
ചെന്നെെ:
നിവാർ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തീരത്തേക്ക് അടുക്കുന്നു. നിലവിൽ നിവാർ തമിഴ്നാടിന്‍റെ തെക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്. ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയിൽ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ നിവാർ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റുവീശുമെന്നാണ് കരുതുന്നത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നലെ മുതൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ചെന്നൈയിലും കാഞ്ചീപുരത്തും കനത്തമഴ തുടരുകയാണ്. ചെന്നൈ നഗരത്തിന്‍റെ തീരമേഖല അതീവജാഗ്രയിലാണ്. മഴക്കെടുതിയില്‍ കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞ് വീണ് തിരുവെള്ളൂര്‍ സ്വദേശി രാജ മരണപ്പെട്ടു.
30,000 ത്തിലധികം പേരെ തമിഴ്‌നാട്ടിൽ നിന്നും 7,000 പേരെ പുതുച്ചേരിയിൽ നിന്നും ഇതുവരെ മാറ്റി പാര്‍പ്പിച്ചു. കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകൾ യോജിച്ചാണ് നിവാര്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള പ്രവര്‍ത്തനം നടത്തുന്നത്. നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നതായി ദേശീയ ദുരന്ത നിവാരണ ഉദ്യോഗസ്ഥന് എസ് എന്‍ പ്രധാൻ അറിയിച്ചു.
ചെമ്പരപ്പാക്കം തടാകം തുറന്നു
കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞതിനാൽ ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരപ്പാക്കം തടാകം തുറന്നു. 22 അടിയിൽ കൂടുതല്‍ ജലനിരപ്പ് ഉയർന്നതോടെയാണ് തടാകം തുറന്നത്. തടാകത്തിന്‍റെ ആകെ സംഭരണശേഷി 24 അടിയാണ്. ഒരു സെക്കന്റിൽ ആയിരം ഘന അടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. ചെമ്പരപ്പാക്കത്ത് മഴ കൂടുതൽ പെയ്യുകയും വെള്ളം ഉയരുകയും ചെയ്താൽ കൂടുതൽ വെള്ളം തുറന്നുവിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ചുവർഷത്തിന് ശേഷമാണ് ഈ തടകാം തുറന്നുവിടുന്നത്. 2015-ലെ പ്രളയസമയത്താണ് ഇതിന് മുമ്പ് ചെമ്പരപ്പാക്കം തുറന്നിട്ടുളളത്.