Wed. Jan 22nd, 2025
Mina Plaza demolition in just 10 seconds

 

അബുദാബിയുടെ മുദ്രകളിലൊന്നായിരുന്ന മിനാ പ്ലാസ കെട്ടിട സമുച്ചയം  പൊളിച്ചുനീക്കിയത് വെറും 10 സെക്കൻഡ് കൊണ്ട്. ഇന്നലെ രാവിലെ എട്ടിനായിരുന്നു റെക്കോർഡ് ‘തകർക്ക’ൽ. നിയന്ത്രിത സ്ഫോടനത്തിലൂടെ 165 മീറ്റർ ഉയരമുള്ള കെട്ടിടം ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പൊളിച്ചതിനുള്ള ഗിന്നസ് റെക്കോർഡാണ് പദ്ധതിക്കു നേതൃത്വം നൽകിയ മൊഡോൺ പ്രോപ്പർട്ടീസ് സ്വന്തമാക്കിയത്.

മിനാ സായിദ് വികസനത്തിന്റെ ഭാഗമായാണു കെട്ടിടം പൊളിച്ചു നീക്കിയത്. 2007ൽ  ആരംഭിച്ച്  നിർമാണം പൂർത്തിയാകാതെ ഉപേക്ഷിച്ച കെട്ടിടമായിരുന്നു മിനാ പ്ലാസ. കെട്ടിടം പൊളിച്ച സ്ഥലത്ത് വിനോദത്തിനും ഷോപ്പിങ്ങിനും കൂടി ഉപയോഗപ്പെടുത്താവുന്ന വിപണി നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നാണ് അധികൃതർ പറയുന്നത്. 

കെട്ടിടത്തിൽ 18,000 തുളകളുണ്ടാക്കി ആറു കിലോ സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ച് പരസ്പരം ബന്ധിപ്പിച്ച് സാങ്കേതിക വിദ്യയുടെ എല്ലാ അതിനൂതന സൗകര്യങ്ങളും ഉറപ്പുവരുത്തിയായിരുന്നു തകർക്കൽ. ഒന്നര വർഷം നീണ്ട തയാറെടുപ്പുകൾ റെക്കോർഡ് സമയത്തിൽ പൊളിക്കാൻ സഹായകമായതായി മൊഡോൺ പ്രോപ്പർട്ടീസ് ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ബിൽ ഒ റെഗാൻ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam