Wed. Nov 6th, 2024
udhakaran Punchakkad remembers about CPM's political murder attempt against him

പലപ്പോഴും പാർട്ടിയ്ക്ക് രക്തസാക്ഷികൾ ഉണ്ടാവുന്നതല്ല, പാർട്ടി തന്നെ ഉണ്ടാക്കുന്നതാകും. ഇത് സമൂഹത്തിലെ പരസ്യമായ ഒരു രഹസ്യമാണ്. രക്തസാക്ഷികളാകുന്നവരെ പാർട്ടി സ്മൃതിമണ്ഡപം തീർത്തും അനുസ്‌മരണ യോഗം നടത്തിയും ഉയർത്തിക്കാണിക്കും. പക്ഷേ, പാർട്ടി ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട് പാതിജീവനുമായി ജീവിക്കുന്ന മനുഷ്യരെ പാർട്ടി സൗകര്യപൂർവം മറക്കും. എന്നാൽ, ജീവനുതുല്യം സ്നേഹിച്ച പാർട്ടി തങ്ങളോട് ചെയ്തത് അവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ.

തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും പാർട്ടിക്ക് വേണ്ടി ചിലവഴിച്ചിട്ടും പാർട്ടി തിരികെ സമ്മാനമായി കൊലയാളികളെ പറഞ്ഞയച്ച ദിനത്തിന്റെ ഓർമ്മ പുതുക്കുകയാണ് കണ്ണൂർ പയ്യന്നൂർ സ്വദേശി സുധാകരൻ പുഞ്ചക്കാട്. മുൻപ് പലതവണ സിപിഎമ്മിൽ നിന്ന് താൻ നേരിട്ട മനുഷ്യത്വരഹിതമായ ആക്രമണത്തെ കുറിച്ച് സുധാകരൻ പുഞ്ചക്കാട് തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ നവംബർ 23 ആ കറുത്ത ദിനത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നു.

അന്ന് താൻ കണ്ട പാർട്ടിയുടെ മറ്റൊരു മുഖവും മരണത്തിനും ജീവിതത്തിനുമിടയിലെ അവസ്ഥയും സുധാകരൻ പുഞ്ചക്കാട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുകയാണ്. ‘പുനർജന്മത്തിനന്റെ  പത്ത് വർഷങ്ങൾ’ എന്ന തലക്കെട്ടോടെയാണ് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

Sudhakaran Punchakkad remembers about CPM's political murder attempt against him
Picture Courtesy: Facebook; Sudhakaran Punchakkad’s post

2010ലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയുടെ കാരണക്കാരൻ എന്ന കെട്ടുകഥയുണ്ടാക്കി നവംബർ 23ന് വൈകുന്നേരം പാർട്ടി ഒപ്പുവച്ച മരണവാറണ്ടുമായി എത്തിയ കറുത്ത വാഗണർ കാർ തനിക്ക് നേരെ രണ്ട് ബോംബും 17 വെട്ടും വീശിയത് സുധാകരൻ ഓർത്തെടുക്കുന്നു.

താൻ ഇല്ലാതെ അനാഥമായിപ്പോകുന്ന തന്റെ ഭാര്യയെയും മക്കളെയും ഓർത്തു വേവലാതിപ്പെട്ട് മരണത്തെ സ്വീകരിക്കാൻ തയാറായി ആശുപത്രിയിലേക്ക് പോകുമ്പോൾ കൊലയാളികൾ പാർട്ടിയുടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉൾവലിയുകയായിരുന്നുവെന്ന് സുധാകരൻ കുറിക്കുന്നു.

മാസങ്ങൾ നീണ്ട ഡോകട്ർമാരുടെ പരിശ്രമങ്ങളുടെ ഫലമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും വിടാതെ പിന്തുടർന്ന വേദനയിൽ സഹിക്കെട്ട് ദയാവധം നടത്താൻ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് കത്തെഴുതിയെന്നും സുധാകരൻ പറയുന്നു.

“എന്താണ് ഈ ഒരു കൊലപാതക ശ്രമത്തിലൂടെ സിപിഎം പറയാൻ ശ്രമിച്ചത്?

