കൊച്ചി:
നട്ടുച്ചയ്ക്ക് കൊച്ചി ഹൈക്കോടതി ജംക്ഷനിൽ മനസ്സിന് കുളിർമ്മ തരുന്ന ഒരു കാഴ്ചയാണ് ഉച്ചപ്പട്ടിണി കിടക്കുന്നവർക്ക് അന്നം വിളമ്പുന്ന കരുതൽ എന്ന ലഞ്ച് ബോക്സ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെ തിരഞ്ഞിറങ്ങിയപ്പോൾ “ടുഗദർ വി കാൻ” എന്ന അസോസിയേഷന്റെ (ടിഡബ്ല്യുസിഎ) പ്രവർത്തങ്ങളെ കുറിച്ച് അറിയുന്നത്.

തെരുവിൽ കഴിയുന്നവർക്കും നിലവിലെ സാഹചര്യത്തിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ടവർക്കും വേണ്ടി ഉച്ചയ്ക്ക് ഒരുനേരം ഭക്ഷണം വിളമ്പുകയാണ് ഇവർ. ‘കരുതൽ’ എന്ന പേരിട്ട ഈ പദ്ധതിയുടെ ലക്ഷ്യം വിശപ്പില്ലാകേരളം യാഥാർത്ഥ്യമാക്കലാണ്. വിദ്യാർത്ഥിനികളും വീട്ടമ്മമാരും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം സ്ത്രീകളുടെ സൗഹൃദക്കൂട്ടായ്മയാണ് ‘ടുഗദർ വി കാൻ’.

ഇവരുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംക്ഷനിൽ സംസ്ഥാനത്തെ ആദ്യ ലഞ്ച് ബോക്സ് പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. കോവിഡ് വ്യാപിച്ചതോടെ സന്നദ്ധ സംഘടനകൾ വിതരണം ചെയ്തിരുന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കിയിരുന്നവർ പട്ടിണിയിലായി. ഇതോടെയാണ് അവരിലേക്ക് ഭക്ഷണമെത്തിക്കാൻ കരുതൽ പദ്ധതിയുമായി ഈ വനിതാകൂട്ടായ്മ തെരുവിലേക്ക് ഇറങ്ങിയതെന്ന് അവരിലൊരാൾ പറഞ്ഞു.

ഇരുപത് പൊതിച്ചോറ് വീതമാണ് ഓരോ ദിവസവും ജനങ്ങളിലേക്ക് എത്തിക്കുന്നത്. നല്ല വാഴയിലയിൽ വാട്ടിപ്പൊതിഞ്ഞ പൊതിച്ചോറിൽ മൂന്ന് കൂട്ടം കറികളാണ് ഉള്ളത്. കോവിഡ് മാനദണ്ഡപ്രകാരമാണു രൂപകൽപന. അതും വീട്ടിൽ തന്നെ പാചകം ചെയ്ത് രുചിയേറിയ ഭക്ഷണം. അതുകൊണ്ടുതന്നെ വിശന്ന് വലഞ്ഞ ഒത്തിരി പേർ ഈ പൊതിച്ചോറിനെ ആശ്രയിച്ചാണ് ഇന്ന് ജീവിതം തള്ളിനീക്കുന്നത്. ഒരു പൊതിച്ചോറിന് 30 രൂപ വരെ ചിലവ് വരും.

അതിനുള്ള പണം ഇവർ സ്വന്തം കയ്യിൽ നിന്ന് തന്നെ കണ്ടെത്താൻ ശ്രമിക്കാറാണ് പതിവ്. എന്നാൽ ബോക്സുകളുടെ എണ്ണവും പൊതിച്ചോറിന് ആവശ്യക്കാരും ഏറുമ്പോൾ സ്പോൺസേഴ്‌സോ പൊതുജനങ്ങളുടെ സഹായമോ ഇല്ലാതെ ഇവർക്ക് മുൻപോട്ടു പോകാൻ കഴിയില്ലെന്ന് അവർ തന്നെ പറയുന്നു.
സ്റ്റെയിൻലസ് സ്റ്റീലിൽ നിർമിച്ച, മികച്ച ഈടും ഗുണമേന്മയും സുരക്ഷിതത്വവും ഉള്ള ലഞ്ച് ബോക്സ് ആണ് ഭക്ഷണം കരുതാൻ ഉപയോഗിക്കുന്നത്. അവയുടെ മുൻഭാഗം ഗ്ലാസ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. വിശക്കുന്ന ഒരു വ്യക്തിക്ക് ബോക്സ് തുറക്കാതെത്തന്നെ അതിൽ ഭക്ഷണം ഉണ്ടോ ഇല്ലയോ എന്നറിയുവാൻ അത് സഹായകരമാണ്.

കോവിഡിന്റെ സാഹചര്യത്തിൽ ബോക്സിൽ കൈകൊണ്ടുള്ള സ്പർശനം ഒഴിവാക്കുന്നതിനായി, ബോക്സിനു താഴെ സ്ഥാപിച്ചിരിക്കുന്ന പിടലിൽ ചവിട്ടിയാൽ തുറക്കുംവിധമാണ് ഈ ബോക്സിന്റെ രൂപകൽപ്പന. ഇത്തരത്തിൽ ഒരു ബോക്സിന്റെ നിർമാണത്തിന് പതിനായിരം രൂപയോളം ചിലവ് വരും. ഇതുപോലെ ഉള്ള നിരവധി ബോക്സുകൾ എറണാകുളം ജില്ലയുടെ പലഭാഗത്തും സ്ഥാപിച്ച് പൊതുജങ്ങളുടെ ഉച്ചപ്പട്ടിണി അകറ്റണമെന്നാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
“ഈ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണം. അങ്ങനെ കേരളജനതയുടെ വിശപ്പകറ്റാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണം. ഈ പാവങ്ങളുടെ അനുഗ്രഹം മാത്രമേ മനസുകൊണ്ട് ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ.” ടുഗദർ വി കാൻ അസോസിയേഷൻ സെക്രട്ടറി രേഷ്മ തോമസ് വോക്ക് മലയാളത്തോട് പറഞ്ഞു. വീട്ടുകാരും, നാട്ടുകാരും, പോലീസുമൊക്കെ പൂർണ്ണ പിന്തുണയാണ് ഇവർക്ക് നൽകുന്നത്. പദ്ധതിയിൽ പൊതുജങ്ങൾക്കും പങ്കാളിയാകാം, ഫോൺ നമ്പർ: 98465 82188