ന്യൂഡൽഹി:
കൊവിഡ് വാക്സിൻ ആവശ്യമില്ലെന്ന് പ്രക്ഷോഭം തുടരുന്ന കർഷകർ. കൊവിഡിനെ പേടിയില്ല. അതിനേക്കാൾ പ്രധാനം കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കലാണ്. 65 കഴിഞ്ഞവരും മറ്റു രോഗങ്ങൾ അലട്ടുന്നവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
പക്ഷേ, വാക്സിൻ വേണ്ട -സമരമുഖത്തുള്ളവർ പറയുന്നു. ആവശ്യമുള്ളവർ സ്വന്തംനിലക്ക് പോയി വാക്സിൻ എടുക്കുന്നതിനെ എതിർക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നത് ആയിരങ്ങളാണ്. വാക്സിനേഷൻ കേന്ദ്രത്തിൽ പോകുന്നില്ലെന്ന് 80 കാരനായ സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർസിങ് രാജേവാൾ പറഞ്ഞു.
വാക്സിൻ വേണ്ട. പാടത്ത് വിയർപ്പൊഴുക്കുന്നതുകൊണ്ട് കർഷകർക്ക് കൂടുതൽ പ്രതിരോധ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ പേടിച്ച് സമരത്തിൽനിന്ന് ഇതുവരെ ആരും പിന്മാറിയിട്ടുമില്ല. സമരം ചെയ്യുന്നവർക്കിടയിൽ കൊവിഡ് കണ്ടെത്തിയിട്ടുമില്ല.