അതിന് ഒരറ്റ ഉത്തരമേയുള്ളൂ; അത് ഫാഷിസത്തിൻ്റെ വഴിയാണ്. ഭയപ്പെടുത്തുക എന്നതാണ് ഫാഷിസത്തിൻ്റെ അടിസ്ഥാന പ്രമാണം. ഭയത്തിൽ നിന്നാണ് ഭയപ്പെടുത്തലുണ്ടാകുന്നത് എന്നത് ഒരു സാമാന്യ നിരീക്ഷണമാണ്. അതുകൊണ്ടാണ് ഒരു വെട്ടിൽ തീർക്കാവുന്ന കാര്യം 51 വെട്ടിൽ എത്തിക്കുന്നതിൻ്റെ പിന്നിലുള്ള ആലോചന.” സുധാകരൻ കുറിച്ചു.

പക്ഷെ ഫാഷിസ്റ്റുകൾക്ക് അറിയാത്ത ഒരേ ഒരു കാര്യം ചരിത്രത്തിൻ്റെ വായന മാത്രമാണ്. എന്തുകൊണ്ടെന്നാൽ, ചരിത്രത്തിൽ ഒരു ഫാസിസ്റ്റും ഒരു രാത്രിയിലും സ്വസ്ഥമായി ഉറങ്ങിയിട്ടില്ലായെന്നതാണ്.ഒരു ഫാഷിസ്റ്റ് ഭരണകൂടവും ദീർഘനാൾ വാണിട്ടുമില്ല. തീർച്ചയായും ജനാധിപത്യം നിങ്ങളെ വിചാരണ ചെയ്തു കൊണ്ടേയിരിക്കും,” സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“തീർച്ചയായും സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും അഭയകേന്ദ്രങ്ങൾ തന്നെയായിരുന്നു കമ്മ്യൂണിസ്റ്റു പാർട്ടികൾ എന്നതിൽ യാതൊരു സംശയവും ഇല്ല. അധികാരത്തിൻ്റെ ഒപ്പു തീർപ്പുവ്യവസ്ഥകളിൽ മാഫിയ മൂലധനവുമായി സന്ധി ചെയ്യുന്നിടത്താണ് കൊലകളും കൊലയാളികളും നിങ്ങൾക്ക് ഇത്രമേൽ ഹൃദ്യമായി തുടങ്ങിയത്,” സുധാകരൻ കൂട്ടിച്ചേർത്തു.

