Mon. Dec 23rd, 2024

കൊച്ചി:

രാജ്യത്ത്​ പെട്രോൾ, ഡീസൽ വില വർധനക്കൊപ്പമാണ്​ ജനങ്ങൾക്ക്​ ഇരുട്ടടിയായി അടിക്കടിയുള്ള പാചക വാതക വില വർധനയും. ഇന്നും പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്​ 25 രൂപയാണ്​ കൂട്ടിയത്​. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്​ വില 826 രൂപയായി. വാണിജ്യസിലിണ്ടറിന്​ നൂറുരൂപയാണ്​ വർധിപ്പിച്ചത്​. 1618 രൂപയാണ്​ വാണിജ്യ സിലിണ്ടറിന്‍റെ വില.

5 ദിവസത്തിനിടെ 50 രൂപയാണ് പാചകവാതകത്തിന് കൂടിയത്. പാചകവാതകത്തിന് ഫെബ്രുവരിയില്‍ മാത്രം 100 രൂപയുടെ വര്‍ധനവുണ്ടായി.മൂന്നുമാസത്തിനിടെ 226 രൂപയാണ്​ ഗാർഹിക സിലിണ്ടറിന്​ മാത്രം കൂടിയത്​. 30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന്​ 25 രൂപയും 14ന്​ 50 രൂപയും 25ന്​ 25രൂപയും​ കൂട്ടിയിരുന്നു​.

ഡിസംബർ ഒന്നിന് സിലിണ്ടറിന്‍റെ നിരക്ക് 594 രൂപയിൽ നിന്ന് 644 രൂപയായി ഉയർത്തുകയും ഡിസംബർ 15 ന് വീണ്ടും 694 രൂപയായി ഉയർത്തുകയും ചെയ്തു. അതായത്, ഒരു മാസത്തിനുള്ളിൽ 100 ​​രൂപ വർദ്ധിപ്പിച്ചു. എന്നാൽ ജനുവരിയിൽ വില വർധനവുണ്ടായില്ല. ജനുവരിയിൽ സബ്സിഡിയില്ലാത്ത എൽപിജിയുടെ (14.2കിലോ ) വില 694 രൂപയായിരുന്നു.

എണ്ണക്കും പ്രകൃതി വാതകത്തിനും അന്താരാഷ്​ട്ര വിപണിയിലുണ്ടായ വില വർധനയാണ്​ കാരണമായി എണ്ണകമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്​. എന്നാൽ വില കുറയുമ്പോള്‍ കുറക്കാൻ തയാറാകാത്തത്​ പ്രതിഷേധത്തിന്​ കാരണമാകുന്നു.

https://www.youtube.com/watch?v=DQXquIPl2RI

 

By Binsha Das

Digital Journalist at Woke Malayalam