തിരുവനന്തപുരം:
സംസ്ഥാനത്തെ പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണമെന്ന് സർക്കാർ ഉത്തരവ്. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകളെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 15-ന് പത്താംതരം ക്ലാസ്സുകളുടെയും ജനുവരി 30-ന് പ്ലസ്ടു ക്ലാസ്സുകളുടെയും ഡിജിറ്റൽ ക്ലാസ്സുകൾ പൂർത്തീകരിക്കുവാൻ ക്രമീകരണം ഉണ്ടാക്കുമെന്നും സർക്കുലറിൽ പറയുന്നു. പൊതുവിദ്യാഭ്യാസെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരുമായി മന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കുട്ടികൾക്ക് സ്കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ, പ്രാക്ടിക്കൽ ക്ലാസ്സുകളും ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസ്സുകളും നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.