സുധാകരൻ പുഞ്ചക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പുന:ർജന്മത്തിൻ്റെ പത്തു വർഷങ്ങൾ….🙏🏻
ചില ഓർമ്മകൾ അങ്ങനെയാണ്…
മരണം വരെയും ചിതലരിക്കാതെ നിഴൽ പോലെ… നമ്മളെ പിന്തുടർന്നുകൊണ്ടേയിരിക്കും.
കഴിഞ്ഞ പത്തു വർഷമായി എല്ലാ ദിവസവും, ചിലപ്പോൾ ദിവസങ്ങളിൽ പല നേരവും…എൻ്റെ ഓർമ്മകൾ 2010 നവംബർ 23ന് സിപിഎം എന്ന പാർട്ടി എൻ്റെ മരണവാറണ്ടിൽ ഒപ്പുവെച്ചതിനെ കുറിച്ചുള്ളത് മാത്രമായിരുന്നു.
ഓരോ നവംബർ 23 വരുമ്പോഴും മനസ്സിൽ വല്ലാത്തൊരു നീറ്റലാണ്….
ചരിത്രം കലണ്ടർ വർഷങ്ങളെ മാനിക്കപ്പെടാറില്ലെങ്കിലും ഓർമ്മകൾ പൂത്തു കൊണ്ടേയിരിക്കുന്നത്, ജീവിതം അത്രമേൽ കളങ്കിതമല്ലാത്തതു കൊണ്ടു കൂടി മാത്രമാണ്..
“കാലം എല്ലാ മുറിവുകളേയും ഉണക്കില്ലേ സുധാകരാ” എന്ന് ചോദിച്ച എല്ലാ സുഹൃത്തുക്കളോടും സഖാക്കളോടും പറയാനുള്ളത് ബെന്യാമിൻ പറഞ്ഞ വാക്കുകൾ മാത്രമാണ്…
”നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് “
ഞാനുഭവിച്ച വേദനകളും സങ്കടങ്ങളും ദുഃഖങ്ങളും എൻ്റെ ജീവിതത്തിൻ്റെ നേർകാഴ്ചകളാണ്.അത് ഓർത്തിരിക്കാനുള്ള അവകാശമെങ്കിലും നിങ്ങളെനിക്ക് അനുവദിച്ചു തരണം.
ഒരു തെരഞ്ഞെടുപ്പ് തോൽവിയുടെ കെട്ടുകഥ ഉണ്ടാക്കി, ജീവിക്കാലം മുഴുവനവും പാർട്ടിയിൽ ജീവിച്ച ഒരു മനുഷ്യൻ്റെ മരണവാറണ്ടിൽ ഒപ്പുവെയ്ക്കുമ്പോൾ, ശത്രുക്കൾക്ക് പോലും അനുവദനീയമായ ‘വിചാരണ’ എന്ന പ്രഹസനം പോലും നിങ്ങൾ മറന്നു പോയല്ലോ സഖാക്കളെ….
ബാലസംഘം തൊട്ടേ പൊക്കിൾകൊടി ബന്ധമാണ് എനിക്ക് സിപിഎം എന്ന പാർട്ടിയുമായിട്ടുള്ളത്.പാർട്ടി വേറെ കുടുംബം വേറെ എന്നൊന്ന് ഉണ്ടായിരുന്നില്ല. അങ്ങനെ പറയുമ്പോൾ എത്ര പേർക്ക് അത് ഉൾക്കൊള്ളാൻ സാധിക്കുമെന്ന് എനിക്കറിയില്ല. പക്ഷെ സത്യമതാണ്. പാർട്ടിയെന്നത് ഒരു മതം പോലെയാണ്. പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയുടെ കൂടെ നിൽക്കുക, നമ്മുടെ പ്രതിസന്ധികളിൽ പാർട്ടി നമ്മളെ ചേർത്തു പിടിക്കും എന്നതാണ് വിശ്വാസ പ്രമാണം. അങ്ങനെ വിശ്വസിക്കാനുള്ള വളരെ പ്രധാന കാരണം,പാർട്ടി എല്ലായിപ്പോഴും ശരിയായിരിക്കും എന്ന ബോധ്യമാണ്. പാർട്ടിക്ക് തെറ്റ് പറ്റില്ല എന്ന രൂഢമായ വിശ്വാസം. തീർത്തും നിസ്വാർത്ഥമായ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ബാലപാഠമണ് പാർട്ടി പഠിപ്പിച്ചത്; അതു തന്നെയാണ് പഠിച്ചതും. പാർട്ടിയിൽ നിന്ന് എന്ത് കിട്ടും എന്നതല്ല, പാർട്ടിക്ക് എന്തു കൊടുക്കാനാവും എന്നതായിരുന്നു ആലോചന. അതുകൊണ്ടാണ് പ്രവാസ ജീവിതത്തിലെ ആദ്യ ശബളം പാർട്ടിക്ക് അയച്ചു കൊടുക്കുമ്പോൾ യഥാർത്ഥത്തിൽ അത് വീട്ടിലേക്ക് തന്നെയാണ് അയക്കുന്നത് എന്ന തോന്നലുണ്ടാകുന്നത്. ഇതൊരു വീമ്പു പറച്ചില്ലല്ല, മറിച്ച് സ്വാഭാവിക ജീവിത വിശ്വാസമാണ്. ‘ക്യൂബ മുകുന്ദ’ന്മാരെ സൃഷ്ടിക്കുക എന്നത് ഒരു കാലത്തെ സംഘടനാവൈഭവമാണ്.
