Wed. Nov 6th, 2024
Kerala Police Amendment ACT Changed by Government

തിരുവനന്തപുരം:

വിവാദ പൊലീസ് ആക്ട് തിരുത്താന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കനക്കുന്നു. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന വിമര്‍ശനം പല കോണില്‍ നിന്നും ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നത്. അപമാനമെന്ന് തേന്നിയാല്‍ സ്വമേധയ കേസെടുക്കാവുന്ന 118 (എ) വകുപ്പാണ് വിവാദത്തിലായിരിക്കുന്നത്.

അതുകൊണ്ട് തന്നെ പൊലീസ് നിയമഭേദദതിയിലെ വിവാദ ഭാഗത്ത് തിരുത്തല്‍ വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന തരത്തില്‍ നിയമം കൃത്യമാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങി.

എന്നാല്‍, തിരുത്തലിനെ കുറിച്ച് നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. എളുപ്പത്തില്‍ ഭേദഗതി വരുത്താന്‍ കഴിയില്ല. വീണ്ടും മന്ത്രിസഭ ചേര്‍ന്ന് മാത്രമെ നയപരമായ തീരുമാനം സര്‍ക്കാര്‍ കെെക്കൊള്ളുകയുള്ളു.

അതേസമയം, പൊലീസ് ആക്ട് ഭേദഗതി മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ചൂണ്ടികാട്ടി കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. പൊലീസ് നിയമഭേദഗതിക്കെതിരെ ബിജെപിയും ഹെെക്കോടതിയെ സമീപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് തന്നെ ഹെെക്കോടതിയില്‍ ഹര്‍ജി നല്‍കും.

https://www.youtube.com/watch?v=F8OePtbs_uM

പൊലീസ് നിയമഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിനോ എതിരാകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യക്തിഗത ചാനലുകളുടെ ദുരുപയോഗത്തെയും സൈബര്‍ ആക്രമണങ്ങളെയും നിയന്ത്രിക്കാനാണ് നിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം വ്യക്തി സ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കാനും ചുമതലയുണ്ട്. മാധ്യമസ്വാതന്ത്ര്യം ഹനിക്കില്ലെന്നും മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്.  കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം ഇക്കാര്യത്തില്‍ വ്യക്ത വരുമെന്ന് സിപിഎം കേന്ദ്രനേതൃത്വം അറിയിച്ചു.നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam