Sat. Apr 20th, 2024
ഗോശ്രീ പാലം റോഡ്, മറൈന്‍ഡ്രൈവ്, എറണാകുളം

കേരളം നല്‍കുന്ന തൊഴില്‍ സുരക്ഷിതത്വവും മെച്ചപ്പെട്ട കൂലിയും കൊണ്ട് കൈവിട്ടു പോകുന്ന ജീവിതം കരുപ്പിടിക്കാമെന്ന പ്രതീക്ഷയായിരുന്നു പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നു വരുമ്പോള്‍ 40 കാരനായ ഷേയ്ക്ക് മുക്തര്‍ അലിക്ക്. നാട്ടില്‍ രണ്ടു സെന്‍റ്  ഭൂമിയില്‍ സര്‍ക്കാര്‍ ഭവനപദ്ധതിയില്‍ ഉയരുന്ന കൊച്ചു വീടും അതില്‍ പാര്‍ക്കുന്ന ഭാര്യയും മൂന്നു കുട്ടികളും അല്ലലില്ലാതെ കഴിയുമല്ലോ എന്ന ചിന്ത മാത്രമായിരുന്നു അയാളുടെ മനസില്‍. ഇരുമ്പും ഉരുക്കും മറ്റ് അവശിഷ്ടങ്ങളും കൂറ്റന്‍ യന്ത്രത്തില്‍ കറങ്ങിത്തിരിഞ്ഞ്, ശബ്ദകോലാഹലമുണ്ടാക്കി കരയുന്നതിന്‍റെ അലോസരത്തിനിടയിലും മൂര്‍ഷിദാബാദിലെ ഗ്രാമത്തില്‍ ജീവിതം പച്ചപിടിക്കുന്നതിന്‍റെ പ്രതീക്ഷയില്‍ അയാള്‍ ആശ്വാസം കണ്ടെത്തി.

ആ സ്വപ്നങ്ങളുടെ ആകാശക്കോട്ടയില്‍ നിന്ന് പൊടുന്നനെയാണ് ദൗര്‍ഭാഗ്യത്തിന്‍റെ ആഴത്തിലേക്ക് അയാള്‍ പതിച്ചത്. പെരുമ്പാവൂരിലെ സ്‌ക്രാപ്പ് ഗോഡൗണില്‍ ജോലിചെയ്ത് വരികയായിരുന്ന ഷെയ്ക്ക് മുക്തര്‍ അലിയുടെ കൈപ്പത്തി യന്ത്രത്തിനിടയില്‍പ്പെട്ട് അറ്റു പോകുകയായിരുന്നു. ക്രൂരമായ ഉരുക്കുവാള്‍ ജീവിതത്തിലേക്ക് കുത്തിയിറങ്ങിയതു പോലെയായിരുന്നു അത്. തൊഴിലെടുത്തു ജീവിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാരം തേടിയ അയാളോട് വിധിയേക്കാള്‍ ക്രൂരത കാട്ടിയത് അയാളുടെ തൊഴില്‍ദാതാവാണ്. അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ലെന്നു മാത്രമല്ല, മറ്റു തൊഴിലാളികളെ ഭീഷണിപ്പെടുത്തി മുക്തര്‍ അലിക്കെതിരേ തിരിക്കുക കൂടി ചെയ്തു. അവിടെയും തീര്‍ന്നില്ല, അലിക്കു ലഭിക്കേണ്ട സ്വാഭാവികനീതിക്കു വേണ്ടി പ്രതിഷേധിച്ച സ്വതന്ത്ര തൊഴിലാളി നേതാവ് ജോര്‍ജ്ജ് മാത്യുവിനെ ഗൂണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു.

 

ഷേക്ക് മുക്തര്‍ അലി
ഷേക്ക് മുക്തര്‍ അലി; പെരുമ്പാവൂരില്‍ ജോലിക്കിടെ കൈപ്പത്തി അറ്റു പോയ ബംഗാള്‍ സ്വദേശി

”നാട്ടില്‍ മുറുക്കാന്‍ കട നടത്തുന്ന പിതാവിന്‌ ആകെ അഞ്ച്‌ സെന്റ്‌ സ്ഥലമാണുണ്ടായിരുന്നത്‌. തന്റെ രണ്ട്‌ സഹോദരിമാരെ വിവാഹം ചെയ്‌തയക്കാനും സഹോദരനു വിഹിതമായും എല്ലാം കൊടുത്തു കഴിഞ്ഞു. ഭാര്യക്കു കിട്ടിയ രണ്ട്‌ സെന്റ്‌ ഭൂമിയില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ വീട്‌ പണിതു. ഇവിടെ 850 രൂപയാണ്‌ ദിവസക്കൂലി. കൈ നഷ്ടപ്പെട്ടതോടെ എന്ത്‌ ചെയ്യുമെന്ന്‌ അറിയില്ല. ശരിക്കു പറഞ്ഞാല്‍ കൈപ്പത്തി നഷ്ടപ്പെട്ടതോടെ ഇനിയങ്ങോട്ടു ജീവിക്കാനുള്ള പ്രതീക്ഷയറ്റതു പോലെയാണ്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നു കുട്ടികളുണ്ട്‌. അവരുടെ കാര്യം നോക്കണം. ഭവന വായ്‌പ അടയ്‌ക്കണം. എങ്ങോട്ടു പോകുമെന്നോ എന്തു ചെയ്യണമെന്നോ അറിയില്ല” മുക്തര്‍ അലിയുടെ വാക്കുകളില്‍ ദയനീയത വ്യക്തം.

ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികളുടെ ദുരവസ്ഥയുടെ ദയനീയ ചിത്രത്തിലേക്ക് അധികാരി വര്‍ഗ്ഗത്തിന്‍റെ കണ്ണു തുറക്കേണ്ട  അടിയന്തര സാഹചര്യമാണ് സംസ്ഥാനത്തു സംജാതമായിരിക്കുന്നത്. സുരക്ഷിതമായ തൊഴിലന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ത്തന്നെ ഏറ്റവും  അരക്ഷിതവിഭാഗമായി മാറിയിരിക്കുകയാണിവര്‍. ജീവിതം വഴിമുട്ടി തൊഴില്‍ തേടിയിറങ്ങിയവരുടെ ജീവന്‍ തന്നെ ബലികഴിപ്പിക്കപ്പെടുന്ന സാഹചര്യം കേവലം തൊഴില്‍ പ്രശ്നത്തിനപ്പുറം മനുഷ്യാവകാശപ്രശ്നം തന്നെയാകുന്നത് അങ്ങനെയാണ്. ഇതോടൊപ്പം വിദൂരഗ്രാമാന്തരങ്ങളില്‍ അനാഥത്വം പേറി ജീവിക്കേണ്ടി വരുന്ന  ആശ്രിതരുടെ  ജീവിതം തന്നെ ചോദ്യചിഹ്നമായി മാറുന്നു.

