Sat. Apr 20th, 2024
കൊച്ചി:

എം ശിവശങ്കറിനെ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ ഹർജിയിലാണ് വിധി ഉണ്ടായിരിക്കുന്നത്. 10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. 

എറണാകുളം സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിച്ചത്. കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിന് വ്യക്തമായ കാരണം കാണിക്കാതിരുന്ന കസ്റ്റംസിനെ കോടതി രൂക്ഷമായി വിമർശിച്ചു. നാല് മാസമായിട്ടും ശിവശങ്കറിനെതിരെ കൃത്യമായ തെളിവുകൾ നിരത്താൻ കസ്റ്റംസിന് സാധിച്ചില്ല എന്ന ശിവശങ്കറിന്റെ അഭിഭാഷകന്റെ വാദം കോടതി ഗൗരവതരമായി കണ്ടു. 

ഇത്രയും നാൾ ചോദ്യം ചെയ്തിട്ടും പതിനൊന്നാം മണിക്കൂർ അറസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ച ഘടകമെന്താണെന്നും, ശിവശങ്കറിന്റെ ഔദ്യോഗിക പദവികൾ പരാമർശിക്കാതെ കുറ്റപത്രത്തിൽ മാധവൻ നായരുടെ മകൻ എന്ന് മാത്രം നൽകിയത് എന്താണെന്നും കോടതി കസ്റ്റംസിനോട് ആരാഞ്ഞു.

കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ എന്നും കോടതി ചോദിച്ചു.  

സ്വർണ്ണം അടങ്ങിയ കോൺസുലേറ്റ് ബാഗേജ്ജ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടുവെന്ന് സ്വപ്ന മൊഴി നൽകിയെന്നും, ഇ ഡി മിറർ ഇമേജസ് എടുത്ത ശിവശങ്കറിന്റെ ഫോണിലെ തെളിവ് ഉണ്ടെന്നും ആയതിനാൽ ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതയിൽ പറഞ്ഞു.

എന്നാൽ, സ്വപ്ന ഇപ്പോൾ ഇത്തരത്തിൽ മൊഴി നൽകി എന്നുപറയുന്നത് നിഗൂഢമാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു.

ഇ ഡി മിറർ ഇമേജ് എടുത്തുവെന്ന് പറയുന്ന ഫോൺ ആദ്യം കൈവശമുണ്ടായിരിന്നിട്ടും, പരിശോധനയ്ക്ക് അയച്ച് റിസൾട്ട് വാങ്ങിയിട്ടും എന്തുകൊണ്ടാണ് അപ്പോൾ നടപടി എടുക്കാഞ്ഞതെന്ന് കോടതി കസ്റ്റംസിനോട് ആരാഞ്ഞു.

 

https://www.youtube.com/watch?v=04-CiZbzqeU

 

 

 

 

By Arya MR