ബോധ്യങ്ങളാണ് മനുഷ്യൻ്റെ വിശ്വാസത്തിന് അടിസ്ഥാനം, സംഘടനകൾക്കും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ലോകത്ത് ഒട്ടേറെ ചിന്തകൾ ഉണ്ടാകുന്നത് ഒട്ടേറെ സംഘടനകൾ ഉണ്ടാകുന്നത്. എല്ലാവരേയും ഒരു ചരടിൽ കോർത്തുകളയാം എന്നത് പ്രകൃതി വൈരുദ്ധ്യാത്മകതയ്ക്ക് കടകവിരുദ്ധമായിട്ടുള്ള കാര്യമാണ്,ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്.
മതത്തിൽ നിന്ന് മാർക്സിസത്തിലേക്ക് വലിയ ദൂരമില്ലെന്ന ബോധ്യത്തിൽ നിന്നാണ് സംഘടനയിൽ നിന്നും ഞാൻ അകലാൻ തുടങ്ങുന്നത്. അപ്പോഴും വ്യക്തി ബന്ധങ്ങളിലും സൗഹൃദങ്ങളിലും സഖാക്കൾ അടക്കമുള്ള എല്ലാവരോടും അങ്ങേയറ്റം സ്നേഹവായ്പ്പുകൾ തന്നെയായിരുന്നു.അതു കൊണ്ട് തന്നെ വീട്ടിൽ ‘ദേശാഭിമാനി’ വരുത്തുന്നതിനോ പാർട്ടിക്ക് പിരിവ് കൊടുക്കുന്നതിനോ യാതൊരു തടസ്സവും ഇല്ലാതിരുന്നത്…
അങ്ങനെയിരിക്കെയാണ് 2010 ലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയുടെ കാരണക്കാരൻ എന്ന കെട്ടുകയുണ്ടാക്കി നവംബർ 23 ന് വൈകുന്നേരം പാർട്ടി ഒപ്പുവച്ച മരണവാറണ്ടുമായി കറുത്ത വാഗൺ – ആർ കാർ എൻ്റെ മുന്നിലെത്തുന്നത്.
രണ്ട് ബോബുകൾ…. 17 വെട്ടുകൾ….. നിമിഷ നേരം കൊണ്ട് മരണം ഉറപ്പാക്കിക്കഴിഞ്ഞ കൊലയാളികൾ (ക്ഷമിക്കണം കമ്മ്യൂണിസ്റ്റ് സഖാക്കൾ!) പാർട്ടിയുടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉൾവലിയുമ്പോൾ, രക്തം തളം കെട്ടി നിൽക്കുന്ന റോഡരികിൽ നിന്നും വെട്ടി നുറുക്കപ്പെട്ട ശരീര അവയവങ്ങൾ, എൻ്റെ പ്രിയപ്പെട്ട നാട്ടുകൾ സുഹൃത്തുക്കൾ വാരിയെടുത്ത് അതുവഴി വന്ന വാഹനത്തിൽ കയറ്റുമ്പോൾ ജീവിതത്തോട് യാത്ര പറയാൻ മാനസ്സികമായി ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു.
എന്നേയും കൊണ്ട് വാഹനം വീടിൻ്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ പാതിമറഞ്ഞ കണ്ണാലെ വീട്ടിലേക്കൊന്ന് നോക്കി…
ആ വീട്ടിനുള്ളിൽ ഇതൊന്നും അറിയാതെ മീൻ വാങ്ങിക്കാൻ പോയ ഭർത്താവിനേയും കാത്ത് നിൽക്കുന്ന എൻ്റെ പ്രിയപ്പെട്ടവളും ഒമ്പതും ഏഴും വയസ്സുള്ള രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇനി ആരാണ് അവർക്കുള്ളത് എന്ന ചിന്തയായിരുന്നു മംഗലാപുരം യൂണിറ്റിയിൽ എത്തുന്നതുവരെയും…
