Mon. Dec 23rd, 2024

വാളയാറിൽ രണ്ട് ദലിത് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പുനരന്വേഷണം ആവശ്യമാണെങ്കിൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാം. നാല് പ്രതികളും ഈ മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകണം.

വിചാരണ കോടതിയെയും പ്രോസിക്യൂഷനെയും പൊലീസിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിചാരണ കോടതി ജഡ്ജി തെളിവുകൾ പരിഗണിച്ചില്ല. പോക്സോ കോടതി ജഡ്ജിമാർക്ക് ആവശ്യമായ പരിശീലനം നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രോസിക്യൂട്ടർമാർ വീഴ്ച്ച വരുത്താതിരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പൊലീസ് അന്വേഷണം അവജ്ഞ ഉളവാക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വാളയാറിലെ അട്ടപ്പള്ളത്തെ ചെറിയ വീട്ടിലാണ് 13 വയസുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും 9 വയസ്സുള്ള ഇളയ പെൺകുട്ടിയെ മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍  വീഴ്ച്ചയുണ്ടായെന്ന ആരോപണം ഉയര്‍ന്നു.

തുടർന്ന് അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ എസ്ഐ പി സി ചാക്കോയെ ഒഴിവാക്കി. ഡിവൈഎസ്പി വാസുദേവൻ, സി ഐ വിപിൻദാസ് എന്നിവർക്കെതിരെ അന്വേഷണത്തിന് ശിപാർശ നൽകി. ഡിവൈഎസ്പി എം ജെ സോജനെ അന്വേഷണ ചുമതല ഏൽപ്പിച്ചു.

എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരും ആത്മഹത്യ ചെയ്തതാണ് എന്ന കുറ്റപത്രം 2017 ജൂൺ 22ന് കോടതിയിൽ സമർപ്പിച്ചു. തുടർന്ന് തെളിവുകളുടെ അഭാവത്തിൽ കേസിലെ എല്ലാ പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടു.

പ്രതികളെ വെറുതെ വിട്ടതിനെതിരെ ദലിത് സംഘടനകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രക്ഷോഭണങ്ങള്‍ നടന്നു. കുട്ടികളുടെ അമ്മയും അച്ഛനും മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് തുടരന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഇതെത്തുടര്‍ന്ന് അന്വേഷണത്തിൽ വീഴ്ച്ച വന്നതായും പുനരന്വേഷണം ആവശ്യപ്പെട്ടും സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കുട്ടികളുടെ അമ്മയും ഹൈക്കോടതിയിൽ ഹരജി നൽകി. ഈ ഹരജികൾ പരിഗണിച്ചാണ് ഹൈക്കോടതി വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയത്.

പെൺകുട്ടികളുടെ സമ്മതത്തോടെ ആയിരുന്നു ലൈംഗിക പീഡനം എന്ന് ഡിവൈഎസ് പി എംജെ സോജൻ ഒരു ചാനലിന് നൽകിയ ഫോൺ പ്രതികരണം എതിർപ്പിനിടയാക്കി. അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ സോജനെതിരെ ഒരു നടപടിയും ഉണ്ടായില്ല. അദ്ദേഹത്തിന് എസ് പി ആയി പ്രൊമോഷൻ നൽകുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു.

ഈ സാഹചര്യത്തിലാണ് വാളയാര്‍ കേസിലെ ഹൈക്കോടതി വിധി നീതി നടപ്പാകുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നത്. വൈകിയെങ്കിലും വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കുമോ? അന്വേഷണത്തിൽ കുറ്റകരമായ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുമോ? DNA ചർച്ച ചെയ്യുന്നു.