കൊച്ചിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍
കൊച്ചിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍

കുടിയേറ്റത്തൊഴിലാളികളുടെ ശരിയായ കണക്കു പോലും സര്‍ക്കാരിന്‍റെ കൈയില്‍ ഇതേവരെ കൃത്യമായി ഇല്ലെന്നതില്‍ തുടങ്ങുന്നു ഇവരോടുള്ള അനാസ്ഥ. കേരളത്തിലെ ഇതരസംസ്ഥാനതൊഴിലാളികളുടെ എണ്ണം കാല്‍ക്കോടി കവിയുമെന്നാണ്‌ അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ആസൂത്രണകമ്മിഷന്റെ 2013ലെ കണ്ടെത്തല്‍ ഇവിടെ 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ്‌. വര്‍ഷാവര്‍ഷം എട്ടു ശതമാനം പേര്‍ പെരുകി വരുമെന്ന നിരീക്ഷണം കൂടി കണക്കിലെടുക്കുമ്പോള്‍ ഇവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞത് 30 ലക്ഷം കടന്നിട്ടുണ്ടാകണം. എന്നാല്‍, കൊവിഡിനു മുമ്പ്‌ ഇതരസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം  4, 34, 280 ആയിരുന്നുവെന്നാണ്‌ സംസ്ഥാന ലേബര്‍ കമ്മിഷണറേറ്റ്‌ നല്‍കുന്ന കണക്ക്‌. ഈ പൊരുത്തക്കേട്‌ വിരല്‍ ചൂണ്ടുന്നത്‌ കൃത്യമായ കണക്കെടുപ്പ്‌ തൊഴിലാളികളുടെ കാര്യത്തില്‍ നടക്കുന്നില്ലെന്നതിലേക്കാണ്. ഇത് വ്യക്തമാക്കുന്നതാകട്ടെ അവര്‍ സാമ്പത്തികവും ശാരീരികവുമായ ചൂഷണത്തിനു വിധേയരാകുന്നുവെന്നു തന്നെ.

കൊവിഡ്‌ വന്നതോടെ 3,07,138 ഇതരസംസ്ഥാനതൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക്‌ മടങ്ങിപ്പോയെന്നാണ്‌ ലേബര്‍ കമ്മിഷണറേറ്റ്‌ പറയുന്നത്‌. സെപ്‌റ്റംബര്‍ അവസാനം വരെ 8,196 പേര്‍ തിരിച്ചെത്തി. ഇവരുള്‍പ്പെടെ ഇപ്പോഴിവിടെ 1,27, 142 പേരാണ്‌ ഉള്ളത്‌. എന്നാല്‍ 2013ലെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് 75 ശതമാനം കുടിയേറ്റത്തൊഴിലാളികളും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പശ്ചിമബംഗാള്‍(20 ശതമാനം), ബിഹാര്‍(18.10 ശതമാനം), അസം(17.28 ശതമാനം), ഉത്തര്‍ പ്രദേശ്(14.83 ശതമാനം), ഒഡിഷ(6.67 ശതമാനം), മറ്റുസംസ്ഥാനക്കാര്‍(23.13 ശതമാനം). ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരും നേപ്പാളിലും നിന്നുള്ളവരുണ്ട്. കുടുസ്സു മുറികളിലും ആസ്‌ബറ്റോസ്‌ കെട്ടി മറച്ച താത്‌കാലിക ഷെഡുകളിലും താമസിച്ചാണ്‌ ഇവര്‍ നാട്ടിലേക്ക്‌ പ്രതിഫലത്തിന്റെ വലിയ പങ്ക്‌ അയയ്‌ക്കുന്നത്‌. മുന്‍കാലങ്ങളില്‍ മുഖ്യധാരയില്‍പ്പെട്ടവര്‍ പട്ടിക വിഭാഗക്കാരോട്‌ കാണിച്ചിരുന്ന വിവേചനവും അയിത്തവുമാണ്‌ ഇപ്പോള്‍ ഇവരോട്‌ കാണിക്കുന്നത്‌.

ജോലിക്ക്‌ തുല്യവേതനം എന്ന തൊഴില്‍നീതി, രാഷ്ട്രീയപ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് നഷ്ടപ്പെടുന്നു. കേരളത്തിന്റെ പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ വേതനം അവര്‍ക്കു ലഭിക്കുന്നുണ്ട്‌. എങ്കിലും അവര്‍ക്ക്‌ തുല്യ വേതനം ലഭിക്കുന്നില്ല. മലയാളിയായ കൂലിപ്പണിക്കാരന്‌ 1200 രൂപ ലഭിക്കുമ്പോള്‍ ഇതര സംസ്ഥാനക്കാരന്‌ 750- 900 രൂപ വരെയാണ്‌ നല്‍കാറുള്ളത്‌. ഇത്‌ പലപ്പോഴും പൂര്‍ണമായി അവന്റെ കൈയിലെത്താറില്ല. ഇടനിലക്കാരും തൊഴില്‍ദാതാവും പലപേരുകളില്‍ ഇത്‌ തട്ടിയെടുക്കാറുണ്ട്‌. തൊഴിലാളികളുടെ വര്‍ധനവും ആവശ്യകതയിലുണ്ടാകുന്ന കുറവും അവന്റെ വില പേശല്‍ ശേഷി കുറയ്‌ക്കുന്നതു പോലുള്ള പ്രശ്‌നങ്ങളും കൂടിയായപ്പോള്‍ അവരുടെ അവസ്ഥ കൂടുതല്‍ വഷളായി.

ഇതിനു പുറമെ, തൊഴിലിടത്തിലെ പീഡനങ്ങളും കേരളീയ സമൂഹത്തിന്  ഇവരോടുള്ള മനോഭാവം വ്യക്തമാക്കുന്നു. ജോലിക്കിടെയുണ്ടാകുന്ന അപകടങ്ങളില്‍ അംഗഭംഗം സംഭവിക്കുന്നവര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യത്തില്‍ അതിക്രൂരമാണു തൊഴിലുടമകളുടെ നിലപാട്‌. സര്‍ക്കാരും തൊഴിലാളി സംഘടനകളും ഇവരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ഈ രംഗത്തു   പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്തു നിന്ന്‌ ഉയരുന്നുണ്ട്‌.

കാര്‍ഷികമേഖലയുടെ തകര്‍ച്ചയും ചെറുകിട കച്ചവടങ്ങളുടെ തുടച്ചു നീക്കലും മൂലമാണ്‌ പലരും ഇവിടെ നിര്‍മാണമേഖലയിലേക്ക്‌ വന്നു കൊണ്ടിരുന്നത്‌. പലര്‍ക്കും നാട്ടില്‍ രണ്ടു‌ സെന്റ്‌ ഭൂമി വരെ മാത്രമാണ്‌ സ്വന്തമായുള്ളത്‌, ഇത് ഇല്ലാത്തവരും നിരവധി. കേരളത്തിൽ അതിഥി സംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ളത് എറണാകുളത്താണ്. 2012ൽ കേരളം കാത്തലിക് ബിഷപ്പ്സ് കൗൺസിൽ(കെ.സി.ബി.സി.) നടത്തിയ പഠനം അനുസരിച്ച് എറണാകുളത്ത് മാത്രം രണ്ടു ലക്ഷം അതിഥി സംസ്ഥാന തൊഴിലാളികളാണ് ഉള്ളത്. എറണാകുളത്ത് മൂവാറ്റുപുഴ, കാലടി, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് ഇവര്‍ കൂടുതലായി താമസിക്കുന്നത്.

ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശി രാംജി ഹരിജന്‍ രാപ്പകല്‍ അധ്വാനിച്ചിട്ടും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പറ്റാത്ത അതിഥിത്തൊഴിലാളികളുടെ പ്രതിനിധിയാണ്. കൊച്ചി മറൈന്‍ഡ്രൈവില്‍ നട്ടുച്ചവെയിലില്‍ കാക്കക്കാലിന്‍റെ പോലും തണലില്ലാത്ത ഗോശ്രീപാലത്തിനടുത്ത് റോഡ് പണിക്കിടെയാണ്  അദ്ദേഹത്തെ കണ്ടത്.

