ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഡീഗോ മറഡോണ ഒരു അത്ഭുത മനുഷ്യനാണ്. മാന്ത്രിക വിരലുകള്‍ കൊണ്ട് കാല്‍പ്പന്തില്‍ വിസ്മയം തീര്‍ക്കുന്ന ഇതിഹാസം. ഫുട്‌ബോളിന്‍റെ രാജാവ് പെലെയാണെങ്കില്‍ മറഡോണ ദൈവമാണെന്നാണ് പൊതുവേ വിശേഷിപ്പിക്കാറ്. ഇതൊരു വിശേഷണമല്ല ഓരോ ആരാധകരും ഈ ഇതിഹാസങ്ങളില്‍ തൊട്ടറിഞ്ഞ സത്യം. പെലെയും മറഡോണയും ദാരിദ്ര്യത്തേട് പൊരുതിയാണ് ഫുട്ബോള്‍ ഇതിഹാസങ്ങളായി മാറിയത്. ഡീഗോ അര്‍മാന്‍ഡോ മറഡോണ കളിക്കളത്തോട് വിടചൊല്ലി ആരവങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോള്‍ ഒരു യുഗത്തിന് തിരശ്ശീല വീഴുകയാണ്.
അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസിലെ തെരുവുകളിൽ നിന്നാണ് ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവായി ഡീഗോ ഉയര്‍ന്നുവന്നത്. വിശപ്പ് മറക്കാന്‍ ഫുട്ബോള്‍ തട്ടിക്കളിച്ച കുഞ്ഞു ഡീഗോയെ ‘ഗോള്‍ഡന്‍ ബോയ്’ എന്നായിരുന്നു ചേരിക്കാര്‍ വിളിച്ചിരുന്നത്. ആ ഗോള്‍ഡന്‍ ബോയ് അങ്ങനെ 16-3ം വയസ്സില്‍ രാജ്യത്തിന്‍റെ മാനം കാക്കാന്‍ ഇറങ്ങി. 17ല്‍ ടോപ് സ്കോററായ ഡീഗോ തന്‍റെ പത്തൊമ്പതാമത്തെ വയസ്സില്‍ ആണ് വന്‍കരയുടെ താരകമായി ഉദിച്ചുയര്‍ന്നത്.
1976-ല്‍ അര്‍ജന്റീനോസ് ജൂനിയേഴ്സിനായി അരങ്ങേറ്റം കുറിച്ച ഡീഗോ തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അര്‍ജന്റീന ദേശീയ ടീമിനായി 91 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ടീമില്‍ ഇടം നേടിയ മറഡോണ തൊടട്ടുത്ത വര്‍ഷം തന്നെ കളിക്കളത്തില്‍ എതിരാളികളില്ലാത്ത കളിക്കാരനായി മാറിയിരുന്നു.
1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു ഡീഗോ. ലോകഫുട്‌ബോളിലെ ഏറ്റവും മനോഹരമായൊരു ഗോൾ നേടാൻ ഭാഗ്യമുണ്ടായതും മറഡോണയ്ക്ക് തന്നെയായിരുന്നു. 1986ലെ മെക്സിക്കോ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ ഡീഗോ നേടിയ രണ്ട് ഗോളുകള്‍ ചരിത്രത്തിലേക്കായിരുന്നു തുളച്ചുകയറിയത്. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കെെകൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ‘ദെെവത്തിന്‍റെ കെെ എന്ന പേരിലും, രണ്ടാമത് ഡീഗോയുടെ ബൂട്ടില്‍ നിന്ന് പിറന്ന ഗോള്‍ ‘നൂറ്റാണ്ടിന്‍റെ ഗോളുമായാണ് ‘വിശേഷിപ്പിക്കുന്നത്.
‘ദെെവത്തിന്‍റെ കെെയ്യൊപ്പ്’ പതിഞ്ഞ എന്ന് വിശേഷിപ്പിക്കുന്ന ഒരേസമയം വിവാദവും രസകരവുമായ ആദ്യ ഗോളിന്‍റെ പാപഭാരങ്ങളെല്ലാം കഴുകികളയുന്നതായിരുന്നു രണ്ടാമത്തെ ഗോള്‍. ആദ്യഗോൾ പിറന്ന് നാലുമിനിട്ടിനകം സ്വന്തം ഹാഫിൽ നിന്ന് കിട്ടിയ പന്തുമായി മൈതാനത്തിന്റെ പാതിയിലേറെ ഒറ്റയാള്‍ പോരാട്ടം നടത്തിയ മറഡോണ ഇംഗ്ലണ്ടിന്‍റെ അഞ്ച് ഡിഫൻഡർമാരെ വെട്ടിച്ചാണ് ഗോളടിച്ചത്. ചരിത്രത്തിലേക്കുള്ള ഈ വലകുലുക്കലില്‍ 11 ടച്ചുകളാണ് ഡീഗോ പന്തില്‍ നടത്തിയത്. 2002ൽ ഫിഫ നടത്തിയ വോട്ടെടുപ്പിൽ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി ഇത് തിരഞ്ഞെടുക്കുകയായിരുന്നു.
പത്താം നമ്പര്‍ ജേഴ്സിയെ ലോകപ്രശസ്തമാക്കിയ മറഡോണ ക്ലബ്ബ് കരിയറില്‍ ബൊക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നേവല്‍സ് ഓള്‍ഡ് ബോയ്സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
ഡീഗോ കളിയരങ്ങൊഴിഞ്ഞ ദിവസത്തിനും ഒരു പ്രത്യേകതയുണ്ട്. ഫുട്ബോള്‍ ആവേശമാക്കിയ ഡീഗോ തികഞ്ഞ സോഷ്യലിസ്റ്റു കൂടിയായിരുന്നു. അതിലുപരി മറഡോണ ദെെവത്തെക്കാള്‍ സ്നേഹിച്ചത് ആരാധിച്ചത് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയെയായിരുന്നു. കാസ്‌ട്രോ തനിക്ക് പിതൃതുല്യനായിരുന്നു എന്ന് ഡീഗോ പലകുറി പറഞ്ഞിട്ടുണ്ട്. ഒരുകാലത്ത് സ്വന്തം രാജ്യം പോലും തള്ളിപ്പറഞ്ഞ മറഡോണയെ ക്യൂബയില്‍ ഏറ്റവും മികച്ച മെഡിക്കല്‍ സഹായം നല്‍കി തിരികെ കൊണ്ടുവന്നത് കാസ്ട്രോയായിരുന്നുവെന്നതും ഒരു ചരിത്രമാണ്.
കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ഫിദല്‍ കാസ്ട്രോ ഈ ലോകത്തോട് വിടപറഞ്ഞത് 2016 നവംബര്‍ 25നായിരുന്നു. കാലം കാത്ത് വെച്ച കാവ്യ നീതി പോലെ ഡീഗോ ആരവങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായതും വര്‍ഷങ്ങളില്‍ക്കിപ്പുറും മറ്റൊരു നവംബര്‍ 25ന്. ‘2020 നവംബര്‍ 25’ അങ്ങനെ ചരിത്രത്താളുകളിലേക്കും ഇടംപിടിക്കുകയാണ്. ഉറ്റ സുഹൃത്തുക്കളായ ഇവര്‍ക്കിനി ഒരേചരമദിനം. ചെഗുവേരയുടെ ആരാധകനും കൂടിയായിരുന്നു മറഡോണ.
കളിക്കളത്തിന് പുറത്തും തന്‍റെ നിലപാടുകള്‍ തുറന്നുപറയാന്‍ ഒരിക്കലും മടികാണിക്കാത്ത താരമായിരുന്നു ഡീഗോ. കയ്യിലും കാലിലും ചെഗുവേരയുടെയും ഫിദല്‍ കാസ്ട്രോയുടെയും ചിത്രം പച്ചക്കുത്തിയാണ് ലോകത്തോട് തന്‍റെ ഇഷ്ടവും രാഷ്ട്രീയവും ഡീഗോ വിളിച്ചുപറഞ്ഞത്.
മികച്ച കായിക ശേഷിയും പന്ത് നിയന്ത്രണവും കയ്യിലുണ്ടായിരുന്ന ഡീഗോ ഫുട്ബോളിലെ ഡ്രിബ്ലിംഗ് എന്ന കലയിലെ ആചാര്യനായിരുന്നു. ഫുട്ബോളില്‍ ഡീഗോ മറഡോണ എന്ന നാമം ദെെവത്തിന്‍റേതാണ്. കാരണം മെെതാനത്ത് ദെെവത്തിന് മാത്രം സാധ്യമാകുന്ന മാന്ത്രിക പ്രകടനത്തിലൂടെയാണ് ഡീഗോ ഉദിച്ചുയര്‍ന്നത്. എത്രയൊക്കെ ഇതിഹാസ താരങ്ങള്‍ ഇനിയുണ്ടായാലും തലമുറകളെ ഒന്നാകെ ത്രസിപ്പിച്ച ആ താരകം ജ്വലിച്ച് നില്‍ക്കും.