Thu. Dec 19th, 2024
വാഷിംഗ്ടണ്‍:

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആദ്യ പകര്‍പ്പ് മാറ്റിയെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പുതിയ പകര്‍പ്പില്‍ ആദ്യ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട മൂന്ന് പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഖഷോഗ്ജി വധത്തില്‍ 21 പേര്‍ കുറ്റക്കാരാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം 18 പേരാണ് കുറ്റക്കാര്‍ എന്നാണ് ഇന്റലിജന്‍സ് പറയുന്നത്. മൂന്ന് പേരുടെ പേര് വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ തെറ്റായി ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആദ്യ റിപ്പോര്‍ട്ട് മാറ്റിയത് എന്നാണ് നാഷണല്‍ ഇന്റലിജന്‍സ് നല്‍കുന്ന വിശദീകരണം. എന്നാല്‍ എങ്ങിനെയാണ് ഈ മൂന്ന് പേരുടെ പേര് ആദ്യത്തെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത് എന്ന് വ്യക്തമാക്കാന്‍ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് തയ്യാറായില്ല.

അബ്ദുള്ള മുഹമ്മദ് അല്‍ഹോര്‍ണി, യാസിര്‍ ഖാലിദ് അല്‍സലേം, ഇബ്രാഹിം അല്‍ സലീം എന്നിവരുടെ പേരാണ് നീക്കം ചെയ്തത്. റിപ്പോര്‍ട്ടിനെതിരെ സൗദി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് തെറ്റാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കില്ലെന്നുമാണ് സൗദി അറിയിച്ചിരിക്കുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിവരങ്ങളെ സൗദി പൂര്‍ണ്ണമായും നിഷേധിച്ചു.

By Divya