കൊച്ചി:
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ രാജ്യത്തെ പത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന പൊതു പണിമുടക്ക് കൊച്ചിയിൽ ജനജീവിതത്തെ ഭാഗികമായി ബാധിച്ചു. പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ അണിചേരുന്നുത്. ഐഎൻടിയുസി , എഐടിയുസി , ഹിന്ദ് മസ്ദൂര്‍ സഭ , സിഐടിയു ,ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ, ട്രേഡ് യൂണിയൻ കോർഡിനേഷൻ സെന്റർ , സെൽഫ് എംപ്ലോയ്ഡ് വിമിൻസ് അസോസിയേഷൻ , ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് , ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ എന്നീ സംഘടനകൾ ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പണിമുടക്കിൻറെ ആവശ്യങ്ങള്‍
ആദായ നികുതിദായകരമല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 അക്കൗണ്ടില്‍ നിക്ഷേപിക്കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, വര്‍ഷം 200 തൊഴില്‍ ദിനം വര്‍ധിപ്പിച്ച വേതനത്തില്‍ ലഭ്യമാക്കാനായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുക, പ്രതിരോധ, റെയില്‍വെ, തുറമുഖ, വ്യോമയാന, വൈദ്യുതി, ഖനനം, ധനം എന്നീ മേഖലകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വാകാര്യവത്കരണം ഉപേക്ഷിക്കുക, കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളി വിരുദ്ധ കോഡുകളും പിന്‍വലിക്കുക, കേന്ദ്ര സര്‍വീസ് പൊതുമേഖല ജീവനക്കാരെ നിര്‍ബന്ധപൂര്‍വ്വം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പുതിയ പെന്‍ഷന്‍ പദ്ധതിക്ക് പകരം മുന്‍ സംവിധാനം പുനഃസ്ഥാപിക്കുക, എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി- 1995 മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ഗതാഗത സൗകര്യം
പണിമുടക്ക് തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴും പൊതു ഗതാഗത വാഹനങ്ങൾ ഇല്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. കെഎസ്ആർടിസി യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ബസ് സർവീസുകളും ഇല്ല. കൊച്ചി മെട്രോ സർവീസ് നടത്തുന്നതിനാൽ ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ നിന്നുള്ളവർ നഗരത്തിലെത്താൻ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഓഫീസ് തുറന്നിട്ടും യാത്ര സൗകര്യം ഇല്ലാത്തതിനാൽ ജോലിക്ക് പോകാൻ ബുദ്ധിമുട്ടുന്നവരുമുണ്ട്. ബാങ്കിങ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. ഓട്ടോ, ടാക്സി സർവീസുകളും പൂർണമായി പണിമുടക്കിലാണ്. റെയിൽവേ സ്റ്റേഷനുകളിൽ എത്തിയ യാത്രക്കാരെ പൊലീസ് യഥാസ്ഥലങ്ങളിൽ എത്തിച്ചു. അതേസമയം, എവിടെയും വാഹനങ്ങള്‍ തടയുകയോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. ഐടി മേഖലയുടെ പിന്തുണയോടു കൂടി ആയിരുന്നു പണിമുടക്ക്. മിക്കവരും വര്‍ക്ക് ഫ്രം ഹോമില്‍ ആയിരുന്നതിനാല്‍ ഐടി മേഖലയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല.

അവശ്യവസ്തുക്കൾ
പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു . തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് ബാധിച്ചില്ല. ഹോട്ടലുകളും മറ്റും തുറന്നെങ്കിലും അടക്കണം എന്ന ആവശ്യം ശക്തമായതോടെ അടക്കേണ്ടി വന്നുവെന്ന് ഹോട്ടൽ ഉടമകൾ വോക്ക് മലയാളത്തോട് പ്രതികരിച്ചു. സ്വിഗ്ഗി,സോമാറ്റോ തുടങ്ങിയ ഭക്ഷണ വിതരണ ഓൺലൈൻ സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. ‘ഓർഡറുകൾ കുറവാണ്… പിന്നെ രാവിലെ തുറന്ന ഹോട്ടലുകൾ അടക്കാൻ ആവിശ്യപ്പെട്ടതോടെ ഓർഡറുകളുടെ എണ്ണം വീണ്ടും കുറഞ്ഞു…’ സ്വിഗ്ഗി ഡെലിവറി ബോയി ബോബി വോക്ക് മലയാളത്തോട് പ്രതികരിച്ചു.