രാംജി ഹരിജന്‍, ബിഹാര്‍ സ്വദേശി; ഗോശ്രീ പലത്തില്‍ റോഡ് പണിക്കിടെ

”നാട്ടില്‍ കൃഷിയില്ലാതായതോടെ ദാരിദ്ര്യം കൊണ്ട് ഗതിമുട്ടിയപ്പോഴാണ് ഇങ്ങോട്ടു വന്നത്. കുട്ടികളെയും കുടുംബത്തെയും നോക്കാന്‍ വേറെ മാര്‍ഗില്ല, പാവപ്പെട്ടവരുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കൊന്നും താത്പര്യമില്ല. അധ്വാനിച്ചു ജീവിക്കാന്‍ പറയാറുണ്ട്. എന്നാല്‍ അധ്വാനിക്കാനുള്ള മണ്ണെവിടെ. തങ്ങള്‍ 300- 400 പേര്‍ നാട്ടില്‍ നിന്ന് ഇവിടെയുണ്ട്. ഒരു വര്‍ഷത്തെ കരാര്‍ ജോലിയാണുള്ളത്. രാത്രിയായാലും പണി തീരില്ല. അതു കഴിയുമ്പോള്‍ എപ്പോഴെങ്കിലും അടുത്തെവിടെയെങ്കിലും  കിടക്കും” രാംജി അവസ്ഥ വിവരിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തൊഴിലാളികള്‍ ഒരു പ്രദേശത്ത് മാത്രം കേന്ദ്രീകരിക്കുന്നില്ലെന്നതാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇവരുടെ കണക്ക് കൃത്യമായി കണക്കാക്കാന്‍ കഴിയാത്തതെന്ന് അധികൃതര്‍ പറയുന്നു. തൊഴില്‍ ലഭ്യമാകുന്നതിനനുസരിച്ച് അവര്‍ ജില്ലകള്‍ തോറും മാറി മാറി സഞ്ചരിക്കുന്നു. ഇത് ഇവരെപ്പറ്റി പൂര്‍ണവിവരം ശേഖരിക്കാന്‍ തടസമാകുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത് നിര്‍മാണമേഖലയിലാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന കെട്ടിടനിര്‍മാണതൊഴിലാളി ക്ഷേമബോര്‍ഡിനു കീഴില്‍ 2010 മാര്‍ച്ച് മുതല്‍ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനു കീഴില്‍ റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം വളരെ തുച്ഛമാണ്.

നിര്‍മാണമേഖല കഴിഞ്ഞാല്‍ ഹോട്ടല്‍ മേഖലയിലാണ് ഇവര്‍ കൂടുതല്‍ വ്യാപരിക്കുന്നത്. പെരുമ്പാവൂര്‍ പോലുള്ള വ്യവസായ മേഖലകളില്‍ പ്ലൈവുഡ് കമ്പനികളിലും ഏലൂരിലെ തുകല്‍ സംസ്കരണ കേന്ദ്രങ്ങളിലും, ഫിഷിംഗ് ഹാര്‍ബറുകളിലെ ഐസ് പ്ലാന്‍റുകളിലും  ഇവരുടെ സാന്നിധ്യമുണ്ട്. പൊതുജനത്തിന്‍റെ കാഴ്ചയില്‍ നിന്ന് ഇവരെ മറയ്ക്കാന്‍ തൊഴിലുടമകള്‍ക്കു സാധിക്കുന്നതും ഇത്തരം തൊഴിലിടങ്ങളുടെ പ്രത്യേകതയാണ്. ഇതെല്ലാം ഇവരുടെ കൃത്യമായ വിവരങ്ങള്‍ കിട്ടുന്നതിനു വിലങ്ങു തടിയാകുന്നു. തൊഴിലുടമകള്‍ക്കാകട്ടെ ന്യായമായ കൂലി കൊടുക്കാതെ ഇവരെ വിന്യസിക്കുകയും അങ്ങനെ ചൂഷണത്തിലൂടെ സ്ഥാപനം ലാഭകരമാക്കി നടത്താനും കഴിയും. കൂടുതൽ സമയം ജോലി ചെയ്യുന്നതും അധികം കൂലി ഇവർക്ക് കൊടുക്കേണ്ടാത്തതുമാണ് കേരളത്തിൽ അതിഥിത്തൊഴിലാളികള്‍ അവശ്യവിഭാഗമായി വന്നിരിക്കുന്നതിന് കാരണം.

ഇത്തരമൊരു പലായനം ആഗോളതലത്തില്‍ തന്നെ നടക്കുന്നതായി കാണാം. 1990നു ശേഷം രാജ്യത്തു വന്ന നിയോ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ പ്രതിഫലനം കേരളത്തിലും ദൃശ്യമാണ്‌. കൃഷി, മത്സ്യബന്ധനം തുടങ്ങിയ പ്രാഥമിക മേഖലയുടെ തകര്‍ച്ച നഗരങ്ങളിലേക്കുള്ള ഗ്രാമവാസികളുടെ പലായനം വര്‍ധിപ്പിച്ചു. ഇത്‌ ദേശീയതലത്തിലായപ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പിന്നാക്കമേഖലകളില്‍ നിന്ന്‌ ഡല്‍ഹിയിലേക്കും കേരളത്തിലേക്കുമുള്ള ഒഴുക്കായി മാറി. ഇവരില്‍ കൂടുതലും മുസ്‌ലിം, ദളിത്‌ വിഭാഗത്തില്‍പ്പെട്ടവരായിരുന്നുവെന്നതാണ്‌ മറ്റൊരു വസ്‌തുത. ഇവരെ നാടോടികളും അധകൃതരുമായി കാണുന്ന മലയാളിയുടെ മനോഭാവം പരിശോധിക്കപ്പെടേണ്ടതാണെന്ന്‌ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഇതേ സാഹചര്യം 1980കള്‍ മുതല്‍ കേരളീയരും അഭിമുഖീകരിച്ചിട്ടുള്ളതാണെന്ന്‌ മറന്നു കൊണ്ടാണ്‌ ഈ പുച്ഛം. മുന്‍പ് മലയാളക്കരയിലെത്തി തൊഴില്‍ ചെയ്തിരുന്നവര്‍ മിക്കവാറും തമിഴ്‌നാട്ടുകാരായിരുന്നു. കൊച്ചിയിലെ വൈറ്റില, കടവന്ത്ര, തേവര തുടങ്ങിയ പ്രദേശങ്ങളില്‍   തൊഴില്‍ദാതാക്കളെയും കാത്ത് തമിഴ്‌നാട്ടുകാരായ തൊഴിലാളികള്‍ കൂട്ടമായി നില്‍ക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അടിമക്കച്ചവടം പോലെ ഗുഡ്‌സ് ഓട്ടോകളിലും മാറ്റഡോറുകളിലും കയറ്റി അവരെ കങ്കാണിമാരായ ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ കൊണ്ടുപോകും. പ്ലാസ്റ്റിക്ക് വയര്‍കൊണ്ട് മെടഞ്ഞെടുത്തതു പോലുള്ള കുട്ടസഞ്ചികളും റബ്ബര്‍ചെരുപ്പും മൂക്കുത്തിയും ചെമ്പകപ്പൂക്കളും വര്‍ക്കിംഗ് യൂണിഫോമായ വല ബനിയനുകള്‍ കാണുന്നവിധം അണിഞ്ഞ മുഷിഞ്ഞ കടും വര്‍ണങ്ങളിലുള്ള വസ്ത്രങ്ങളും ധരിച്ച് അവര്‍ ഈ വാഹനങ്ങളില്‍  ഞെങ്ങിഞെരുങ്ങി തൊഴിലിടങ്ങളിലേക്ക് യാത്രയാകുന്നു. തമിഴ് ‘അധിനിവേശപ്രദേശ’മായ വാത്തുരുത്തി കോളനി, അന്നൊക്കെ കൊച്ചിക്കാര്‍ക്ക്    തമിഴന്‍റെ കുടിയേറ്റഭൂമികയായ ശ്രീലങ്കയും ബോംബെയിലെ മാംസക്കച്ചവടത്തെരുവായ കാമാത്തിപുരയുമായിരുന്നു. സിലോണ്‍, ആസാമീസ് വിലാസങ്ങളില്‍ നിന്നുള്ള മണിയോര്‍ഡറുകളും ദുബായ്ക്കത്തുപാട്ടുകളും മറന്നുകൊണ്ടുള്ള ഇരട്ടത്താപ്പായി ഈ ചിന്തയെ വിലയിരുത്താം.

