കൊച്ചി:
താരപരിവേഷമില്ലാതെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഷിബു തിലകൻ. അഭിനയ കുലപതി തിലകന്റെ മകനായ ഷിബു തിലകൻ മുനിസിപ്പാലിറ്റിയിലെ 25-ാം വാർഡായ ചക്കുപറമ്പിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിയ സ്ഥാനാർഥി വീടു സന്ദർശനങ്ങളിലൂടെ വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്.
40 വർഷത്തിലധികമായി തിരുവാങ്കുളം കേശവൻപടിയിൽ സ്ഥിരതാമസക്കാരനായ ഷിബു 2010 മുതൽ ബിജെപിയുടെ സജീവ പ്രവർത്തകനും ഇപ്പോൾ ബിജെപിയുടെ തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ്.
അച്ഛന്റെ സിനിമാ, നാടക ജീവിതവുമായി ഇഴചേർന്നു കലാരംഗത്ത് എത്തിച്ചേർന്ന ഷിബു തിലകൻ 2009 മുതലാണ് സിനിമാ സീരിയൽ രംഗത്ത് സജീവമായത്. യക്ഷിയും ഞാനും, ഗുണ്ട, സ്കൂൾ ബസ് തുടങ്ങി പന്ത്രണ്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം അഭിനയിച്ചത് ചാലക്കുടിക്കാരൻ ചങ്ങാതിയിലാണ്. ഇതിൽ ചെയ്ത വേഷം അച്ഛൻ തിലകന്റെ യഥാർഥ ജീവിതമായിരുന്നു.
തപസ്യ കലാസാഹിത്യവേദിയുടെ സജീവ പ്രവർത്തകൻ കൂടിയായ ഷിബുവിന് പ്രചാരണ രംഗത്ത് തന്റെ കലാപ്രവർത്തനങ്ങൾ തുണയാകുന്നുണ്ട്. വാർഡിലെ പുതിയ താമസക്കാരുടെയടുത്ത് മുഖവുര കൂടാതെ വോട്ട് ചോദിക്കാൻ ഇതു മൂലം കഴിയുന്നു.
നാടകനടിയായിരുന്ന അമ്മ സരോജവും ഭാര്യ ലേഖയും സ്ഥാനാർഥിക്ക് പിന്തുണയുമായി കൂടെയുണ്ട്. യുഡിഎഫിനെ പലപ്പോഴും തുണച്ചിട്ടുള്ള ചക്കുപറമ്പ് വാർഡ് ഷിബു തിലകനിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ.