കൊച്ചി:
ആലുവ കെഎസ്ആര്‍ടിസി ടെര്‍മിനൽ നിര്‍മാണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. നിര്‍മാണം ഇഴയുന്നതുമൂലം യാത്രക്കാര്‍ക്ക് വളരെയേറെ പ്രയാസങ്ങള്‍ നേരിടുന്നതായി കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റ ണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
പൊതുമരാമത്ത് (കെട്ടിട വിഭാഗം,തൃശൂര്‍) സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കാണ് ഉത്തരവ് നല്‍കിയത്.
ടെര്‍മിനലിന്റെ നിര്‍മാണ ജോലികള്‍ എന്ന് പൂര്‍ത്തിയാകും എന്നതിനെക്കുറിച്ച് യാതൊരു വിവരവും പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ലഭ്യമല്ലെന്നും ഉത്തരവില്‍ പറയുന്നു. നിലവിലുള്ള സ്റ്റാൻഡ് പൊളിച്ചു മാറ്റിയിട്ടുണ്ട്.
എംഎല്‍എ ഫണ്ടില്‍ നിന്ന് ആറു കോടി നല്‍കിയിട്ടും പ്രാരംഭ പ്രവ്യത്തികള്‍ പോലും പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ച് ആലുവ സ്വദേശി ഡൊമിനിക് കാവുങ്കല്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കെഎസ്ആര്‍ടിസി, പൊതുമരാമത്ത് വകുപ്പ് എന്നിവരില്‍ നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. 2019 ഒക്ടോബര്‍ 28 നാണ് നിര്‍മാണത്തിനുള്ള കരാര്‍ ഒപ്പിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മാണ സ്ഥലം 2019 നവംബര്‍ 12 ന് ട്രാന്‍സ്കോണ്‍ കോര്പറേഷന് എന്ന കമ്പനിക്ക് കൈമാറി. സ്ട്രക്ചറല്‍ ജോലികള്‍, സോളിഡ് ബ്ലോക്ക്, മേസറി പ്രവ്യത്തികള്‍, പ്ലാസ്റ്ററിംഗ് എന്നിവയടക്കം 70 ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതായി മരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു.
എന്നാല്‍ റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്നും നിര്‍മാണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും പരാതിക്കാരന് അറിയിച്ചു.