Mon. Dec 23rd, 2024

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ്, ഓസ്വാള്‍ഡ് ഗ്രേസിയസ് എന്നീ മൂന്ന് കര്‍ദ്ദിനാള്‍മാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മാസമായി സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് സമയം കണ്ടെത്താന്‍ കഴിയാത്ത പ്രധാനമന്ത്രി മുക്കാല്‍ മണിക്കൂര്‍ കര്‍ദ്ദിനാള്‍മാരുമായി ചര്‍ച്ച നടത്തി.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഭീമ-കൊറെഗാവ് കേസില്‍ അറസ്റ്റ് ചെയ്ത് ജയിയിലടച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വിട്ടയക്കണമെന്ന ആവശ്യം ബിഷപ്പുമാര്‍ മോദിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. എന്താണ് പ്രധാനമന്ത്രിയുടെ പരിമിതിയെന്ന് ചോദിക്കാന്‍ ബിഷപ്പുമാര്‍ തയ്യാറായോ എന്നറിയില്ല.

ഇന്ത്യയില്‍ ഓരോ 40 മണിക്കൂറിലും ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ അരങ്ങേറുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കേന്ദ്രത്തില്‍ മതരാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ അധികാരത്തിലേറിയതിന് ശേഷം ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ 40ശതമാനം കണ്ട് വര്‍ധിച്ചുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ 2020 ജനുവരിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യ ജനാധിപത്യത്തില്‍ നിന്നും മതാധിപത്യത്തിലേക്ക് ചായുന്നത് കുറച്ചേറെ നാളുകളായി ജനാധിപത്യ വിശ്വാസികളെ ആകുലപ്പെടുത്തുന്നുണ്ട്. മുസ്ലിംകള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന ആക്രോശങ്ങളും ക്രൈസ്തവര്‍ യൂറോപ്പിലേക്ക് പോകണമെന്ന നിര്‍ദ്ദേശവും ഏത് ഇറച്ചി കഴിക്കണം എന്ന ഭക്ഷണകാര്യത്തില്‍ പോലുള്ള ഇടപെടലുകളും മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെ- പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിക്കുന്ന പ്രവണതകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നതും വസ്ത്രം നോക്കിയുള്ള വിവേചനവും പ്രചാരണവുമെല്ലാം ഈ മതാധിപത്യത്തിന്റെ സൂചനകളാണെന്നും ലേഖനത്തില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയിലെ ക്രൈസ്തവ സമുദായവും മത ന്യൂനപക്ഷങ്ങളും നേരിടുന്ന ഇത്തരം ഉത്കണ്ഠകളൊന്നും മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ദ്ദിനാള്‍മാര്‍ പങ്കുവെച്ചില്ല. പകരം ബിജെപിയെ തൊട്ടുകൂടാത്ത പാര്‍ട്ടിയായി കാണുന്നില്ലെന്നായിരുന്നു ചര്‍ച്ചക്ക് ശേഷം കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പ്രതികരിച്ചത്. ബിജെപിയും നരേന്ദ്ര മോദിയും ഈ കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമാക്കിയതും ക്രൈസ്തവ സഭകള്‍ക്ക് തങ്ങളുമായി തൊട്ടുകൂടായ്മയില്ല എന്ന് വരുത്തുകയായിരുന്നു.

ക്രൈസ്തവ സഭാ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചകളുടെ ലക്ഷ്യമെന്താണ്? സഭാംഗങ്ങളെ സംഘപരിവാർ പാളയത്തിലെത്തിക്കുക എന്ന രാഷ്ട്രീയ ദൗത്യമാണോ കര്‍ദ്ദിനാള്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്? DNA ചർച്ച ചെയ്യുന്നു.