എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസ് എന്ന നേട്ടം സ്വന്തമാക്കി ‘ഡൽഹി ക്രൈം’. നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഇന്തോ-കനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്തയാണ്. നെറ്റ്ഫ്ലിക്സ് വഴി 2019 മാർച്ച് 22 മുതൽ ഏഴ് എപ്പിസോഡുകളായാണ് വെബ് സീരീസ് പുറത്തിറക്കിയിരിക്കുന്നത്.
നിർഭയ കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥയുടെ ഗതി മുന്നോട്ട് പോകുന്നത്. രാജ്യത്തെ ബലാത്സംഗവും തുടർന്ന് പ്രതികളെ കണ്ടെത്താനായി പൊലീസ് നടത്തുന്ന അന്വേഷണ രീതിയും സീരീസിൽ ചർച്ചയായിട്ടുണ്ട്. പ്രധാന കഥാപാത്രമായ ഐപിഎസ് ഉദ്യോഗസ്ഥ വര്‍ത്തിക ചതുര്‍വേദിയായി അഭിനയിച്ചിരിക്കുന്നത് ഷെഫാലി ഷാ ആണ്. ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജീവിതത്തിൽ ഒരിക്കലും തളർന്നുപോകാതെ പോരാടിയ നിര്‍ഭയക്കും അമ്മയ്ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി റിച്ചി മെഹ്ത പറഞ്ഞു. ഈ ലോകം നിങ്ങളോട് ചെയ്തതെന്താണെന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. നമ്മള്‍ ആരും അത് ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതായിരുന്നു അവാർഡ് സ്വീകരിച്ചുകൊണ്ട് റിച്ചി മെഹ്ത പറഞ്ഞ വാക്കുകൾ.