വളരെയധികം ജുഗുപ്‌സയോടെയാണ് തമിഴ്‌തൊഴിലാളികളെ നാട്ടുകാര്‍ കണ്ടിരുന്നത്.  അതില്‍ പ്രധാനം നിറമായിരുന്നു. ശരിക്കും വെള്ളക്കാരന്റെ പ്രേതം അഭിനിവേശിച്ച മലയാളി സൗന്ദര്യസങ്കല്‍പ്പത്തില്‍ തമിഴന്‍ എപ്പോഴും പിന്നിലായിരുന്നു. കാലം മാറിയതോടെ ഇവിടെ നിന്ന് തമിഴ്‌നാട്ടുകാര്‍ തിരികെപ്പോയി. തമിഴ്‌നാട്ടിലെ മാറിമാറി വന്ന ഡിഎംകെ- എഐഎഡിഎംകെ സര്‍ക്കാരുകള്‍ തൊഴിലും സൗജന്യ അരിയും കേബിള്‍ ടിവി കണക്ഷനുമൊക്കെയായി അവരെ മാടിവിളിച്ചതാണ് ഒരു കാരണം. മറ്റൊന്ന് ‘ഉഴൈപ്പാളി’ എന്നെ സ്റ്റാറ്റസില്‍ നിന്ന് തമിഴനു വന്ന ഷിഫ്റ്റാണ്.

തൊഴിലെടുക്കുന്ന തമിഴന്റെ ഗള്‍ഫാണ് കേരളം എന്ന് ആക്ഷേപിച്ചിരുന്ന മലയാളി, അവന്റെ കാലത്തിനൊത്തുള്ള കോലം കെട്ടലില്‍ മൂക്കത്തു വിരല്‍വെച്ചു. ഇവിടെ ഇടത്തരക്കാരന്റെ ദുരഭിമാനം കണ്ടു പഴകിയ അവന്‍ തവണ വ്യവസ്ഥയില്‍ അടുക്കളപാത്രങ്ങളും തുണികളും വില്‍ക്കുന്ന ബിസിനസുകാരനായി. അന്നവും വസ്ത്രവും തന്ന നല്ല അയല്‍ക്കാരന് ഉണ്ണാന്‍ പാത്രവും ഉടുക്കാന്‍ ജവുളിയും കൊടുത്തു അടുത്ത തലമുറ. പണത്തിനു പകരം ഒന്നുമാകില്ലെന്നു കണ്ടതോടെ വട്ടിപ്പലിശക്കാരനായി അടുത്ത അവതാരം. കൃഷിയും പുറംപണിയും ഉപേക്ഷിച്ച മലയാളി അക്ഷരാര്‍ത്ഥത്തില്‍ അവന്റെ കടക്കാരനായി. കേരളത്തില്‍ വിത്തും കൈക്കോട്ടും ഉപേക്ഷിച്ചെങ്കിലും തായ്‌നാട്ടില്‍ അവന്‍ കൃഷിപ്പണി മുടക്കിയില്ല. അവന്‍റെ വിയര്‍പ്പിന്‍മണിച്ചിതറലുകള്‍ ഇവിടെ പണത്തിന്‍റെ മണികിലുക്കമായി.  പണം വിതച്ച് പണം കൊയ്യുന്ന പുതിയ  കൃഷിയിടം വളക്കൂറുള്ള മണ്ണാണെന്ന് അവന്‍ മനസിലാക്കി.

എറണാകുളത്ത് റോഡ് പണിയിലേര്‍പ്പെട്ട അതിഥിതൊഴിലാളികള്‍
എറണാകുളത്ത് റോഡ് പണിയിലേര്‍പ്പെട്ട അതിഥിതൊഴിലാളികള്‍

തമിഴന്‍ വച്ചൊഴിഞ്ഞ പണികള്‍ ഏറ്റെടുക്കാന്‍ വന്നത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തികളില്‍ നിന്നുള്ളവരാണ്. കേരളത്തിലെപ്പോലെ അരി പ്രധാന ആഹാരമാക്കിയ ബംഗാളികള്‍. കേരളത്തിലെ സിവില്‍സപ്ലൈസ് ഗോഡൗണുകളില്‍ ആന്ധ്രയില്‍ നിന്നുള്ളതിനേക്കാള്‍ ബംഗാളിലെ കൃഷിയിടങ്ങളില്‍ നിന്ന് അരിയെത്തിയിരുന്നു. ബംഗാളികളെന്നാല്‍ നമുക്കു സിനിമയിലെ സെവന്‍സ് ഫുട്ബോള്‍ ടീമിലെ സുഡാനിയെപ്പോലെ ഒഡീഷക്കാരനും ഛത്തീസ്ഗഡുകാരനും യുപിക്കാരനുമൊക്കെയായിരുന്നു.

ഇപ്പോഴും ഭൂവുടമകളുടെയും രാഷ്ട്രീയക്കാരുടെയും ചൂഷണം നേരിടുന്ന പിന്നാക്ക ദളിത് സമുദായക്കാരാണ് ഇവരില്‍ മിക്ക തൊഴിലാളികളും. വൈദ്യുതിയോ കേബിള്‍ടിവിയോ ഇല്ലാത്ത കോണ്‍ക്രീറ്റ് വീടുകള്‍ നിറഞ്ഞ, നമ്മുടെ കാഴ്ചപ്പാടില്‍ ഗ്രാമങ്ങളെന്നു വിളിക്കപ്പെടാന്‍ സാധിക്കാത്ത പഞ്ചായത്തുകളുള്ള ഇടം. അവിടെ ആസ്ബറ്റോസ് ഷീറ്റുകളും താവൂക്ക് കട്ടകളും കൊണ്ടുണ്ടാക്കിയ ഇടുങ്ങിയ ക്ലസ്റ്റര്‍ മുറികളില്‍ മുപ്പതും നാല്‍പ്പതും പേര്‍! ഇത്തരം കോണ്‍സന്‍ട്രേഷന്‍ ക്യംപുകളില്‍ നിന്നാണ് അവര്‍ രാവിലെ ജംക്ഷനുകളിലേക്ക് ഇറങ്ങി വിപണിയിക്കു മുന്‍പാകെ അധ്വാനത്തിനായി കൈക്കരുത്തിന്‍റെ  വില്‍പ്പന നടത്തുന്നത്. ഭായിമാര്‍ (സോദരര്‍) എന്നു വിളിക്കുമെങ്കിലും പഴയ തമിഴ് തൊഴിലാളിയോടുള്ള വിവേചനമാണ് മലയാളികളുടെ മനസില്‍.

