Mon. Dec 23rd, 2024
ന്യൂഡൽഹി:

രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. രാവിലെ ഒന്‍പത് മണി മുതല്‍ കൊവിന്‍ ആപ്പ് 2.0 ല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്‌നം ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുക.

ജനുവരി 16 മുതല്‍ ആരംഭിച്ച കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കി. രണ്ടാംഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക.

സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്. അതേസമയം, രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുകയാണ്. മഹാരാഷ്ട്രയിലെ പൂനെയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെ നീട്ടി.

ഒഡീഷയിലും നിയന്ത്രണം കടുപ്പിച്ചു. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ഒഡീഷ ആരോഗ്യമന്ത്രി അറിയിച്ചു.

By Divya