Thu. Apr 25th, 2024
kalamassery police officer suicide threat

കൊച്ചി:

കളമശേരി പൊലീസ് സ്​റ്റേഷനിൽ കോഫി വെൻഡിങ്​ മെഷീൻ സ്ഥാപിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ പൊലീസുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ഫേസ്ബുക്കിൽ ആത്മഹത്യ ഭീഷണി കുറിപ്പ് ഇട്ടത്.

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയാണ്​ സിപി​ രഘുവിനെ സസ്​പെൻഡ്​ ചെയ്​തത്. സംഭവം വലിയ വിവാദമാകുകയും ചെയ്തിരുന്നു.

”മരണം കൊണ്ട് എല്ലാം അവസാനിക്കുമോ…ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ലാ..നല്ല ചങ്കൂറ്റമുള്ളവരാണ്..” എന്നാണ്​ കുറിപ്പിട്ടിരിക്കുന്നത്​.

കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകയ്യെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍  ആണ് സിപി രഘു. മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫീ മെഷീന്‍റെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തതിനുമാണ് ഡിസിപി ഡോങ്റെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. അതേസമയം,  ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്‍റെ പക തീർക്കലാണ് നടപടിക്ക്​ കാരണമായതെന്നാണ്​ പൊലീസുകാർ പറയുന്നത്.

സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്​റ്റേഷൻ ജനസൗഹൃദമാക്കാനായി സ്​റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതിയാണ്​ സിപി​ രഘുവിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയത്​. ഇതിനു ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ അഭിനന്ദനങ്ങൾ ലഭിച്ചതിന്​ പിന്നാലെയായിരുന്നു ഡിസിപിയുടെ സസ്പെന്‍ഷന്‍ ഉത്തരവ് വന്നത്.

സ്വന്തം പോക്കറ്റിൽനിന്നും സഹപ്രവർത്തകരിൽനിന്നും പണം കണ്ടെത്തിയാണ്​ രഘു പദ്ധതി നടപ്പാക്കിയത്. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നെന്നും, പൊലീസ് പൊതുജനങ്ങളുമായി കൂടുതൽ സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശം പാലിക്കുകയാണ്​ ചെയ്​തതെന്നാണ്​ പൊലീസുകാർ പറയുന്നത്​

നേരത്തേ കൊവിഡ് ഭീതി രൂക്ഷമായിരിക്കെ തെരുവിൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്കും തെരുവുനായകൾക്കും ഭക്ഷണം നൽകി കളമശേരി പൊലീസ് സ്റ്റേഷൻ മാതൃകയായിരുന്നു.

മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിത പൊലീസിനെതിരെ ശിക്ഷാ നടപടിയെടുത്ത ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നടപടി  നേരത്തെ വിവാദമായിരുന്നു.  പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പ് താക്കീതും നല്‍കിയിരുന്നു. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നായിരുന്നു മുന്നറിയിപ്പ്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നു പോയി എന്നായിരുന്നു മേലുദ്യോഗസ്ഥരുടെ വിലയിരുത്തൽ.

https://www.youtube.com/watch?v=F5W-UmaPgfA

 

By Binsha Das

Digital Journalist at Woke Malayalam