2000 കാലഘട്ടത്തിന്റെ തുടക്കത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടാകുന്നത്. മാത്രമല്ല കേരളത്തിലെ ന്യൂക്ലിയര്‍ കുടുംബങ്ങളുടെ ആധിക്യം,  ജോലിക്കും പഠനത്തിനും മറ്റുമായി അന്യ ദേശങ്ങളിലേക്കുള്ള കുടിയേറ്റം, കായികാധ്വാനത്തോടുള്ള അവജ്ഞ എന്നിവ ഇവിടെ അവിദഗ്ധ തൊഴിൽ മേഖലയിൽ തൊഴിലാളിക്ഷാമം ഉണ്ടാകാൻ കാരണമായി. ഈ സാഹചര്യത്തില്‍ അതിഥിത്തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള വരവ് അടിസ്ഥാന തൊഴില്‍ മേഖലയ്ക്ക് ഉണര്‍വ്വേകി.

അത്യന്തം  അപകടകരമായ സാഹചര്യങ്ങളിലാണ് ബഹുഭൂരിപക്ഷം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളും  ജോലി ചെയ്യുന്നത്. ഇങ്ങനെ അപകടത്തില്‍പെടുകയും മരണപ്പെടുകയും ചെയ്യുന്ന തൊഴിലാളികളുടെ കണക്കുകള്‍ സര്‍ക്കാരിനില്ല. തൊഴില്‍ സ്ഥലത്ത് അപകടം ഉണ്ടാകാതിരിക്കുന്നതിനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തൊഴിലാളി കള്‍ക്ക് സുരക്ഷയെപ്പറ്റി ബോധവത്ക്കരണം നല്‍കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്. തൊഴില്‍ സ്ഥലത്ത് ഉണ്ടാകുന്ന അപകടത്തില്‍ പരിക്ക് പറ്റുന്നവര്‍ക്കും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും നിയമാനുസൃതമായി ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കുന്നില്ല.

വർക്ക് മെന്‍സ്  കോംപൻസേഷൻ ആക്ട് പ്രകാരം തൊഴിലിടങ്ങളിൽ വെച്ച് അപകടങ്ങൾ സംഭവിക്കുന്ന തൊഴിലാളികൾക്കോ അവരുടെ കുടുംബങ്ങൾക്കോ ന്യായമായ നഷ്ടപരിഹാരം ലഭിക്കേണ്ടതാണ്. സംഭവിച്ച പരിക്കിന്റെ കാഠിന്യം അനുസരിച്ച് ഇത് ഏതാണ്ട് 7 മുതൽ 9 ലക്ഷം രൂപ വരെ വരും. എന്നാൽ മിക്ക സമയത്തും ഇങ്ങനെ തൊഴിലാളികൾ അപകടത്തിൽ പെടുമ്പോൾ ഇവരെ 25,000മോ, 50,000മോ രൂപ കൊടുത്ത് ഒഴിവാക്കുകയാണ് തൊഴിലുടമകൾ ചെയ്യുന്നത്. ഇതിന് വേണ്ടി ആശുപത്രി ജീവനക്കാരും, പോലീസും, തൊഴിലുടമകളും ഒത്തു കളിക്കാറുണ്ട്.

അപകടങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) പറഞ്ഞു. തൊഴിലുടമകള്‍ ഇതില്‍ താത്പര്യം കാണിക്കാറില്ല. ജോലി നഷ്ടപ്പെടുമോ, മര്‍ദ്ദം നേരിടേണ്ടി വരുമോ എന്നൊക്കെയുള്ള ആശങ്കകള്‍ തൊഴിലാളികളെയും മൊഴി നല്‍കുന്നതില്‍ നിന്ന് അകറ്റുന്നു. മുക്തര്‍ അലിയുടെ കാര്യത്തില്‍ അസിസ്റ്റന്‍റ്  ലേബര്‍ കമ്മിഷണര്‍ ആദ്യം മൊഴിയെടുത്തെങ്കിലും രേഖപ്പെടുത്തിയില്ല. പിന്നീട് രേഖപ്പെടുത്താന്‍ വന്നപ്പോള്‍ ഭയം കാരണം ആരും  മൊഴി നല്‍കാന്‍ തയാറായില്ല.ഇത് മൂലം നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയാണില്ലാതാവുന്നത്.

തൊഴില്‍ സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ മരണപ്പെടുന്നവരുടെ വൃദ്ധരായ മാതാപിതാക്കളും വിധവകളും കുട്ടികളും അനാഥരായി വടക്കു കിഴക്കന്‍ ഇന്ത്യയിലെ വിദൂര  ഗ്രാമങ്ങളില്‍ ജീവിച്ചിരിപ്പുണ്ട്. തൊഴില്‍ സ്ഥലത്ത് അപകടങ്ങളും മരണങ്ങളും ഉണ്ടാകുമ്പോള്‍ നിയമാനുസൃതമായ നഷ്ടപരിഹാരം നല്‍കാതെ പോലീസും രാഷ്ട്രീയ നേതൃത്വവും ഇടപെട്ട് ഇത് ഒത്തുതീര്‍പ്പാക്കുന്നു. തൊഴിലാളികള്‍ ഭയം നിമിത്തം പരാതിപ്പെടുകയില്ലെന്നതാണ് ഇവര്‍ക്കു ധൈര്യം പകരുന്നത്. തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു രേഖയും തൊഴിലുടമകള്‍ സൂക്ഷിക്കുന്നില്ല. അപകടങ്ങളും മരണങ്ങളും ഉണ്ടാകുമ്പോള്‍ രേഖകളുടെ അഭാവത്തില്‍ രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് നിയമാനുസൃതമായി ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട അധികാരികളെ സമീപിക്കുന്നതില്‍ നിന്ന് തൊഴിലുടമകള്‍ പലപ്പോഴും ഭീഷണിപ്പെടുത്തി തൊഴിലാളികളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അതിഥിത്തൊഴിലാളികള്‍ക്കു വേണ്ടി നിരവധി സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവരുടെ തൊഴില്‍ രംഗത്തെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു പരിമിതികളുണ്ടെന്ന് ജോര്‍ജ്ജ് മാത്യു ചൂണ്ടിക്കാട്ടുന്നു.

ജോര്‍ജ്ജ്‌ മാത്യു
ജോര്‍ജ്ജ്‌ മാത്യു; കോ ഓര്‍ഡിനേറ്റര്‍, പ്രോഗ്രസീവ് വര്‍ക്കേഴ്സ് യൂണിയന്‍

”നിലവിലുള്ള ഉപരിപ്ലവമായ ചില നടപടികള്‍ കൊണ്ട്‌ ഇവര്‍ക്ക്‌ ഒരു പ്രയോജനവുമില്ല. എന്‍ജിഒകളുടെ സഹായത്തോടെ നടത്തുന്ന മെഡിക്കല്‍ ക്യാംപുകളില്‍ പാരസെറ്റാമോളും പെയിന്‍ കില്ലറും മാത്രമാണ്‌ നല്‍കുന്നത്‌. അതുപോലെ അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ ചെലവാക്കുന്നതിനേക്കാള്‍ അവര്‍ക്ക്‌ തൊഴില്‍ ചെയ്‌ത്‌ ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനാണ്‌ ഊന്നല്‍ കൊടുക്കേണ്ടത്‌. മലയാളികള്‍ വിദേശത്തു പോയാല്‍ അവിടത്തെ സര്‍ക്കാരുകള്‍ അവിടത്തെ ഭാഷ പഠിപ്പിക്കാനാണോ നോക്കുന്നത്‌”

ഇതെല്ലാം കണ്ണില്‍ പൊടിയിടാനുള്ള പരിപാടികളാണെന്ന് അദ്ദേഹം പറയുന്നു. ”പകരം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ മരുന്നും ചികിത്സാസൗകര്യങ്ങളുമെത്തിക്കുകയാണ്‌ വേണ്ടത്‌. പലപ്പോഴും തൊഴിലടങ്ങളിലെ അപകടങ്ങളില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്‌ചര്‍ പോലുള്ളവ പറ്റി വരുന്ന തൊഴിലാളികള്‍ക്ക്‌ അടിയന്തര ശസ്‌ത്രക്രിയ നടത്താന്‍ വേണ്ട സ്റ്റീല്‍ റോഡോ മറ്റു വസ്‌തുക്കളോ ആശുപത്രികളില്‍ കാണാറില്ല. മെഡിക്കല്‍ ഓഫിസര്‍മാര്‍ സന്നദ്ധരാണെങ്കിലും ഉപകരണങ്ങളുടെ അപര്യാപ്‌തത അവരെ നിസ്സഹായരാക്കുന്നു. ഇത്‌ ഇത്തരം നിര്‍ദ്ധനരായ തൊഴിലാളികളില്‍ ശരിയായ ചികിത്സയുടെ അഭാവം മൂലമുള്ള അണുബാധയ്‌ക്കും സ്ഥിരം അംഗവൈകല്യത്തിനും കാരണമായിട്ടുണ്ട്‌. അപകടം പിണയുന്നവരെ അടിയന്തരമായി ചികിത്സിക്കാനുള്ള ഒരു ഗവണ്മെന്റ്‌ ഓര്‍ഡര്‍ എത്രയും പെട്ടെന്ന്‌ പുറപ്പെടുവിക്കുകയാണ്‌ ഇതിനു പ്രാഥമികമായി ചെയ്യേണ്ടത്‌”

2020 ഓഗസ്റ്റ് 20 ന് ആണ് ഷെയ്ക്ക് മുക്തര്‍ അലിക്കു കൈപ്പത്തി നഷ്ടപ്പെട്ടത്. മുക്തര്‍ അലിക്ക് വര്‍ക്ക് മെന്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയ ജോര്‍ജ്ജ് മാത്യുവിനെ  സ്‌ക്രാപ്പ് ഗോഡൗണിന്റെ ഉടമ മൈതീന്‍ ഇബ്രാഹിംകുട്ടിയും മകന്‍ റമ്മീസും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഗോഡൗണില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ബോധരഹിതനായതോടെ ഒക്ടോബര്‍ 18ന് അദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്.  തൊഴില്‍ ചെയ്യുമ്പോഴുണ്ടായ അപകടത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ട മുക്തര്‍ അലിക്ക് വര്‍ക്ക് മെന്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം നഷ്ടപരിഹാരം ലഭിക്കുന്നതിനുവേണ്ടി ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനും ജോര്‍ജ്ജ് മാത്യുവിനെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

ജോര്‍ജ്ജ് മാത്യു ജില്ലാ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ക്ക് മുക്തര്‍ അലിക്ക് നിയമാനുസൃതമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ ഓഫീസര്‍ മുക്തര്‍ അലി ജോലി ചെയ്തിരുന്ന ഗോഡൗണ്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചെങ്കിലും അപകടത്തെ സംബന്ധിച്ച് മൊഴിനല്‍കാന്‍ സ്‌ക്രാപ്പ് ഗോഡൗണിന്റെ ഉടമ മൈതീന്‍ ഇബ്രാഹിംകുട്ടി തയ്യാറായില്ല. അപകടം സംഭവിക്കുമ്പോള്‍ മുക്തര്‍ അലിയുടെ കൂടെ ജോലിചെയ്തിരുന്ന തൊഴിലാളികളും ലേബര്‍ ഓഫീസറിന് മൊഴിയും വിലാസം തെളിയിക്കുന്ന രേഖകളും നല്‍കിയില്ല. തൊഴിലുടമായ മൈതീന്‍ ഇബ്രാഹിംകുട്ടി തൊഴിലാളികളെ ഭീഷണിപ്പെടുത്തി ലേബര്‍ ഓഫീസറിന് മൊഴിനല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ടൈബ്ര്യൂണലില്‍ മുക്തര്‍ അലിക്ക് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട കേസ് വരുമ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ നഷ്ടപരിഹാരം നല്‍കാതെ രക്ഷപെടുന്നതിന് വേണ്ടിയാണ് ഇത് ചെയ്തത്. അപകടത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ട മുക്തര്‍ അലിയെ കോട്ടയം മെഡിക്കല്‍ കോളേജിലാണ് അഡ്മിറ്റ് ചെയ്തത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി പെരുമ്പാവൂരില്‍ താമസിക്കുന്ന വാടക മുറിയില്‍ എത്തിയ മുക്തര്‍ അലിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ തൊഴിലുടമയായ മൈതീന്‍ ഇബ്രാഹിംകുട്ടി തയ്യാറായില്ല.

ജോര്‍ജ്ജ് മാത്യുവിനെ ഗോഡൗണില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതിന് ശേഷം മുക്തര്‍ അലിയെയും മറ്റ് രണ്ട് തൊഴിലാളികളെയും ഗോഡൗണിലേക്ക് കൂട്ടികൊണ്ട് വരികയും മുക്തര്‍ അലിയുടെ ഇടതുകൈയ്യുടെ തള്ള വിരല്‍ അടയാളങ്ങള്‍ ബ്ലാങ്ക് പേപ്പറുകളില്‍ ബലമായി പതിപ്പിച്ചതിന് ശേഷം രണ്ടര ലക്ഷം രൂപയുടെ ചെക്ക് ലീഫ് ഡിസംബറിലെ തീയതിയിട്ട് മുക്തര്‍ അലിക്ക് നല്‍കി. അഞ്ച് ലക്ഷത്തില്‍ അധികം രൂപ നിയമാനുസൃതമായി മുക്തര്‍ അലിക്ക് ലഭിക്കേണ്ടതാണ്. പ്രോഗ്രസീവ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യുവിനെ ഗോഡൗണില്‍ പൂട്ടിയിട്ടതിന് ശേഷം മുക്തര്‍ അലിയെ ബംഗാളിലെ ഗ്രാമത്തിലേയ്ക്ക് കയറ്റി വിടാനാണ് ഗോഡൗണ്‍ ഉടമയായ മൈതീന്‍ ഇബ്രാഹിംകുട്ടി പദ്ധതിയിട്ടിരുന്നത്. ജോര്‍ജ്ജ് മാത്യുവിനെ മര്‍ദ്ദിച്ച് ഗോഡൗണില്‍ പൂട്ടിയിട്ടിരിക്കുന്ന വിവരം തൊഴിലാളികള്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനത്തില്‍ ബോധരഹിതനായ ജോര്‍ജ്ജ് മാത്യുവിനെ താമസിക്കുന്ന മുറിയില്‍ ആക്കിയത്.

ഏറ്റവും ദയനീയമായ കാര്യം ഇവരെ ഇങ്ങോട്ടേക്ക് എത്തിക്കുന്ന പല ഏജന്‍സികളും കൃത്യമായി റജിസ്റ്റര്‍ ചെയ്തിരിക്കാറില്ല എന്നുള്ളതാണ്. അതു കൊണ്ടു തന്നെ ഇവരുടെ ക്ഷേമപ്രവര്‍ത്തനം പോയിട്ട് മരണം, അപകടം എന്നിവ പോലും നടക്കുമ്പോള്‍ ഉത്തരവാദിത്തമേല്‍ക്കാന്‍ ആരുമില്ലെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ മരണപ്പെടുന്നതും അപകടപ്പെടുന്നതും നാട്ടുകാര്‍ക്കിടയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടാറില്ല. ഏജന്‍സികളും അത് മറച്ചുവെക്കാനാണ് ഇഷ്ടപ്പെടുന്നത്. പല മരണങ്ങളും പൊതുസമൂഹത്തിന്‍റെ ശ്രദ്ധയില്‍ പെടാത്തതിനാല്‍ അതിന്‍റെ വ്യാപ്തി അറിയുന്നില്ലെന്ന് ജോര്‍ജ്ജ് മാത്യു ചൂണ്ടിക്കാട്ടുന്നു. ഓരോ മാസവും ശരാശരി മൂന്നു മൃതദേഹങ്ങളെങ്കിലും അതിര്‍ത്തി കടത്തി വിടേണ്ടിയിരുന്നു.

”ഇതേ വരെ എത്ര ഇതരസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്‌ എന്ന കണക്കുകള്‍ സര്‍ക്കാരിന്‌ അന്യമാണ്‌. സര്‍ക്കാര്‍ ഇത്തരമൊരു കണക്ക്‌ മുന്നില്‍ വെക്കട്ടെ. ഇതരസംസ്ഥാനത്തൊഴിലാളികളുടെ മരണം മുഖ്യമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്‌ ഉണ്ടാകുന്നത്‌. 1. തൊഴിലടത്തെ അപകടം 2. ആത്മഹത്യ. കഠിനാധ്വാനികളാണ്‌ എന്ന വസ്‌തുത ഇവരുടെ ഉത്‌പാദനക്ഷമത വര്‍ധിപ്പിക്കുന്നു. എന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ നയമോ അടിസ്ഥാന സൗകര്യ വികസനമോ ഇവര്‍ക്കിടയില്‍ നടപ്പാക്കാന്‍ അധികൃതര്‍ മുതിരുന്നില്ല. ഇവരുടെ ആരോഗ്യസ്ഥിതി പരിതാപകരമാണ്‌. പോഷകാഹാരക്കുറവ്‌, മെച്ചപ്പെട്ട ചികിത്സയുടെ അഭാവം, വ്യവസായ മലിനീകരണം എന്നിവയാണ്‌ ഇവരുടെ ആരോഗ്യത്തെ വഷളാക്കുന്ന പ്രധാന ഘടകങ്ങള്‍. സ്‌ട്രോക്ക്‌, മലേറിയ, മഞ്ഞപ്പിത്തം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളാണ്‌ ഇവരെ പൊതുവെ ബാധിക്കാറ്‌. ഇത്‌ നേരിടാന്‍ തക്ക സംവിധാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തി ഒരുക്കണം.”

പലപ്പോഴും അധികൃതര്‍ക്കു സംഭവിക്കുന്ന വീഴ്ചയുടെ തിക്ത ഫലം അനുഭവിക്കുന്നത് ഈ പാവങ്ങളാണെന്ന് ജോര്‍ജ്ജ് മാത്യു ചൂണ്ടിക്കാട്ടുന്നു ”ഇതരസംസ്ഥാനക്കാര്‍ക്ക്‌ സര്‍ക്കാര്‍ കൊടുക്കുന്ന ആവാസ്‌ കാര്‍ഡ്‌ പലര്‍ക്കും കിട്ടിയിട്ടില്ല. അത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്‌. അതിന്റെ സാങ്കേതികത പറഞ്ഞു പാവപ്പെട്ടവര്‍ക്കുള്ള സഹായം നിഷേധിക്കരുത്‌. ദേശീയ ആരോഗ്യ ദൗത്യസംഘത്തിന്റെ (എന്‍എച്ച്‌ആര്‍എം) അധികാരികളെപ്പോലുള്ളവര്‍ പലപ്പോഴും പല തെറ്റായ നടപടികളാണ്‌ സ്വീകരിക്കുന്നത്‌. കേള്‍ക്കുമ്പോള്‍ നല്ലതെന്നു തോന്നുമെങ്കിലും മനുഷ്യമുഖം കുറവായ തീരുമാനങ്ങളാണ്‌ അതില്‍ പലതും. കൊവിഡ്‌ വന്നപ്പോള്‍  നഗരത്തിലേക്കുള്ള തൊഴിലാളികളുടെ പ്രവേശനം നിരോധിക്കുകയാണു വേണ്ടതെന്ന്‌ അവര്‍ പറഞ്ഞു. രോഗവും മാലിന്യവും പരത്തുന്നുവെന്നു പറഞ്ഞ്‌ മുന്‍പ്‌ ചേരി നിര്‍മാര്‍ജനം നടത്തിയതു പോലുള്ള പരിപാടിയാണിത്‌. ചേരിനിവാസികളെയല്ല, അവരുടെ ജീവിതനിലവാരം ഉയര്‍ത്തിയാണ്‌ ചേരികളെ ഇല്ലാതാക്കേണ്ടത്‌. സാമൂഹികഅകലം പാലിക്കണമെന്ന്‌ പറയുമ്പോള്‍ അതെങ്ങനെ ഇവര്‍ താമസിക്കുന്ന കുടുസുമുറികളില്‍ സാധ്യമാകും എന്നു പറയണം. രാത്രികളില്‍ കലൂരും മറ്റു ജംക്‌ ഷനുകളിലും കിടന്ന് ഉറങ്ങുന്നവര്‍ പലരും യാചകരല്ല. അവര്‍ ഇതര സംസ്ഥാനത്തൊഴിലാളികളാണ്‌. ഇത്‌ തന്നെയാണ്‌ ഇന്ത്യയിലെ മഹാനഗരങ്ങളിലെല്ലാം സ്ഥിതി”

ഈ സാഹചര്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയ്ക്കും ചൂഷണരാഹിത്യത്തിനും വേണ്ടി ശക്തമായ നയപരിപാടികള്‍ ആവശ്യപ്പെട്ടു കൊണ്ട് സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെ സമീപിക്കാന്‍ തയാറാകുന്നത്. സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍  ‘ചങ്ങാതി ‘ എന്ന മലയാളം പഠന ക്ലാസ്, സൗജന്യ സഹായകേന്ദ്രമായ ‘ശ്രമിക് ബന്ധു’, ‘ആവാസ്’ സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതി, ‘അപ്നാ ഘര്‍’ എന്ന കുറഞ്ഞ വാടകയുള്ള അപ്പാര്‍ട്ട്മെന്‍റുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും  ഭീഷണിയില്ലാത്ത തൊഴില്‍ സാഹചര്യങ്ങള്‍ക്കു പകരമാകില്ലെന്ന് ഈ രംഗത്തെ പ്രവര്‍ത്തകര്‍ പറയുന്നു.