പിന്നീട് അങ്ങോട്ട് തികച്ചും അവിശ്വസിനീയ കാര്യങ്ങൾ തന്നെയായിരുന്നു… ‘ദൈവ’ദൂതന്മാരെ പോലെയുള്ള ഡോക്ടർമാരുടെ മുന്നിലെത്തുമ്പോൾ ജീവിൻ്റെ അവസാന ശ്വാസം ബാക്കി… ആദ്യം ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമം… അതു കഴിഞ്ഞ് ഇടതുകാൽ മുറിക്കേണ്ടി വരുമെന്ന ഡോക്ടറുടെ അഭിപ്രായം… കാൽ മുറിക്കാതെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന സുഹൃത്തുക്കളുടെ അപേക്ഷ….. എൻ്റെ ഭാഗ്യവും ഡോക്ടർമാരുടെ അക്ഷീണപരിശ്രമവും കൊണ്ട് അറ്റു വീണ കൈവിരലുകൾ, കാൽമുട്ട് കാൽപാദം എല്ലാം ഒരു വിധത്തിൽ തുന്നിപ്പിടിപ്പിച്ചു. പിന്നീട് മംഗലാപുരത്ത് യൂണിറ്റിയും കോഴിക്കോട് ബേബി മെമ്മോറിയലിലും ദീർഘകാലത്തെ ചികിത്സ…. കാലിലും കൈയ്യിലും പല ഭാഗങ്ങളിലും രക്തോട്ടമില്ല. അതിൻ്റെ തരിപ്പും മരവിപ്പും വേദനയും വിട്ടുമാറാതെ കൂടെയുണ്ട്. ഈ കുറിപ്പ് എഴുതുന്നതിനു അല്ലം മുമ്പ് ഇതൊക്കെ വീണ്ടും ഓർത്തപ്പോൾ വീട്ടിൽ എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു…. അന്ന് ഞാൻ അവസാനിച്ചിരുന്നെങ്കിൽ എൻ്റെ അമ്മയുടേയും ഭാര്യയുടേയും കുട്ടികളുടേയും സങ്കടം ആരു കേൾക്കുമായിരുന്നു. ഏത് കല്ല് വെച്ച നുണകൾ കൊണ്ടായിരിക്കും പാർട്ടി പ്രതിരോധം തീർക്കുക!
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഞാൻ പൂർണ്ണമായും കിടപ്പിലായി. നടക്കാനോ ജോലിക്ക് പോകാനോ സാധിക്കുമെന്നത് വിദൂര പ്രതീക്ഷപോലും അല്ലാതായി. ഇങ്ങനെയുള്ള കിടപ്പ് അസ്സഹനീയമായപ്പോഴാണ് ദയാവധത്തിനു വേണ്ടി ഞാൻ 2011 ൽ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് കത്തെഴുതുന്നത്.പാർട്ടിയുടെ കൊലയാളി സംഘമാണ് എന്നെ ഈ വിധത്തിലാക്കിയത് അവരോട് പറഞ്ഞ് എന്നെ അവസാനിപ്പിച്ച് തരണം എന്നതായിരുന്നു എൻ്റെ കത്തിൻ്റെ ഉള്ളടക്കം. പക്ഷെ എന്തുകൊണ്ടോ പാർട്ടി ആ ദൗത്യം ഏറ്റെടുത്തില്ല!
മനോരമ പത്രം മുൻപേജിൽ വാർത്ത റിപ്പോർട്ട് ചെയ്തു. പല സ്ഥലങ്ങളിൽ നിന്നും പലരും വിളിച്ചു. പാർട്ടിയുടെ സംസ്ഥാന നേതാക്കൾ വിളിച്ചു, ഉത്തരവാദിത്വപ്പെട്ടവർ വീട്ടിൽ വന്നു… ‘ചില തെറ്റിദ്ധാരയണയുടെ പുറത്ത് സംഭവിച്ചതാണ്’ കുറ്റവാളികൾക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞു. ആർക്കെതിരേയും ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, അവർക്കൊക്കെ സ്ഥാനക്കയറ്റവും സംരക്ഷണവും നൽകുന്ന വിചിത്ര കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
എല്ലാ അർത്ഥത്തിലും ജീവിതം വലിയ പ്രതിസന്ധിയിൽ നിൽക്കുകയാണ്. എങ്ങിനെ കാര്യങ്ങൾ മുന്നോട്ട് പോകും? മറ്റുള്ളവരെ എത്രകണ്ട് ആശ്രയിക്കാനാകും? ഇങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങൾക്കുള്ള ഉത്തരം സരിത (ഭാര്യ)യുടെ തീരുമാനമായിരുന്നു. എങ്ങിനെയെങ്കിലും ഒരു ജോലി സമ്പാദിക്കുക… ജീവിതം ചില വാശികളുടേതു കൂടിയായിരിക്കുമല്ലോ? വിവാഹശേഷം B com പഠനം നിർത്തിയ സരിത 36 മത്തെ വയസ്സിൽ PSC ക്ലാസിൽ ചേർന്നു… പിന്നീടൊരു വാശിയായിരുന്നു. ഒരു വർഷം കൊണ്ട് എട്ടാം റാങ്കോടെ ഒരു സർക്കാർ ജോലി… പറഞ്ഞറിയിക്കാനാത്ത സന്തോഷമായിരുന്നു അന്ന് ഞങ്ങൾക്ക്…
