ചെന്നൈ:
നിവാര്‍ ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലടക്കം കനത്ത മഴ. കല്‍പാക്കം ന്യൂക്ലിയര്‍ റിയാക്ടര്‍ ടൗണ്‍ ഷിപ്പില്‍ നിവാര്‍ ചുഴലിക്കാറ്റ് കടന്നുപോകും വരെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
11 ട്രയിനുകള്‍ റദ്ദാക്കി. തീരദേശത്ത് ബസ് സര്‍വീസ് നിര്‍ത്തും. നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കര തൊടുമെന്ന് ഉറപ്പായതോടെ യുദ്ധകാല അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് തമിഴ്‌നാട് നടത്തുന്നത്. കടലില്‍പോയ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി.
വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ താല്‍കാലിക ഷെല്‍ട്ടറുകള്‍ തുറന്നു. അതേസമയം നിവാര്‍ കേരളത്തെ ബാധിക്കില്ലെന്നാണു വിലയിരുത്തല്‍. ശ്രീലങ്കയ്ക്കു വടക്കു കിഴക്കായി ഞായറാഴ്ച വൈകീട്ടു രൂപപെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദമായി വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയാണ്.
നിലവില്‍ ചെന്നൈയില്‍ നിന്ന് 630 കിലോമീറ്റര്‍ അകലെയാണുള്ളത്. നാളെ ഉച്ചയോടെ കല്‍പാക്കത്തിനും കേളമ്പാക്കത്തിനും ഇടയില്‍ കര തൊടുമെന്നാണു പ്രവചനം. ഇന്നു വൈകീട്ടത്തോടെ ചെന്നൈ ഉള്‍പെടെയുള്ള വടക്കന്‍ തമിഴ്‌നാട്ടിൽ വ്യാപക മഴപെയ്തു തുടങ്ങും.
നിവാറിന്റെ വരവറിയിച്ചു ജാഫ്ന ഉള്‍പെടുന്ന വടക്കന്‍ ശ്രീലങ്കയില്‍ ഇന്നലെ മുതല്‍ മഴ തുടങ്ങി. ആര്‍ക്കോണത്തു നിന്നുള്ള ദുരന്ത നിവാരണ സേനയെ കടലൂര്‍ ,ചിദംബരം തുടങ്ങിയ ജില്ലകളില്‍ വിന്യസിച്ചു.
കാരയ്ക്കല്‍ നാഗപട്ടണം,പെരമ്പൂര്‍ പുതുകോട്ടെ തഞ്ചാവൂര്‍ ,തിരുച്ചിറപ്പള്ളി, തിരുവാവൂര്‍ അരിയല്ലൂര്‍ തുടങ്ങിയ ഡെല്‍റ്റ ജില്ലകളില്‍ കടുത്ത ജാഗ്രത നിര്‍ദേശം പുറപ്പെടീപ്പിച്ചു. കോളജുകള്‍, സ്കൂളുകള്‍ തുടങ്ങി അടഞ്ഞു കിടക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ താക്കോലുകള്‍ റവന്യു അധികാരികളെ ഏല്‍പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ചെന്നൈ ഉള്‍പെടെയുള്ള കടലോര ജില്ലകളില്‍ തീവ്രമഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം നിവാര്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴയുണ്ടാകാം. തമിഴ്‍നാടിന് എല്ലാവിധ സഹായങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അപകടമേഖലയിൽ താമസിക്കുന്നവർക്ക് തന്റെ പ്രാർത്ഥന ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.