കൊച്ചി:
ഗതാഗതക്കുരുക്കില്‍ നട്ടം തിരിഞ്ഞ നാട്ടുകാര്‍ക്ക് ആശ്വാസം. പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. മേൽപ്പാലത്തിന്റെ ഭാരപരിശോധന വിജയകരമായി പൂർത്തിയായി. ഇന്ന് ഉച്ചയോടെ പാലം പരിശോധനാ റിപ്പോർട്ട് ഡിഎംആർസി സർക്കാരിന് കൈമാറും.
പാലാരിവട്ടം ഡിഎംആർസിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അവസാനഘട്ട വിലിയിരുത്തലിന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് മെട്രൊമാൻ ഇ ശ്രീധരൻ സ്ഥലത്തെത്തി.
മിനുക്ക് പണികള്‍ മാത്രമാണ് ഇനിയുള്ളത്. ശനിയാഴ്ച മുതല്‍ എപ്പോൾ വേണമെങ്കിലും സര്‍ക്കാരിന് പാലം തുറന്നുകൊടുക്കാമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു.
പാലാരിവട്ടം പാലം പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചത് അഭിമാന നിമിഷമെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. ഉരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേകം നന്ദിയറിയിച്ച അദ്ദേഹം പാലം നാളെയോ മറ്റന്നാളോ സർക്കാരിന് കൈമാറുമെന്നും അറിയിച്ചു. ഡിഎംആർസി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാനദിവസമിതാണെന്നും തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകുന്നതിന് മുമ്പ് ഡിഎംആർസിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയിൽ നിന്നും രാജി വെക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാൽ കൂടുതൽ എളുപ്പമാകുമെന്നും ശ്രീധരന്‍ പറഞ്ഞു.
പാലം പുനര്‍ നിര്‍മാണത്തിന് കരാര്‍ നല്‍കുമ്പോൾ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 9 മാസത്തിനുള്ളിൽ ജോലി തീര്‍ക്കണം എന്നാണ്. എന്നാല്‍ കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് 5 മാസവും 10 ദിവസവും കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. ഇതും കേരളത്തിന് പുതിയ അനുഭവമായി.
https://www.youtube.com/watch?v=Yas9WFaHny8