Tue. Apr 23rd, 2024
ബെംഗളൂരു:

കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി. സർക്കാർജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന് സാമൂഹ്യപ്രവർത്തകനായ ദിനേശ് കലഹള്ളിയാണ് ബെംഗളൂരു പോലീസില്‍ പരാതി നല്‍കിയത്. തെളിവായി യുവതിയുമൊത്തുള്ള ദൃശ്യങ്ങളും പരാതിക്കാരന്‍ പുറത്തുവിട്ടു.

മന്ത്രിയുമൊത്തുള്ളതെന്ന് അവകാശപ്പെടുന്ന സ്വകാര്യ ദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളും യുവതി തന്നെയാണ് പകർത്തി സൂക്ഷിച്ചത്. കർണാടക പവർ ട്രാന്‍സ്മിഷന്‍ കോർപ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ പീഡിപ്പിച്ചെന്നും മന്ത്രിക്കെതിരെ പരാതി നല്‍കാന്‍ ഭയന്നാണ് പെൺകുട്ടിയും കുടുംബവും തന്നെ സമീപിച്ചതെന്നും ദൃശ്യങ്ങൾ പുറത്തുവിട്ട മനുഷ്യാവകാശ സംഘടനാ നേതാവായ പരാതിക്കാരന്‍ പറഞ്ഞു.

25 കാരിയായ പെൺകുട്ടിയെ ബെംഗളൂരു നഗരത്തിലെ ഹോട്ടലില്‍ വച്ചാണ് മന്ത്രി പീഡിപ്പിച്ചത് , പെൺകുട്ടി പരാതിപ്പെടാന്‍ ഒരുങ്ങുന്നുവെന്നറിഞ്ഞ മന്ത്രി പെൺകുട്ടിയെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ബെംഗളൂരു കമ്മീഷണർ കമാല്‍ പന്തിന് സംഭവത്തില്‍ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് തെളിവ് സഹിതം പരാതി നല്‍കിയിട്ടുണ്ടെന്നും നാഗരിക ഹക്കു ഹോരാട്ട സമിതി അധ്യക്ഷനായ ദിനേശ് കലഹള്ളി പറഞ്ഞു.

നിലവില്‍ യെദ്യൂരപ്പ മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രിയായ രമേശ് ജാർക്കിഹോളി 2019ല്‍ കോൺഗ്രസില്‍നിന്നും കൂറുമാറി ബിജെപിയിലെത്തിയ നേതാവാണ്. ബിജെപിയിലക്ക് കോൺഗ്രസില്‍നിന്നും ജെഡിഎസില്‍നിന്നും എംഎല്‍മാരെ എത്തിച്ച് സർക്കാർ രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചതും രമേശ് ജാർക്കിഹോളിയായിരുന്നു.

ആരോപണങ്ങളോട് മന്ത്രിയോ ബിജെപി നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസ് രജിസ്റ്റർ ചെയ്യുകയുള്ളുവെന്നുമാണ് വിഷയത്തില്‍ ബെംഗളൂരു പൊലീസിന്‍റെ പ്രതികരണം. അതേസമയം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്.

By Divya