കൊച്ചിയുടെ നഗര കേന്ദ്രമായ ബ്രോഡ്‍വെയും കൊച്ചി മാർക്കറ്റും സ്തമ്പിച്ച നിലയിൽ ആണ്. ചുരുക്കം ചില കടകൾ ഒഴിച്ചാൽ ബാക്കി എല്ലാം തന്നെ അടച്ചിട്ട നിലയിലാണ്. ‘കുറച്ച് പേർ പറഞ്ഞു ഇന്ന് കട തുറക്കാമെന്ന്. അതുകൊണ്ട് ആണ് ഇന്നലെ പതിനായിരം രൂപയോളം മുടക്കി ചരക്ക് എടുത്തത് . ഇന്ന് കച്ചവടമേ നടന്നിട്ടില്ല. ഇങ്ങനെ പോയാൽ ഈ പച്ചക്കറികൾ ഒക്കെ വെറുതെ കളയേണ്ടി വരും’. കൊച്ചി മാർക്കറ്റിലെ പച്ചക്കറി കട ഉടമയായ ബാബുവിന്റെ വാക്കുകൾ ആണ്. ബാബുവിന് പോലെ ഒരുപാട് പേർ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ ഉപഭോക്താക്കളുടെ വരവും നോക്കി കൊച്ചി മാർക്കറ്റിൽ ഉണ്ട്. പണിമുടക്ക് ഹർത്താലായി മാറുമെന്ന് ഇവരിൽ പലരും പ്രതീഷിച്ചിരുന്നില്ല.

പണിയില്ലാ കാലത്തെ പണിമുടക്ക്
പണിയില്ലാത്തപ്പോൾ ഈ പണിമുടക്കിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നാണ് ചില തൊഴിലാളികളുടെ അഭിപ്രായം. ലോക്ഡൗൺ പിൻവലിച്ചിട്ടും ടാക്സി, ഓട്ടോ, ടൂറിസം സർവീസുകളും ഹോട്ടൽ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങളും സ്ഥാപനങ്ങളും സാധാരണ നിലയിലായിട്ടില്ല. ജോലി നഷ്ടപ്പെട്ട ആയിരങ്ങൾ ഇപ്പോഴും തൊഴിലന്വേഷണത്തിലാണ്. ലോക്ഡൗണിൽ വീട്ടിലിരുന്നു മുഷിഞ്ഞവർക്കിടയിലേയ്ക്കെത്തിയ പണിമുടക്കിനോട് കാര്യമായ താൽപര്യമില്ലെന്നാണ് സാധാരണക്കാരുടെ മറുപടി. നേരത്തെ ഇടയ്ക്കുണ്ടാകുന്ന പണിമുടക്കിൽ ആഹ്ളാദം കണ്ടെത്തിയിരുന്നവർപോലം ഇപ്പോൾ പണിമുടക്കിനോട് താല്പര്യം നഷ്ട്ടപെട്ടു. കോളജുകളും സ്കൂളുകളും പ്രവർത്തിക്കുന്നില്ലാത്തതിനാൽ വിദ്യാർഥി സംഘങ്ങൾക്കും താൽപര്യമില്ല.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോഴും പല മേഖലകളും തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇപ്പോഴും സാധാരണ നിലയില്‍ ഓടിത്തുടങ്ങിയിട്ടില്ല. ടാക്‌സി വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവായതിനാല്‍ ആ മേഖല സ്തംഭിച്ച് തന്നെയാണുള്ളത്. വേണ്ടത്ര ആള്‍ക്കാരില്ലാത്തതും ട്രെയിനുകള്‍ ഓടിത്തുടങ്ങാത്തതും പണിമുടക്ക് അത്തരത്തിലും ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. പണിമുടക്ക് ഇന്ന് രാത്രി 12-ന് അവസാനിക്കും.