അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഒട്ടും പുറകിലല്ലെന്ന് നമുക്കറിയാം. കഴിഞ്ഞ ദിവസമാണ് ഉത്തർ പ്രദേശിലെ കാൺപൂരിൽ കുട്ടികൾ ഉണ്ടാകാൻ വേണ്ടി ദമ്പതികൾ ഒരു മാന്ത്രികന്റെ നിർദ്ദേശപ്രകാരം ഏഴ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കരൾ ഭക്ഷിക്കാനായി കൊലപ്പെടുത്തിയത്.
ഇപ്പോഴിതാ ഛത്തീസ്ഗഡിലെ ധാമാത്രി ജില്ലയിൽ നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിലത്ത് കമിഴ്ന്ന് കിടക്കുന്ന സ്ത്രീകളുടെ ദേഹത്ത് ചവിട്ടി നടക്കുന്ന പൂജാരിമാരുടെ ദൃശ്യങ്ങളാണ് അത്.
വിവാഹിതരായ 200ഓളം സ്ത്രീകളുടെ ശരീരത്തിന് മുകളിലൂടെയാണ് പൂജാരിമാരുടെ സംഘം നടക്കുന്നത്. പൂജാരിമാര്‍ ശരീരത്തിലൂടെ നടക്കുന്നത് മൂലം അനുഗ്രഹമുണ്ടാവുമെന്നും ഗര്‍ഭിണിയാകുമെന്നുമുള്ള വിശ്വാസത്തിന്റെ പേരിലാണ് ഈ ചടങ്ങ്.
ഇതാദ്യമായല്ല ധാമാത്രി ജില്ലയിൽ ഈ ആചാരം നടക്കുന്നത്. എല്ലാ വർഷവും ദീപാവലിക്ക് പിന്നാലെ നടക്കുന്ന മാഥായ് മേളയിലാണ് ഈ ആചാരമുള്ളത്. ഏകദേശം അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ മേളയെന്നാണ് റിപ്പോര്‍ട്ട്.
ഈ ആചാരങ്ങളില്‍ ഭാഗമാകുന്നതില്‍ ഭൂരിഭാഗം പേരും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. കൊവിഡ് പ്രൊട്ടോക്കോള്‍ പോലും പാലിക്കാതെ നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.