തൃപ്പൂണിത്തുറ:
മെട്രോ നിർമ്മാണം ശരവേഗത്തിൽ. പേട്ടയിൽനിന്നു തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള മെട്രോ നിർമ്മാണം അതിവേഗതയിൽ പുരോഗമിക്കുകയാണ്. പേട്ടയിൽ നിന്നും എസ് എൻ ജംഗ്ഷനിലെ മെട്രോ സ്റ്റേഷൻ വരെയുള്ള രണ്ട് കിലോമീറ്റർ പാതയുടെ നിർമ്മാണം പകുതിയിലേറെ പൂർത്തിയായിക്കഴിഞ്ഞു.
ഡിഎംആർസിയിൽ നിന്നു കെഎംആർഎൽ ഏറ്റെടുത്ത ഈ ഭാഗത്തെ ജോലികൾ ചെയ്യുന്നത് മുംബൈ ആസ്ഥാനമായ കെഇസി ഇന്റർനാഷണലും ചൈന സിവിൽ എൻജിനീയറിംഗ് കൺസ്ട്രക്ഷൻ കോർപറേഷനും ചേർന്നാണ്. ഈ നിർമാണ വേഗതയെയും കവച്ചു വച്ചുകൊണ്ടാണ് കൊച്ചി മെട്രോയുടെ അവസാന ലാപ്പ് ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുകയാണ്.
എസ്എൻ ജംഗ്ഷനിലെ സ്റ്റേഷന്റെ നിർമാണവും നല്ല വേഗതയിലാണ് പുരോഗമിക്കുന്നത്. എസ്എൻ ജംഗ്ഷനിലെ മെട്രോ സ്റ്റേഷനിൽ നിന്നു തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലേക്കുള്ള 1.2 കിലോമീറ്റർ ദൂരമാണ് മെട്രോ സർവീസിന്റെ അവസാന ഭാഗം. 356 കോടി രൂപയാണ് ഈ ഭാഗത്തെ നിർമാണ ചെലവ്. മിൽമ ഡയറിക്കു മുന്നിലുള്ള നിർമാണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെയുള്ള പില്ലറുകളുടെ നിർമാണവും പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
മിൽമ ഗേറ്റിനു ശേഷമുള്ള പില്ലറിൽ നിന്നും റെയിൽവേ മേൽപ്പാലത്തിന് മുകളിലൂടെ വളഞ്ഞാണ് റെയിൽവേ സ്റ്റേഷനടുത്തുള്ള ടെർമിനലിലേക്ക് മെട്രോ എത്തുന്നത്. റെയിൽവേ സ്റ്റേഷനടുത്തുള്ള ഭാഗങ്ങളിലെ സ്ഥലമെടുപ്പുകൂടി കഴിഞ്ഞാൽ താമസിയാതെ തന്നെ കേരളത്തിലെ ആദ്യ മെട്രോയുടെ കുതിപ്പ് പെരിയാറിന്റെ കരയിൽ നിന്ന് പൂർണാനദിയുടെ നാട്ടിലേക്ക് എത്തിച്ചേരും.
മെട്രോ നഗരത്തിന് തിലകക്കുറി ചാർത്താൻ കൊച്ചി മെട്രോ റയിലിന്റെ നിർമാണം തുടങ്ങിയത് 2013 ലാണ്. പദ്ധതിയുടെ ചെലവ് കണക്കാക്കിയത് 5182 കോടി രൂപ. മൂന്ന് റീച്ചുകളായി ആലുവ മുതൽ പേട്ട വരെ 25 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ ചെലവ് 6008 കോടി രൂപ. സർവീസ് തുടങ്ങിയതിനുശേഷം കഴിഞ്ഞ രണ്ടു വർഷവും യഥാക്രമം 4.13 കോടിയും, 19.18 കോടിയും പ്രവർത്തന ലാഭമുണ്ടാക്കാൻ മെട്രോയ്ക്ക് കഴിഞ്ഞു.