ഉഴവൂര്‍:
കോട്ടയം ഉഴവൂരിലെ എബി ജോസഫ് എന്ന പൊലീസുകാരന്‍റെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവനാണ്. ഉഴവൂരില്‍ ട്രാന്‍സ്ഫോര്‍മറിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം ഉണ്ടായപ്പോള്‍ ഡ്രെെവര്‍ക്ക് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു എബി ജോസഫ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രക്ഷകനായത്. കിടങ്ങൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്.
ഇന്നലെ വെെകുന്നേരമായിരുന്നു അപകടം. ഉഴവൂരില്‍നിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാര്‍ ആല്‍പ്പാറ റോഡില്‍ പായസപ്പടി ഭാഗത്തെ ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഷാപ്പ് നടത്തിപ്പുകാരന്‍ മോനിപ്പള്ളി കാരാംവേലില്‍ റജിമോനാണ് ഉള്ളില്‍ കുടുങ്ങിയത്. കാറിന് മുകളിലേക്ക് ട്രാന്‍സ്ഫോര്‍മര്‍ പതിച്ചു. ചുറ്റും വൈദ്യുതിവിതരണ കമ്പികളും വീണു.
വെെദ്യുത കമ്പികള്‍ കാറിന് മുന്‍ വശത്ത് ആയതിനാല്‍ ഡ്രൈവറുടെ വശത്തെ വാതില്‍ തുറക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ എബി ജോസഫ് കാറിന്‍റെ പിന്നിലെ ചില്ല് തല്ലിപ്പൊട്ടിച്ച് ഡ്രെെവറോഡ് ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു.
ഇതു വഴിയാണ് കാറില്‍നിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. കാറും ട്രാന്‍സ്ഫോര്‍മറും പൂര്‍ണമായും നശിച്ചു ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറിയ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാരും ഓടിയെത്തി.
കാറിന്‍റെ ചില്ല് കെെകൊണ്ട് തല്ലപ്പൊട്ടിച്ചതിനാല്‍ അദ്ദേഹത്തിന്‍റെ കെെക്കും പരിക്കേറ്റിരുന്നു. കെെയ്യില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകുന്നുണ്ടായിരുന്നു. ഇതൊന്നും കാര്യമാക്കാതെയാണ് അദ്ദേഹം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനുശേഷമാണ് ഉഴവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കൈക്ക് രണ്ട് തുന്നലും ഉണ്ട്.
https://www.youtube.com/watch?v=SbczNPZtkRw