എല്ലാം അവസാനിച്ചെന്ന് കരുതിയടുത്ത് നിന്ന് ഞങ്ങളെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു പാട് നല്ല മനുഷ്യരുണ്ട്… വെട്ടേറ്റ് വീണപ്പോൾ വാരിയെടുത്തവർ… അവസാന ശ്വാസത്തിൽ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ഡോക്ടർമാർ… സാമ്പത്തീകമായും ശാരീരികമായും എൻ്റെ കൂടെ അന്നും ഇന്നും നിഴൽ പോലെ നിന്നിട്ടുള്ള സുഹൃത്തുക്കൾ ബന്ധുക്കൾ….. നന്ദി എന്ന വാക്കുകൾ കൊണ്ടെന്നും തീരുന്ന ബന്ധമല്ല അവരോടുള്ളത്… അവസാന ശ്വാസത്തിലും തെളിയുന്ന മുഖങ്ങളായിരിക്കും അതൊക്കെ….
എന്താണ് ഈ ഒരു കൊലപാതക ശ്രമത്തിലൂടെ സി പി എം പറയാൻ ശ്രമിച്ചത്?
അതിന് ഒരറ്റ ഉത്തരമേയുള്ളൂ; അത് ഫാഷിസത്തിൻ്റെ വഴിയാണ്. ഭയപ്പെടുത്തുക എന്നതാണ് ഫാഷിസത്തിൻ്റെ അടിസ്ഥാന പ്രമാണം. ഭയത്തിൽ നിന്നാണ് ഭയപ്പെടുത്തലുണ്ടാകുന്നത് എന്നത് ഒരു സാമാന്യ നിരീക്ഷണമാണ്. അതുകൊണ്ടാണ് ഒരു വെട്ടിൽ തീർക്കാവുന്ന കാര്യം 51 വെട്ടിൽ എത്തിക്കുന്നതിൻ്റെ പിന്നിലുള്ള ആലോചന. ഒരാളെ കൊല്ലുക എന്നതില്ലല്ല ഒരു ജനതയെ വരുതിയിൽ നിർത്തുക എന്നതാണ് ഫാഷിസം ലക്ഷ്യമിടുന്നത്. അതിനുള്ള ഒരു ഉപായം മാത്രമാണ് കൊലപാതകം. അതു കൊണ്ട് സമൂഹത്തിനകത്ത് സ്നേഹം വിതച്ചാൽ അത് പൗരന്മാരെ സൃഷ്ടിക്കുമെന്നും പൗരന്മാർ ജനാധിപത്യം ഉദ്ഘോഷിക്കുമെന്നും, ഭയം വിതച്ചാൽ അത് പ്രജകളെ സൃഷ്ടിക്കുമെന്നും അവർ വിധേയത്വമുള്ളവർ ആയിക്കുമെന്നും ഫാഷിസ്റ്റുകൾക്ക് മറ്റാരേക്കാളും നന്നായിട്ട് അറിയാവുന്ന ബാലപാഠമാണ്. പക്ഷെ ഫാഷിസ്റ്റുകൾക്ക് അറിയാത്ത ഒരേ ഒരു കാര്യം ചരിത്രത്തിൻ്റെ വായന മാത്രമാണ്. എന്തുകൊണ്ടെന്നാൽ, ചരിത്രത്തിൽ ഒരു ഫാസിസ്റ്റും ഒരു രാത്രിയിലും സ്വസ്ഥമായി ഉറങ്ങിയിട്ടില്ലായെന്നതാണ്.ഒരു ഫാഷിസ്റ്റ് ഭരണകൂടവും ദീർഘനാൾ വാണിട്ടുമില്ല. തീർച്ചയായും ജനാധിപത്യം നിങ്ങളെ വിചാരണ ചെയ്തു കൊണ്ടേയിരിക്കും…
തീർച്ചയായും സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും അഭയകേന്ദ്രങ്ങൾ തന്നെയായിരുന്നു കമ്മ്യൂണിസ്റ്റു പാർട്ടികൾ എന്നതിൽ യാതൊരു സംശയവും ഇല്ല. അധികാരത്തിൻ്റെ ഒപ്പു തീർപ്പുവ്യവസ്ഥകളിൽ മാഫിയ മൂലധനവുമായി സന്ധി ചെയ്യുന്നിടത്താണ് കൊലകളും കൊലയാളികളും നിങ്ങൾക്ക് ഇത്രമേൽ ഹൃദ്യമായി തുടങ്ങിയത്…
പ്രിയ സഖാക്കളെ… നിങ്ങളിൽ ആരെങ്കിലും ഇപ്പോഴും മനുഷ്യവിമോചനത്തെ കുറിച്ചും സമത്വത്തെ കുറിച്ചും സ്വപ്നം കാണുന്നുണ്ടെങ്കിൽ…. അന്യൻ്റെ ശബ്ദം സംഗീതമായി കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കൊലകളേയും കൊലയാളികളേയും പടിക്കു പുറത്തു നിർത്തുക തന്നെ വേണം…
സസ്നേഹം,
സുധാകരൻ പുഞ്ചക്കാട്
23/11/2020
<img class=”j1lvzwm4″ src=”data:;base64, ” width=”18″ height=”18″ />

 

By Arya MR