Thu. Apr 25th, 2024
ലക്നൗ:

ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ പീഡനക്കേസിലെ പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു. നോസർപുർ ഗ്രാമത്തിലാണു സംഭവം. മകളെ പീഡിപ്പിച്ചെന്നു 2018 ൽ പരാതി നൽകിയ അംബരീഷ് ശർമ (50) ആണ് പ്രതി ഗൗരവ് ശർമയുടെ വെടിയേറ്റു മരിച്ചത്.

അംബരീഷ് നൽകിയ പരാതിയെ തുടർന്ന് കുറച്ചുകാലം ഗൗരവ് ജയിലിലായിരുന്നു. സംഭവത്തിനു പിന്നാലെ പൊലീസ് സ്റ്റേഷനു മുന്നിലെത്തി നീതിക്കു വേണ്ടി കരയുന്ന പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇത് യുപിയിൽ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥയെപ്പറ്റി വ്യാപകമായ ചർച്ചയ്ക്കിടയാക്കി.

കഴിഞ്ഞ ഒക്ടോബറിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊല്ലുകയും കുടുംബത്തിന്റെ അനുമതി കൂടാതെ മൃതദേഹം പൊലീസ് സംസ്കരിക്കുകയും ചെയ്തതും ഹത്രസ് ജില്ലയിലാണ്. ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് അംബരീഷിന്റെ പെൺമക്കളും പ്രതി ഗൗരവിന്റെ ഭാര്യയും അമ്മായിയും തമ്മിൽ വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് അംബരീഷും ഒരു സംഘത്തോടൊപ്പം ഗൗരവും സ്ഥലത്തെത്തി. വാക്കേറ്റത്തിനൊടുവിൽ അംബരീഷിനെ ഗൗരവ് വെടിവച്ചതായി എസ്പി വിനീത് ജയ്സ്വാൾ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൗരവ് ശർമ, ലളിത് ശർമ, രഹിതാഷ് ശർമ, നിഖിൽ ശർമ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

ഇതിൽ ലളിത് ശർമ അറസ്റ്റിലായി. കേസ് പിൻവലിക്കണമെന്ന് ഗൗരവ് ആവശ്യപ്പെട്ടെന്നും പിതാവ് എന്തെങ്കിലും പറയുന്നതിനു മുൻപു ഗൗരവ് വെടിവയ്ക്കുകയാണ് ഉണ്ടായതെന്നും പെൺകുട്ടി മൊഴി നൽകി.

By Divya