Sat. Jan 18th, 2025
Shri. Suhas IAS
കൊച്ചി:

ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ജില്ലാ കളക്ടർ എസ്. സുഹാസ് നേരിട്ട് എത്തി നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളാണ് കളക്ടറുടെ നിർദ്ദേശപ്രകാരം നീക്കിയത്. ബന്ധപ്പെട്ടവരിൽ നിന്ന് പിഴയീടാക്കാനും നിർദേശിച്ചു. ഇതേക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

പൊതു-സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ചട്ടംലംഘിച്ച് സ്ഥാപിക്കുന്ന ബോർഡുകൾ ഉടനെ നീക്കം ചെയ്യും. കുറ്റക്കാരിൽ നിന്ന് പിഴയീടാക്കുകയും ചെയ്യും. പ്രചരണ രംഗത്തെ മേൽനോട്ടത്തിനായി ജില്ലാ – താലൂക്ക് അടിസ്ഥാനത്തിൽ ആന്റി- ഡീഫേസ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. പ്ളാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കൾ പ്രചരണത്തിനായി ഉപയോഗിക്കരുത്.

സർക്കാർ ഓഫീസുകൾ, കോമ്പൗണ്ടുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പ്രചരണം പാടില്ല. കൊച്ചി മെട്രോയുടെ തൂണുകളും കെട്ടിടങ്ങളും പ്രചരണ വസ്തുക്കൾ പതിപ്പിക്കാൻ ഉപയോഗിക്കരുത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചുവരുകളും സ്ഥലങ്ങളും മുൻകൂട്ടിയുള്ള അനുവാദത്തോടെ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാവൂ. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആന്റി ഡീ ഫെയ്സ്മെന്റ് സ്ക്വാഡുകൾക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.