Wed. Nov 6th, 2024
Rahul Gandhi With Fihermen

കൊല്ലം:

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികൾക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുൽ യാത്ര ആരംഭിച്ചത്. ഒരു മണിക്കൂറോളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് അവർക്കൊപ്പം രാഹുൽ ഗാന്ധി കടൽയാത്ര നടത്തിയത്.

പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തി. ഇന്നലെയാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്. കെ സി വേണുഗോപാല്‍ എം പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

കരയിലേക്ക് തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി രാവിലെ തന്നെ സംവദിച്ചു.  കൊല്ലം തങ്കശേരി കടപ്പുറത്താണ് സംവാദം സംഘടിപ്പിച്ചത്.

മല്‍സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ വിലമതിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒപ്പം യാത്ര ചെയ്തപ്പോള്‍ അവരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന പ്രകടന പത്രിക തയ്യാറാക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി വകുപ്പ് രൂപീകരിക്കും. മത്സ്യത്തൊഴിലാളികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംവദിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.  മത്സ്യത്തൊഴിലാളികൾക്കൊപ്പം പ്രവർത്തിക്കാൻ താനുണ്ടാകുമെന്നും രാഹുൽ ഉറപ്പ് നല്‍കി.

ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെയും രാഹുല്‍ഗാന്ധി ആഞ്ഞടിച്ചു. തൊഴിലാളികളെ നശിപ്പിക്കാനുള്ള ട്രോളർ വാങ്ങാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

https://www.youtube.com/watch?v=CaIjUXVXeD4

 

By Binsha Das

Digital Journalist at Woke Malayalam