ചെന്നെെ:
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരം തൊടും. നിവാര്‍ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടിവരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറും. കാരയ്ക്കലിലിലും മഹാബലിപുരത്തിനുമിടയില്‍ തീരം തൊടുമ്പോള്‍ കാറ്റിന്‍റെ വേഗത 145 കിലേമീറ്റര്‍ വരെ ആയേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഇന്നലെ രാവിലെ ചുഴലിയായി മാറിയ നിവാർ രാത്രി ചെന്നൈയിൽ നിന്നു 400 കിലോ മീറ്ററും പുതുച്ചേരിയിൽ നിന്നു 380 കിലോ മീറ്ററും അകലെയാണ്.
തമിഴ്നാട്,പുതുച്ചേരി,ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രത തുടരുന്നു. ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാല നടപടികളുമായാണ് തമിഴ്നാടും പുതുച്ചേരിയും മുന്നോട്ട് പോകുന്നത്.ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.
ചെന്നൈയെ നിവാർ ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലയെന്നായിരുന്നു ഇന്നലത്തെ പ്രവചനം. എന്നാല്‍, 100 കിലോമീറ്റര്‍ വേഗതയില്‍ ചെന്നെെയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=24dKGNky6BY
ചെന്നെെയില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെന്നെെയില്‍ നിന്നുള്ള 12 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.നിവാർ ചുഴലിക്കാറ്റ് ഇന്നു കരയിൽ തൊടാനിരിക്കെ 2015ലെ വെള്ളൊപ്പക്കത്തിന്റെ ഭീതിയിൽ ആണ് ചെന്നൈ നഗരം.
തമിഴ്നാട്ടില്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും എന്‍ഡിആര്‍ഫിന്‍റെയും സേനാംഗങ്ങളെ അധികമായി വിന്യസിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങൾ ജനം കർശനമായി പാലിക്കണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
അതേസമയം, കാരയ്ക്കലില്‍ കാണാതായ മത്സ്യ ബന്ധന ബോട്ടുകള്‍ക്കായി തിരച്ചില്‍ തുടരുന്നു. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അധികൃതര്‍. ഒൻപത് ബോട്ടുകൾ ആണ് ഇതുവരെ കണ്ടെത്താനാവാത്തത്. ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികളാണ് കടലിലേക്ക് പോയതെന്നാണ് വിവരം.
തമിഴ്നാട്ടിൽ ഇന്നു സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ ഇന്നലെ രാത്രി 9 മുതൽ നാളെ രാവിലെ 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.