Sun. Dec 22nd, 2024
Farmers Protest Continues in Delhi
ഡൽഹി:

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരം തുടരുകയാണ്. ഓൾ ഇന്ത്യ കിസാൻ സംഘർഷ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ  ദില്ലി ചലോ എന്ന പാർലമെന്റ് ഉപരോധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.

ഡൽഹി-ഹരിയാന അതിര്‍ത്തിയിൽ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വടക്കൻ ദില്ലിയിലെ ബുറാഡിയിൽ സമരത്തിന് സ്ഥലം നൽകാമെന്ന പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം  കര്‍ഷകര്‍ ഇന്നലെ ദില്ലിയിലേക്ക് പ്രവേശിച്ചിരുന്നു.

ഏകദേശം അഞ്ഞൂറോളം കർഷക സംഘടനകളാണ്  ബുറാഡി മൈതാനയിൽ ഇപ്പോൾ പ്രതിഷേധത്തിനായി ഒത്തുകൂടിയിരിക്കുന്നത്. ഡൽഹി- ഹരിയാനയിൽ അഞ്ച് അതിർത്തികളാണ് ഉള്ളത് അതിലെ സിംഗുവുൽ അതിർത്തി ഒഴികെ മറ്റെല്ലാ അതിർത്തികളും തുറന്നു കഴിഞ്ഞു. ഇവിടെ മാത്രമാണ് താത്കാലികമായി ഒരു സംഘർഷാവസ്ഥ  നിലനിൽക്കുന്നത്.

 ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിംഗു അതിര്‍ത്തിയിലെ കർഷകർ.

മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കർഷകരുടെ ദില്ലി ചലോ മാർച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്.

ഡൽഹി- ഹരിയാന അതിർത്തിയായ സിംഗുവിൽ എത്തിയ കർഷകർക്ക‌് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം  പ്രയോഗിച്ചു. ആദ്യമൊക്കെ അല്‍പ്പം പുറകോട്ടുമാറിയ കർഷകർ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു പ്രതിഷേധ രം​ഗത്തുണ്ടായത്.

ആറ് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ ദില്ലി ചലോ പ്രക്ഷോഭത്തിന്‍റെ ഭാഗമായി  എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3 ന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍  ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാൽ നിയമം പിൻവലിക്കാതെ ഇനി സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എല്ലാ  കര്‍ഷക സംഘടനകളും.

https://www.youtube.com/watch?v=iplyk4KgiDQ

By Arya MR