തിരുവനന്തപുരം:
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇപി ജയരാജൻ. ഇത് സംബന്ധിച്ച തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. ഇത്തവണയും മന്ത്രി കെ കെ ശൈലജ മത്സരിച്ചേക്കുമെന്നാണ് സൂചന.
കെകെ ശൈലജയുടെ മണ്ഡലമായ കൂത്തുപറമ്പ് എൽജെഡിക്ക് നൽകും. മട്ടന്നൂരിൽ നിന്നാകും ശൈലജ ഇത്തവണ മത്സരിക്കുക. ഇരിക്കൂർ കേരള കോൺഗ്രസ് എമ്മിന് നൽകാൻ തീരുമാനമായിട്ടുണ്ട്.
തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെയും പയ്യന്നൂരിൽ ടി ഐ മധുസൂദനന്റെയും പേരുകൾ പരിഗണനയിലുണ്ട്. തലശേരിയിൽ എഎൻ ഷംസീർ വീണ്ടും മത്സരിക്കുമെന്നാണ് റിപ്പോർട്ട്.
കൂത്തുപറമ്പ്, വടകര, കൽപറ്റ സീറ്റുകൾ എൽജെഡിക്ക് സിപിഐഎം ഉറപ്പുനൽകി. ഒരു സീറ്റുകൂടി ലഭിക്കുമെങ്കിലും, തെക്കൻകേരളത്തിൽ വേണമെന്ന ആവശ്യത്തിലാണ് എൽജെഡി. തിരുവല്ല, ചിറ്റൂർ, കോവളം, അങ്കമാലി സീറ്റുകളാണ് ജനതാദൾ എസിന് ലഭിക്കും.
സികെ നാണുവിന്റെ സിറ്റിംഗ് സീറ്റായ വടകര വേണമെന്ന ആവശ്യം ജെഡിഎസ് ഉന്നയിച്ചിട്ടുണ്ട്. എൻസിപിക്ക് കോട്ടക്കൽ ഉൾപ്പെടെ മൂന്നു സീറ്റുകൾ ലഭിക്കും. കുട്ടനാടോ, എലത്തൂരോ വെച്ചുമാറണമെന്ന ആഗ്രഹം സിപിഐഎം പ്രകടിപ്പിച്ചു.
കഴിഞ്ഞ തവണ നാല് സീറ്റിൽ മത്സരിച്ച ജനാധിപത്യ കേരളാ കോൺഗ്രസിന് ഇക്കുറി തിരുവനന്തപുരം സീറ്റുമാത്രമാണ് സിപിഐഎം കരുതിവെച്ചിരിക്കുന്നത്.