Wed. Apr 24th, 2024
തിരുവനന്തപുരം:

യുപിയിലെ ഹത്രസിൽ കഴിഞ്ഞവർഷം ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ മുഖം രക്ഷിക്കാൻ ശ്രമിച്ചു വിവാദത്തിലായ പിആർ കമ്പനിക്ക് കേരള സർക്കാരിന്റെ സമൂഹമാധ്യമ പ്രചാരണത്തിന് 1.51 കോടി രൂപയുടെ കരാർ. മുംബൈയിലെ കോൺസെപ്റ്റ് കമ്യൂണിക്കേഷനെയാണു കേരള പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‍ഡിജിറ്റൽ മീഡിയ ക്രിയേറ്റീവ് ഏജൻസിയായി ടെൻ‌‍ഡറിലൂടെ നിയോഗിച്ചത്.

സമൂഹമാധ്യമങ്ങൾ വഴി സർക്കാരിന്റെ പ്രതിഛായ കൂട്ടുകയാണു ദൗത്യം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന 26നാണ് സർക്കാർ തിരക്കിട്ട് ഉത്തരവിറക്കിയത്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ തൊഴിൽ പ്ലാറ്റ്ഫോമിന്റെ പ്രചാരണ കരാറും കോൺസെപ്റ്റിനായിരുന്നു.

പദ്ധതിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചു പെരുപ്പിച്ചു കാട്ടാൻ ശ്രമമെന്ന് ആരോപണവുമുയർന്നു. ആദ്യ ദിവസങ്ങളിലെ 321 ഫോളോവേഴ്സിൽ 95 ശതമാനവും വ്യാജമായിരുന്നു. വിവാദമായതോടെ ഇവ ഒഴിവാക്കി.

ഹത്രസിൽ കൊല്ലപ്പെട്ട ദലിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നില്ലെന്നു ഫൊറൻസിക് പരിശോധന, പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്, പോസ്റ്റ്മോർട്ടം എന്നിവ വെളിവാക്കുന്നുവെന്ന വാർത്തക്കുറിപ്പ് 2020 ഒക്ടോബർ ഒന്നിനു കോൺസെപ്റ്റ് ദേശീയ മാധ്യമങ്ങൾക്ക് അയച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി ഒട്ടേറെ മാധ്യമപ്രവർത്തകർ രംഗത്തുവന്നു. 

പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിനു വിട്ടുനൽകാതെ പൊലീസ് അസമയത്ത് സംസ്കരിച്ചതിനെതിരെ ജനവികാരം ഉയരുന്നതിനിടെയായിരുന്നു ഈ ന്യായീകരണം. ഈ വിവാദങ്ങൾക്കിടെയാണു കേരള സർക്കാരും കമ്പനിയെ കമ്പനിയെ പ്രചാരണച്ചുമതല ഏൽപിച്ചിരിക്കുന്നത്. സർക്കാരിന്റെ നേട്ടങ്ങൾ ഫെയ്സ്ബുക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി പ്രചാരണം നടത്താൻ സി–ഡിറ്റ് സമർപ്പിച്ചത് 26.52 ലക്ഷം രൂപയുടെ പദ്ധതിയാണ്.

ഇതിൽ 13.26 ലക്ഷം രൂപയ്ക്കു ഭരണാനുമതി നൽകി.

By Divya