻ ഇട ഉണ്ടെങ്കിലും ചികിത്സ തുടരുന്നതിനാൽ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ അതിനു സാധ്യത കുറവാണ്. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വ്യക്തത വരുത്തും.

By Divya