1979 ലെ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമമാണ് ദേശീയതലത്തില്‍ ഈ  രംഗത്ത് ഉണ്ടായിട്ടുള്ള ഏക നിയമനിര്‍മാണം. അതു തന്നെ ഒരിടത്തും കൃത്യമായി നടപ്പില്‍ വരുത്തിയിട്ടും ഇല്ല. അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം, അഞ്ചും അതിലധികവും ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കെടുക്കുന്ന ഏതു സ്ഥാപനത്തിനും ബാധകമാണ്. നിയമപ്രകാരം, ഈ സ്ഥാപനങ്ങളും,  ഇവരെ ജോലിക്കെടുക്കുന്ന ഇടനിലക്കാരായ കോണ്‍ട്രാക്ടര്‍മാരും, തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ലൈസന്‍സില്ലാത്ത ഇടനിലക്കാരെ നിയമം നിരോധിക്കുന്നു എന്ന് മാത്രമല്ല, നിയമലംഘനം തടയാന്‍ കൃത്യമായ പരിശോധന ഉണ്ടായിരിക്കണം എന്നും ആക്ട് എടുത്തു പറയുന്നുണ്ട്. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല.

ഒരു കുടിയേറ്റത്തൊഴിലാളി ആകുമ്പോള്‍ത്തന്നെ നിങ്ങളുടെ ആയുസ്സ് കുറയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. പോഷകാഹാരക്കുറവ്, ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത, വിശ്രമത്തിനും വിനോദത്തിനുമുള്ള അവസരങ്ങളുടെ കുറവ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയവ ശാരീരികാരോഗ്യത്തെ ക്ഷയിപ്പിക്കുമ്പോള്‍ തൊഴില്‍ അസ്ഥിരതയിലുള്ള ആധി, കുടുംബത്തില്‍ നിന്ന് അകന്നുള്ള ഒറ്റപ്പെട്ട ജീവിതം എന്നിവ മാനസികാരോഗ്യത്തെയും ബാധിക്കുന്നു.

ഇത് പരിഹരിച്ച് അസംഘടിതമേഖലയിലടക്കമുള്ള കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ തന്നെ ഇടപെടണം. അതിനുള്ള മുന്നൊരുക്കത്തില്‍ കുറ്റമറ്റ ഒരു ഡേറ്റാബാങ്ക് സര്‍ക്കാര്‍ തയാറാക്കണം. വൈകിയെങ്കിലും ഈ ദിശയിലുള്ള ചുവടുവയ്പ്പായി കേന്ദ്രസര്‍ക്കാരിന്‍റെ നവംബര്‍ 19ലെ തീരുമാനത്തെ കാണാം. കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലുള്ള തൊഴിലാളികളുടെ ദേശീയ തലത്തിലുള്ള ഡേറ്റാബേസ്‌ ഉണ്ടാക്കാനാണു തീരുമാനം. ഇതിനായി 650 കോടിയുടെ അഖിലേന്ത്യ രജിസ്ട്രേഷന്‍ പദ്ധതിയ്ക്ക്‌ സർക്കാർ അനുമതി നൽകി. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സി വി ആനന്ദബോസ് കമ്മീഷന്റ ശുപാർശ പ്രകാരമാണ് പുതിയ  തീരുമാനം.

സംസ്ഥാനത്തെ  അതിഥിത്തൊഴിലാളികളുടെ ദുരവസ്ഥ ഇന്ന്‌ ഒറ്റപ്പെട്ട നിരവധി സംഭവങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്‌. ഈ വിളിയില്‍ ഒരു അപകടം ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് കേരളത്തിലെ ഇടതു രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ആസാദാണ്. ”നവലിബറല്‍ മുതലാളിത്തം ഇത്തരം ആകര്‍ഷക പദങ്ങള്‍ വിതറിയാണ് ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്. ഗസ്റ്റ് അധ്യാപകര്‍ എന്നത് ഒരിക്കലും സ്ഥിരപ്പെടാത്തവരും സ്ഥിരാധ്യാപകര്‍ക്കു ലഭിക്കുന്ന വേതനമുള്‍പ്പെടെ ഒരവകാശവും ലഭിക്കാത്തവരുമാണ്. രണ്ടാംതരം ജോലിക്കാര്‍ എന്ന വേര്‍തിരിവിന്‍റെ മോഹനപദമാണത്”  എന്ന് അദ്ദേഹത്തിന്‍റെ നിരീക്ഷണത്തിന് ഇവരോടുള്ള അധികൃതരുടെ നിലപാടിന്‍റെ പരിപ്രേഷ്യത്തില്‍  പ്രസക്തിയുണ്ടെന്നു കാണാം.

ഒറ്റപ്പെട്ട് സംഭവങ്ങളെ ചൂണ്ടിക്കാട്ടി ഇതരസംസ്ഥാനത്തൊഴിലാളികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന പ്രചാരണം വിവിധ കോണുകളില്‍ നിന്ന് പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. പെരുമ്പാവൂരിലെ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകവും കൊവിഡിനിടെ കോട്ടയം പായിപ്പാട്ടില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് തടിച്ചു കൂടിയതും പോലുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരം വിദ്വേഷ പ്രചാരണം ശക്തിയാര്‍ജ്ജിക്കുന്നത്. എന്നാല്‍ ഇത്തരമൊരു വിധിയെഴുത്ത് അംഗീകരിക്കാനാകില്ല. ലോകമെമ്പാടും മലയാളികളുണ്ട്. അവരില്‍ ചിലര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്നത് സഹൃദയത്വവും മാന്യതയും മുഖമുദ്രയാക്കിയ മലയാളിസമൂഹത്തെ അവമതിക്കാനുള്ള ഉപകരണമാക്കുന്നതിനു തുല്യമാണ് ഇത്തരം പ്രചാരണങ്ങള്‍. മഹാരാഷ്ട്രയിലെ  മണ്ണിന്‍ മക്കള്‍ വാദം പോലെ മലയാളി ഇരയായ വിതണ്ഡവാദങ്ങളോട് സമരസപ്പെടുന്ന ഒരു നിലപാടും നാം അംഗീകരിക്കാറുമില്ലല്ലോ. എന്നാല്‍ പ്രചാരണങ്ങളില്‍ പലപ്പോഴും പലരും ഇത് മറന്നു പോകാറുണ്ടെന്നതാണ് വാസ്തവം.

ഇതരസംസ്ഥാനത്തൊഴിലാളികളോടുള്ള മനോഭാവത്തില്‍ പൊതുസമൂഹത്തിന് വലിയ മാറ്റം വന്നാലേ ഇവരുടെ ജീവിതാവസ്ഥയിലും പുരോഗതി ഉണ്ടാകൂ. സാമൂഹികജീവിയായ മനുഷ്യന് ഒട്ടും പറ്റാത്ത കാര്യമാണ് അന്യവല്‍ക്കരണം.തടവറകള്‍ക്കു സമാനമാണ് ലേബര്‍ക്യാംപുകള്‍ പോലുള്ള ഉഷ്ണം വമിക്കുന്ന വാടകവീടുകള്‍, ഒപ്പം അറപ്പും  അവഗണനയും കൂടിയാകുന്നതോടെ ഏതു മനുഷ്യനും മാനസികനില തകരാറിലാകും. ചൂഷണം മുതല്‍ ഇസ്‌ലാമോഫോബിയ പോലുള്ള സംശയദൃഷ്ടിയും വരെ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ അവര്‍ നാട്ടുകാരില്‍ നിന്ന് അനുഭവിക്കുന്നു. ജീവിത നിലവാരത്തിനൊപ്പം ഇത്തരം മനോഭാവത്തിനു കൂടി മാറ്റം വന്നാലേ അതിഥിത്തൊഴിലാളി എന്ന മാധ്യമവിശേഷണങ്ങള്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടാകുകയുള്ളൂ.